ദുബായ്: ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് നഗ്‌നചിത്രങ്ങള്‍ വ്യാജമായി നിര്‍മിച്ചു പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉടമയ്ക്കു തന്നെ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടുകയാണ് ചെയ്യുന്നത്.
അക്കൗണ്ട് ഉടമയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന വ്യാജ അക്കൗണ്ടില്‍ സുഹൃത്തുക്കളുടെ ലിസ്റ്റ് ഉള്‍പ്പടെ അതേപടി കാണാനാകും. ഇതിനൊപ്പം സുഹൃത്തുക്കളുടെ പട്ടികയിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് മിക്കപ്പോഴും നഗ്‌ന ചിത്രങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നതും.
ചിത്രങ്ങളും സുഹൃത്തുക്കളുടെ ലിസ്റ്റും അതേപടി പകര്‍ത്തുന്നതിനാല്‍ സംശയം തോന്നില്ല. വ്യാജ അക്കൗണ്ട് നിര്‍മിക്കുന്നവര്‍ യഥാര്‍ഥ അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങള്‍ നിര്‍മിച്ച ലിങ്കാണ് അയയ്ക്കുന്നത്. ലിങ്ക് തുറക്കുമ്പോള്‍ ഉടമയും സ്ത്രീകളുമൊത്തുള്ള നഗ്‌നചിത്രങ്ങളും ഫ്രണ്ട്‌സ് ലിസ്റ്റുമെല്ലാം അതേപടി കാണാനാകും.
5000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കില്‍ ഇടുമെന്നാണ് ഭീഷണി. ദുബായില്‍ ബിസിനസ്സ് ബേയിലുള്ള നിര്‍മാണ കമ്പനിയിലെ രണ്ടു ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഭീഷണി സന്ദേശം എത്തിയെങ്കിലും അവര്‍ സ്ഥാപനത്തിലെ ഐടി വിഭാഗത്തെ സമീപിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
ഒറിജിനല്‍ അക്കൗണ്ടിനെ വെല്ലുന്ന രീതിയിലാണ് വ്യാജപ്പതിപ്പെന്ന് ഐടി മേഖലയിലുള്ളവരും പറയുന്നു. ഫെയ്‌സ് ബുക്കിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിര്‍മിച്ച് ഫ്രണ്ട് ലിസ്റ്റിലെ ആളുകള്‍ക്ക് സഹായ അഭ്യര്‍ഥന അയച്ചു തട്ടിപ്പ് നടത്തുന്ന രീതിയും വ്യാപകമായിട്ടുണ്ട്. കേരളത്തില്‍ പ്രചരിച്ചിരുന്ന ഈ രീതി ഇപ്പോള്‍ പ്രവാസലോകത്തേക്കും എത്തി. കഴിഞ്ഞദിവസങ്ങളില്‍ ഒട്ടേറെ പ്രവാസികളെ കബളിപ്പിക്കാന്‍ ശ്രമമുണ്ടായി.
നറുക്കെടുപ്പില്‍ വിജയിച്ചതായി അറിയിച്ച് പ്രമുഖ ബാങ്കുകളുടെ സീലും ലോഗോ ഉള്‍പ്പടെയുള്ള ആധികാരിക വിവരങ്ങളും ഉള്‍പ്പെടുത്തി സന്ദേശം അയച്ചു നടത്തുന്ന തട്ടിപ്പും വ്യാപകം. 30,000 മുതല്‍ മൂന്നു ലക്ഷം ദിര്‍ഹം വരെ സമ്മാനമടിച്ചതായി സന്ദേശം എത്തിയിട്ടുണ്ട്. പ്രോസസിങ് ഫീയായി കുറച്ചു തുക നല്‍കണമെന്നും സന്ദേശത്തിലുണ്ടാകും.
തുക അടയ്ക്കാമെന്ന് അറിയിച്ചാല്‍ ഉടനെ പണം അയയ്‌ക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ എത്തും. വമ്പന്‍ കമ്പനികളുടെ പേരിലും തട്ടിപ്പ് അരങ്ങേറുന്നുണ്ട്. ഇടപാടുകളുള്ള മറ്റ് കമ്പനികളിലേക്ക് വിവരങ്ങള്‍ ഉടന്‍ അയയ്ക്കണം എന്നറിയിച്ചാണു സന്ദേശം അയയ്ക്കുന്നത്.
പുതിയ പ്രോജക്ടുകള്‍ ഉണ്ടാകുമ്പോള്‍ സാധാരണയായി കമ്പനികള്‍ ഇടപാടുകളുള്ള ഇതര കമ്പനികളോട് അവരുടെ വിവരങ്ങള്‍ ചോദിക്കുന്നതിന്റെ മറവിലാണ് വ്യാജന്മാര്‍ ഇത്തരം തട്ടിപ്പ് നടത്തി മുഴുവന്‍ കമ്പനി വിവരങ്ങളും ചോര്‍ത്തുന്നത്. കമ്പനി സര്‍വറുകള്‍ ഹാക്കു ചെയ്തുള്ള തട്ടിപ്പും വ്യാപകമാണ്. രാവിലെ കമ്പനിയിലെത്തുമ്പോള്‍ സിസ്റ്റം ഹാക്കായ വിവരമാവും സ്ക്രീനില്‍ തെളിയുക. കമ്പനി ഡേറ്റ തിരികെ ലഭിക്കാന്‍ പത്തുലക്ഷം രൂപ നല്‍കണമെന്നും സന്ദേശം തെളിയും. ഡേറ്റ നഷ്ടപ്പെട്ട കമ്പനികള്‍ ഇത്തരത്തില്‍ പണം നല്‍കാനും നിര്‍ബന്ധിതരാകും.