ദോഹ: ഇന്ത്യയില്‍ ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങള്‍.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു. കൂടാതെ കുവൈറ്റ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി വക്താക്കളുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറുകയും ചെയ്തു.
അതിനിടെ, മുഹമ്മദ് നബിക്കെതിരായ മോശം പരാമര്‍ശത്തില്‍ ബി.ജെ.പി വക്താക്കള്‍ക്കെതിരെ അച്ചടക്കനടപടി. പാര്‍ട്ടി ദേശീയ വക്താവ് നുപൂര്‍ ശര്‍മ, ബി.ജെ.പി ഡല്‍ഹി മീഡിയ ഇന്‍ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ബി.ജെ.പി ഡല്‍ഹി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുവമോര്‍ച്ചയുടെ പ്രമുഖ മുഖവുമാണ് നൂപൂര്‍ ശര്‍മ്മ.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് ബി.ജെ.പി വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തെ നിന്ദിക്കുന്നത് പ്രോത്സാഹിപ്പിക്കല്ലെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി. ഏതെങ്കിലും മതവിഭാഗവുമായി ബന്ധമുള്ള വ്യക്തികളെ അധിക്ഷേപിക്കുക എന്നത് ബി.ജെ.പി നിലപാടെല്ലെന്നും നുപുര്‍ ശര്‍മയെ നേരിട്ട് പരാമര്‍ശിക്കാതെ ബി.ജെ.പി വ്യക്തമാക്കി.
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ കടുത്ത പ്രതികരണവുമായി പാകിസ്ഥാനും രംഗത്തെത്തി. പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ പരസ്യശാസന നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണ്.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായി. വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ, പാര്‍ട്ടിയുടെ അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വലിയ സംഘര്‍ഷം അരങ്ങേറിയിരുന്നു.
നുപുര്‍ ശര്‍മ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുള്ള പ്രതിഷേധമാണ് കാണ്‍പൂരില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇരുവരുടെയും പരാമര്‍ത്തിനെതിരെ വിവിധ മുസ്‌ലം സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിവാദം തണുപ്പിക്കാന്‍ ബി.ജെ.പി നടപടിക്ക് തയ്യാറായത്.
ട്വീറ്റിലൂടെയായിരുന്നു നവീന്‍ കുമാര്‍ ജിന്‍ഡാലിന്റെ അധിക്ഷേപാര്‍ഹമായ പരാമര്‍ശം. ഈ ട്വീറ്റുകള്‍ അദ്ദേഹം പിന്നീട് പിന്‍വലിച്ചു. ഇവരുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ചില രാജ്യങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡായിരുന്നു.
ഗ്യാന്‍വാപി വിഷയത്തില്‍ ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ശര്‍മ്മയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്ലിംകള്‍ പരിഹസിച്ചു. അതിനാല്‍, മുസ്ലിം മതഗ്രന്ഥങ്ങളില്‍ ചില കാര്യങ്ങള്‍ ഉണ്ടെന്നും ആളുകള്‍ക്ക് അവയെ പരിഹസിക്കാമെന്നും നുപുര്‍ ശര്‍മ്മ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമര്‍ശങ്ങളും അവര്‍ നടത്തി.