ഈശോ ജേക്കബ്, ഹൂസ്റ്റണ്‍
കുരുവികള്‍ ജനിച്ച നാടും കൂടും വിട്ട് അതിര്‍ത്തികളില്ലാതെ യാത്ര ചെയ്യുന്നു, പറന്നും പാടിയും ഇണ തേടിയും അവര്‍ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തുന്നു. അതുപോലെ വിദേശ മലയാളികളും..!
പൂക്കള്‍ വിരിയുന്നത് അനുകൂല കാലാവസ്ഥയിലാണല്ലോ. ഹൃദ്യമായ സുഗന്ധവും കണ്ണും കരളും കവരുന്ന വര്‍ണങ്ങളും പരാഗണത്തിനുള്ള പൂമ്പൊടിയും പരിലസിക്കുന്ന പൂക്കളുമാണ് നമ്മള്‍ വിദേശ മലയാളികള്‍.

‘വായിക്കുക, ചിന്തിക്കുക, ചര്‍ച്ച ചെയ്യുക, പ്രസിദ്ധീകരിക്കുക’ എന്ന മുദ്രാവാക്യത്തോടെ അമേരിക്കന്‍ മണ്ണിലെ മലയാളികളുടെ എണ്ണംകൊണ്ട് പ്രസിദ്ധമായ ഹൂസ്റ്റണ്‍ കേന്ദ്രമായി ഏകദേശം മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ചില ഭാഷാ സ്‌നേഹികള്‍ ആരംഭിച്ച കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 33-ാം വാര്‍ഷിക ഗ്രന്ഥമാണിത്.
സാമൂഹ്യ പ്രതിബദ്ധത, സാഹിത്യ സംവേദനം, സൃഷ്ടിപരമായ സംവാദങ്ങള്‍, ചിരിപ്പിക്കയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങള്‍, സൗഹൃദങ്ങള്‍ ചോരാത്ത സമ്മേളനങ്ങള്‍, പ്രസംഗ പാടവ പരിശീലനം എന്നിവ കൊണ്ട് ലോകത്തുടനീളമുള്ള അക്ഷരസ്‌നേഹികളുടെ സന്മനസ്സും സഹകരണവും നേടി മുന്നേറുന്ന ഈ സംഘടനയുടെ വലിയ സമ്പാദ്യം ഉദ്ദേശശുദ്ധിയുള്ള പ്രവര്‍ത്തകരാണ്.
പുസ്തക പ്രസിദ്ധീകരണത്തിനു മുന്നിട്ട് പ്രവര്‍ത്തിക്കുന്ന മാത്യു നെല്ലിക്കുന്ന്, മാത്യു വെള്ളമറ്റം, ഗൂഗിള്‍ മീറ്റിംഗുകള്‍ വളരെ ഉത്തരവാദിത്വത്തോടെ സംഘടിപ്പിക്കുന്ന ജോസഫ് പൊന്നോലി, സോഷ്യല്‍ മീഡിയ, പ്രമുഖ മലയാള മാധ്യമങ്ങള്‍ എന്നിവയിലൂടെ യഥാസമയം ഫോറത്തിന്റെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വായനക്കാരിലെത്തിക്കുന്ന എ.സി ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു എന്നിവരുടെ സേവനം വിലപ്പെട്ടതാണ്.

പുസ്തക പ്രസിദ്ധീകരണത്തില്‍ വൈദഗ്ധ്യം തെളിയിച്ച കൊല്ലം മധുവും ടൈപ്പ് സെറ്റിംഗ്, പ്രൂഫ് റീഡിംഗ്, ലേഔട്ട് പ്രിന്റിംഗ്, ബൈന്‍ഡിംഗ്, കവര്‍ചിത്രം എന്നിവയ്ക്ക് അണിയറയില്‍ പ്രയത്‌നിച്ച ടാലന്റ് വര്‍ക്കേഴ്‌സ് എന്നിവരുടെ ആത്മാര്‍ത്ഥമായ സഹകരണം ആദരവോടെ രേഖപ്പെടുത്തുന്നു.
കണ്ണുകള്‍ തുറപ്പിക്കുവാന്‍, കാര്യങ്ങള്‍ ഗ്രഹിപ്പിക്കുവാന്‍ ഈ ഗ്രന്ഥം അനേകായിരം മലയാളി സുഹൃത്തുക്കളുടെ കൈയിലെത്തട്ടെ!
ധനം കൊണ്ടും മാനം കൊണ്ടും മനസ്സു കൊണ്ടും സഹകരിച്ചവര്‍ക്കെല്ലാം നന്ദിയുടെ പൂച്ചെണ്ടുകള്‍.