Sunday, December 22, 2024

HomeAmerica'പെണ്‍സുന്നത്തി'ന് സോമാലിയയില്‍ വിലക്ക്; അമേരിക്കയിലും നടന്നിട്ടുണ്ട്‌

‘പെണ്‍സുന്നത്തി’ന് സോമാലിയയില്‍ വിലക്ക്; അമേരിക്കയിലും നടന്നിട്ടുണ്ട്‌

spot_img
spot_img

ഗാരോവ്: സ്ത്രീകളിലെ ചേലാ കര്‍മ്മത്തിന് വിലക്കേര്‍പ്പെടുത്താന്‍ സോമാലിയന്‍ പ്രവിശ്യയായ പന്ത് ലാന്‍ഡ്. പുരാതനവും നികൃഷ്ടവുമായ ഈ ആചാരത്തെ കുറ്റകരമാക്കുന്ന ബില്‍ പാര്‍ലമെന്റിന് സമര്‍പ്പിക്കാന്‍ പന്ത്‌ലാന്‍ഡ് പ്രസിഡന്റ് സെയ്ദ് അബ്ദുല്ലഹി ഡെനിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും അംഗീകാരം നല്‍കി.

സ്ത്രീ ജനനേന്ദ്രിയം മുറിക്കല്‍, സ്ത്രീ പരിച്ഛേദനം ആണ് ചേലാ കര്‍മം. ‘സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയം ഭാഗികമായോ പൂര്‍ണ്ണമായോ നീക്കംചെയ്യലോ സ്ത്രീയുടെ ജനനേന്ദ്രിയ അവയവങ്ങള്‍ക്ക് വരുന്ന മറ്റെന്തെങ്കിലും മുറിവോ ഉള്‍പ്പെടുന്ന എല്ലാ നടപടിക്രമങ്ങളും’ എന്നാണ് ലോകാരോഗ്യ സംഘടന ചേലാകര്‍മത്തെ നിര്‍വചിക്കുന്നത്.

സഹാറനിലും വടക്കുകിഴക്ക് ആഫ്രിക്കയിലും ഉള്ള 27 രാജ്യങ്ങളിലെ ഗോത്ര സമൂഹങ്ങളും ഏഷ്യയിലെ ചില വിഭാഗങ്ങളും മറ്റിടങ്ങളിലുള്ള കുടിയേറ്റ സമൂഹങ്ങളും ഒരു സാംസ്‌കാരിക ചടങ്ങായി ഇത് പിന്തുടര്‍ന്നുവരുന്നു. ഛേദനം നടത്തപ്പെടുന്ന പ്രായം പലയിടത്തും പലതാണ്. എന്നിരുന്നാലും, ജനനം മുതല്‍ പ്രായപൂര്‍ത്തിയാകുന്നത് വരെയുള്ള സമയത്താണിത് നടക്കുന്നത്. ദേശീയ കണക്ക് ലഭ്യമായ പകുതി രാജ്യങ്ങളില്‍, അഞ്ച് വയസ്സ് പ്രായമാകുന്നതിന് മുമ്പുതന്നെ ഛേദനം നടത്തപ്പെടുന്നു.

അതേസമയം സ്ത്രീകളിലെ ചേലാ കര്‍മ്മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്ത് ലാന്‍ഡില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ സംഘടനകള്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ടായിരുന്നു.

”പെണ്‍കുട്ടികളില്‍ ചേലാകര്‍മ്മനം നടത്തുന്നത് നിരോധിക്കും. പന്ത്‌ലാന്‍ഡിലെ പെണ്‍കുട്ടികളെ ഇനി ചേലാ കര്‍മ്മത്തിനിരയാക്കിയാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും…” പന്ത്‌ലാന്‍ഡ് നീതിന്യായ മന്ത്രി ആവില്‍ ഷെയ്ഖ് ഹമുദ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ചേലാ കര്‍മ്മം നടത്തുന്ന ആശുപത്രികള്‍, സൂതികര്‍മ്മിണികള്‍, പരമ്പരാഗതമായി ചേലാ കര്‍മ്മം നടത്തുന്നവര്‍ എന്നിവര്‍ക്കായി കര്‍ശന ശിക്ഷാനടപടികളാണ് ബില്ലില്‍ ഉള്‍പ്പെടുത്തുന്നതെന്ന് നീതിന്യായ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇത് വോട്ടെടുപ്പിനായി പാര്‍ലമെന്റിന് മുന്നില്‍ ഹാജരാക്കാനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സോമാലിയയില്‍ 98 ശതമാനം സ്ത്രീകളെയും ചേലാ കര്‍മ്മത്തിനിരയാക്കാറുണ്ട് . സുഡാന്‍, എതോപ്യ, ഈജിപ്ത്, മാലി തുടങ്ങിയ രാജ്യങ്ങളിലും ചേലാ കര്‍മ്മം നിലനില്‍ക്കുന്നുണ്ട്. 13 കോടിയിലധികം സ്ത്രീകള്‍ ചേലാകര്‍മ്മത്തിനു വിധേയയായിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആഫ്രിക്കയില്‍ നിലവില്‍ ചേലാകര്‍മ്മത്തെ നിരോധിക്കുന്ന നിയമങ്ങളില്ല. പന്ത്‌ലാന്‍ഡും സോമാലിലാന്‍ഡും മുന്‍കാലങ്ങളില്‍ ഈ സമ്പ്രദായത്തിനെതിരെ ഫത്‌വകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ പാര്‍ലമെന്റ് നിയമനിര്‍മ്മാണത്തിനു മുതിരുന്നത് ഇതാദ്യമാണ്.

വിട്ടുമാറാത്ത അണുബാധകള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത, രക്തസ്രാവം, വൃക്ക തകരാറിലാകല്‍, പ്രസവത്തിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ പ്രത്യാഘാതങ്ങളാണ് സ്ത്രീ ശരീരത്തില്‍ ചേലാകര്‍മ്മം മൂലമുണ്ടാകുന്നത്.

ഇന്ത്യ വിദേശികളുടെയും പ്രവാസികളുടെയും
ചേലാകര്‍മ്മത്തിന്റെ കേന്ദ്രമെന്ന് സര്‍വേ

ദാവൂദി ബോറ സമുദായത്തിലെ 75 ശതമാനം സ്ത്രീകളും ചേലാകര്‍മ്മത്തിന് ഇരയായതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വ്വേയുടെ ഭാഗമായി അഭിമുഖം നേരിട്ട 94 സ്ത്രീകളില്‍ 75 ശതമാനവും ചേലാകര്‍മ്മത്തിന് ഇരയായെന്നാണ് പ്രതികരിച്ചത്. ‘ദ ക്ലിറ്റോറല്‍ ഹുഡ് എ കണ്‍ടെസ്റ്റഡ് സൈറ്റ്’ എന്ന തലക്കെട്ടിലുള്ള പഠന റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പെണ്‍ ചേലാകര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ബോറ സ്ത്രീകളുടെ സംഘടനയായ വീ സ്പീക്ക് ഔട്ടും സ്വതന്ത്ര ഗവേഷകരായ നാതാഷ മേനോന്‍, ഷബാന ദിലെര്‍, ലക്ഷ്മി അനന്തനാരായണന്‍ എന്നിവരുമാണ് സര്‍വേ നടത്തിയത്.

കുട്ടിക്കാലത്താണ് ചേലാകര്‍മ്മത്തിന് ഇരയായതെന്നാണ് ചേലാകര്‍മ്മത്തിന് ഇരയായ 97 ശതമാനം പേരും പ്രതികരിച്ചത്. ചേലാകര്‍മ്മം ലൈംഗിക ജീവിതത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് 33 ശതമാനം സ്ത്രീകളും പ്രതികരിച്ചത്. ഇതുകാരണം മൂത്രനാളിയില്‍ തുടര്‍ച്ചയായി അണുബാധയുണ്ടാവരാണ് 10 ശതമാനം സ്ത്രീകള്‍. വലിയതോതില്‍ ബ്ലീഡിങ് ഉണ്ടാവുന്നതായി ഒരുവിഭാഗം സ്ത്രീകള്‍ പറഞ്ഞു.

ചേലാകര്‍മ്മം തടയുന്ന യാതൊരു നിയമവും ഇന്ത്യയില്‍ നിലവിലില്ലെന്നതിനാല്‍ വിദേശികള്‍, പ്രവാസികള്‍ എന്നിവര്‍ക്ക് ഇന്ത്യ ചേലാകര്‍മ്മത്തിന്റെ കേന്ദ്രമാണെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചേലാകര്‍മ്മം ഇരകളിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പഠനവിധേയമാക്കിയ ആദ്യ പഠനമാണിത്.

അമേരിക്കയില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് ലൈംഗീക ജീവിതം നശിപ്പിക്കാന്‍ ചേലാകര്‍മ്മം നടത്തിയ ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടര്‍ 2017 ഏപ്രിലില്‍ പിടിയിലായിരുന്നു. ജുമാന നാഗര്‍വാല എന്ന 44കാരിയായ ഡോക്ടറെയാണ് അന്വേഷണ സംഘം അന്ന് പിടികൂടിയത്. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളിലാണ് ഇവര്‍ ചേലാകര്‍മ്മം നടത്തിയത്.

പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായി ചേര്‍ന്നാണ് ഡോക്ടര്‍ ഇത് ചെയ്തത്. വളര്‍ന്നുവരുമ്പോള്‍ പെണ്‍കുട്ടികള്‍ ജീവിത മൂല്യങ്ങള്‍ മുറുകെ പിടിക്കാനും, തൊഴിലും മറ്റും ചെയ്ത് നല്ല നിലയില്‍ സ്വഭാവ ശുദ്ധിയോടെ ജീവിക്കാനുമാണ് കൃത്യം ചെയ്തത് എന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

പെണ്‍കുട്ടികള്‍ക്ക് ജീവന് ഭീഷണി നേരിടും എന്ന് കണക്കാക്കി 1996ല്‍ യു.എസ് ചേലാകര്‍മ്മം നിരോധിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് വനിത ഡോക്ടറെ പിടികൂടിയത്. അതീവ രഹസ്യമായാണ് ഇവര്‍കൃത്യം ചെയ്തതത്രേ. 2006ല്‍ മറ്റൊരു എത്തിയോപ്പിയന്‍ വംശജന്‍ ഇത്തരത്തില്‍ പിടിയിലായിട്ടുണ്ട്.

രണ്ടു വയസ്സുകാരിയായ തന്റെ മകളെ കത്രികയുടെ മാത്രം സഹായത്തോടെ ചേലാകര്‍മ്മം നടത്തിയെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. 10 വര്‍ഷമാണ് ഇയാള്‍ ജയിലില്‍ കഴിഞ്ഞത്.

2012ലെ കണക്ക് അനുസരിച്ച് സ്ത്രീകളും പെണ്‍കുട്ടികളും അടക്കം 5,13,000 ലക്ഷം ആളുകളാണ് അമേരിക്കയില്‍ മാത്രം ചേലകര്‍മ്മത്തിന് ഇരയായിരിക്കുന്നത്. ഈജിപ്ത്, എത്തിയോപ്പിയ, ഇന്തേനേഷ്യ എന്നിവിടങ്ങളിലായി 200 ദശലക്ഷം സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ചികിത്സ നടന്നിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments