കോവിഡ് പുരുഷന്മാരുടെ ലൈംഗിക തൃഷ്ണയെ ബാധിക്കുമെന്നും ഉദ്ധാരണശേഷിക്കുറവ് ഉണ്ടാക്കാമെന്നും പഠനം. ഹൃദയ-രക്തധമനി സംവിധാനത്തെ ബാധിക്കുന്ന കോവിഡ്19 ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും ഇതുവഴി പുരുഷന്മാരുടെ ഉദ്ധാരണ ശേഷിയെ ബാധിക്കുമെന്നും ഇറ്റാലിയന്‍ പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
സ്ഖലന സമയത്തെ ബുദ്ധിമുട്ടുകള്‍, ലൈംഗിക താല്‍പര്യക്കുറവ്, ലിംഗത്തില്‍ വേദനയും തടിപ്പും, ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിന്റെ കുറവ്, ബീജഗുണക്കുറവ്, പ്രത്യുത്പാദനശേഷിക്കുറവ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ കോവിഡ് പുരുഷന്മാരില്‍ ഉണ്ടാക്കാമെന്നും പഠനം പറയുന്നു.
പുരുഷന്മാരിലെ ഉദ്ധാരണ ശേഷിക്കുറവ് അവരുടെ പൊതുവെയുള്ള ആരോഗ്യത്തിന്റെതന്നെ ഒരു സൂചനയാണെന്ന് യൂറോളജിസ്റ്റ് റയന്‍ ബെര്‍ഗ്ലുണ്ട് ചൂണ്ടിക്കാണിക്കുന്നു. രക്തധമനികളുടെ സംവിധാനവും പ്രത്യുത്പാദന സംവിധാനവും പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നതിനാല്‍ ഉദ്ധാരണശേഷിക്കുറവ് ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പുമാകാം. രക്തധമനികളിലെ നീര്‍ക്കെട്ടും ക്‌ളോട്ടുകളും ലിംഗത്തിലേക്കുള്ള രക്തയോട്ടത്തെ കുറയ്ക്കും. ഇതാകാം പിന്നീട് ഉദ്ധാരണക്കുറവിലേക്ക് നയിക്കുന്നത്. വൈറസ് ഉണ്ടാക്കുന്ന ഉത്കണ്ഠയും വിഷാദരോഗവും സമ്മര്‍ദവും മാനസികാരോഗ്യത്തെ ബാധിക്കുന്നതും ലൈംഗികാരോഗ്യത്തിന് തിരിച്ചടിയാകും.
കോവിഡിനെതിരെയുള്ള ആന്റി വൈറല്‍ തെറാപ്പികളും പുരുഷന്മാരുടെ ഉത്പാദനശേഷിയെ ദോഷകരമായി ബാധിക്കാമെന്ന് ഇറാനില്‍ നടത്തിയ ഒരു പഠനം ചൂണ്ടികാണിക്കുന്നു. വൈറസിന് ബീജകോശങ്ങളെ നേരിട്ട് ബാധിക്കാന്‍ കഴിയുമെന്നും ഈ പഠനം കൂട്ടിച്ചേര്‍ത്തു.