(അഭിമുഖം-എ.എസ് ശ്രീകുമാര്‍)
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ‘മാധ്യമ ശ്രീ’ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വീണ ജോര്‍ജ് അമേരിക്കയില്‍ എത്തിയത് 2016 നവംബര്‍ അവസാനത്തോടെയാണ്. അന്ന് ആറന്മുളയുടെ എം.എല്‍.എ ആയിരുന്നു വീണ ജോര്‍ജ്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ കേരളത്തിന്റെ ആരോഗ്യ മന്ത്രിപദം അലങ്കരിക്കുകയാണ്.
ഹൂസ്റ്റണിലെ ഇന്ത്യ ഹൗസില്‍ നടന്ന ചടങ്ങില്‍ അന്ന് എം.പി ആയിരുന്ന എം.ബി രാജേഷില്‍ നിന്നാണ്, ഇന്ത്യയുടെ വൈസ് കൗണ്‍സല്‍ ആര്‍.ഡി. ജാഷിയുടെ സാന്നിധ്യത്തില്‍ വീണ ജോര്‍ജ് മാധ്യമശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇപ്പോള്‍ വീണ ജോര്‍ജ് മന്ത്രിയാണെങ്കില്‍ എം.ബി രാജേഷ് നിയമസഭ സ്പീക്കര്‍ സ്ഥാനത്ത് പ്രതിഷ്ഠിതനായിരിക്കുന്നു.
മാധ്യമശ്രീ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് വീണ ജോര്‍ജ് പറഞ്ഞതിങ്ങനെ…
”വളരെ സംഘടിതമായി വളരെ ആസൂത്രണം ചെയ്ത് ഇവിടെ സംഘടിപ്പിക്കപ്പെടുന്ന ഈ ചടങ്ങില്‍ ഒരു പ്രസംഗം എഴുതിക്കൊണ്ടു വന്ന് വായിക്കണമെന്നാണ് നാട്ടില്‍ നിന്ന് വരും മുമ്പ് ഞാന്‍ ആഗ്രഹിച്ചത്. സാധാരണ ഞാന്‍ പ്രസംഗിക്കുവാന്‍ പോകുമ്പോള്‍ പ്രസംഗം എഴുതിക്കൊണ്ടു പോകുന്ന പതിവില്ല.
എന്നാല്‍ ഈ ചടങ്ങിനെക്കുറിച്ച് കേട്ടപ്പോള്‍ ഇത്രയും വെല്‍ ഓര്‍ഗനൈസ്ഡ് ആയി നടക്കുന്ന പ്രൗഢ ഗംഭീരമായ ഒരു ചടങ്ങാണ് ഇത് എന്ന് അറിഞ്ഞതു മുതല്‍ ഒരു വാക്കും കുറയരുത് ഒരു വാക്കും കൂടുകയും വേണ്ട എന്നു വിചാരിച്ചാണ് പ്രസംഗം എഴുതി തയ്യാറാക്കാം എന്നു കരുതിയത്.
പക്ഷേ അതു നടന്നില്ല. തികച്ചും വൈകാരികമായ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഐ.പി.സി.എന്‍.എയുടെ ഈ മാധ്യമശ്രീ അവാര്‍ഡ് വളരെ അഭിമാനത്തോടെയും വിനയത്തോടെയും ഞാന്‍ ഏറ്റുവാങ്ങിയിരിക്കുന്നത്…”
”ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൊന്നായി ഞാനിതിനെ കണക്കാക്കുന്നു. അതിമനോഹരമായ ഈ സായാഹ്നം സമ്മാനിച്ച ഐ.പി.സി.എന്‍.എയുടെ എല്ലാ ഭാരവാഹികളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.
ഒപ്പം, ഈ അവാര്‍ഡ് എനിക്കു മുമ്പേ ഏറ്റുവാങ്ങിയവര്‍ മാധ്യമ രംഗത്തെ കുലപതികളാണ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ യോഗ്യതയുള്ളവരാണ്. അവര്‍ക്ക് പിന്നാലെ ഈ മാധ്യമ ശ്രീ അവാര്‍ഡിന് എന്നെ തിരഞ്ഞെടുത്തതിനുള്ള ഹൃദയംഗമമായ നന്ദി ഐ.പി.സി.എന്‍.എയ്ക്ക് സമര്‍പ്പിക്കുന്നതിനൊപ്പം ഈ തിരഞ്ഞെടുപ്പ് നടത്തിയ ജൂറി അംഗങ്ങളെയും നന്ദിയോടെ ഈ അവസരത്തില്‍ ഞാന്‍ സ്മരിക്കുന്നു.
പ്രത്യേകിച്ച് ഈ അവാര്‍ഡിന് മാറ്റു കൂട്ടുന്നത്, ഇത് നല്‍കിയത്, ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമായി മാറിക്കഴിഞ്ഞ ബഹുമാന്യനായ നമ്മുടെ പ്രിയപ്പെട്ട നേതാവ് എം.ബി രാജേഷില്‍ നിന്ന് ഈ അവാര്‍ഡ് ഏറ്റുവാങ്ങിയെന്നുള്ളത് എന്റെ സന്തോഷം വര്‍ധിപ്പിക്കുന്നു. അതിനായി ഇവിടെയെത്തിയ എം.ബി രാജേഷ് എം.പിയോടുള്ള നന്ദിയും ഈ അവസരത്തില്‍ ഞാന്‍ അറിയിക്കുന്നു…” വീണ ജോര്‍ജ് പറഞ്ഞു.
മുഖ്യ പ്രഭാഷണം നടത്തിയ എം.ബി രാജേഷിന്റെ വാക്കുകള്‍…
”ഐ.പി.സി.എന്‍.എയുടെ മാധ്യമശ്രീ അവാര്‍ഡ്ദാനച്ചടങ്ങില്‍ എന്നെ ക്ഷണിച്ചതിന് ഈ സംഘടനയുടെ ഭാരവാഹികളോടുള്ള നന്ദി അറിയിക്കുന്നു. അതോടൊപ്പം ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും എന്റെ ആശംസകള്‍. ക്രിസ്തുമസിനും പുതുവത്സരത്തിനും ഇനി അധികം സമയം ബാക്കിയില്ല.
അതുകൊണ്ട് ഏവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേരുന്നതിന് ഞാനീ അവസരം വിനിയോഗിക്കുന്നു. എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ക്ഷണം ലഭിച്ചപ്പോള്‍ ഞാന്‍ സത്യത്തില്‍ അത്ഭുതപ്പെട്ടു.
ഇങ്ങനെ മാധ്യമപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ, ഒരു പ്രസ് ക്ലബ് അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്. ഐ.പി.സി.എന്‍.എ മാധ്യമ പ്രവര്‍ത്തനം നടത്തുമ്പോള്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനകരമാണ്…”
”ഇതിനു മുമ്പ് മാധ്യമ ശ്രീ അവാര്‍ഡ് കരസ്ഥമാക്കിയവര്‍ കേരളത്തിലെ മാധ്യമ രംഗത്തെ മുതിര്‍ന്ന പ്രമുഖരായിട്ടുള്ള ആളുകളാണ്. അവരുടെ നിലയിലേക്കാണ് മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് ജനപ്രതിനിധിയായി മാറിയ ശ്രീമതി വീണ ജോര്‍ജ് എത്തിയിരിക്കുന്നത്.
മാധ്യമശ്രീ അവാര്‍ഡിന്റെ ചരിത്രത്തില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹയാകുന്ന ആദ്യ വനിതയെന്ന ബഹുമതി കൂടി വീണ ജോര്‍ജിനെ തേടിയെത്തിയിരിക്കുന്നു.
ഇന്ത്യ പ്രസ്‌ക്ലബിന്റെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഇത്തരം ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തിയ ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണ്. അവര്‍ക്കെല്ലാം എന്റെ അഭിവാദ്യങ്ങള്‍.
ഇവിടുത്തെ ജോലിത്തിരക്കുകള്‍ക്കിടയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നത് ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ക്കു വേണ്ടിയല്ല. അതൊരു പാഷനായി കരുതുന്നതു കൊണ്ടാണെന്ന് ഇവിടെ പറയുകയുണ്ടായി.
അത് തികച്ചും സന്തോഷകരമാണ്. ഈ പ്രസ്‌ക്ലബിന്റെ ഭാരവാഹികള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും മാധ്യമ ശ്രീ അവാര്‍ഡ് ഏറ്റുവാങ്ങിയ വീണാ ജോര്‍ജ് എം.എല്‍.എയ്ക്കും ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍…” എം.ബി രാജേഷ് എം.പി പറഞ്ഞു.
അഞ്ചുവര്‍ഷം മുമ്പ് ഇ മലയാളിക്കു വേണ്ടി വീണ ജോര്‍ജുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഒരു പുനര്‍ വായനയ്ക്കായി…
ഇന്ത്യപ്രസ്‌ക്ലബിന്റെ പുരസ്‌കാര ലബ്ധിയില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍…
വളരെ നന്ദി. സന്തോഷം.
മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് ജനപ്രതിനിധിയിലേയ്ക്കുള്ള ഈ പരകായ പ്രവേശത്തെക്കുറിച്ച്…
ഇതൊരു പരകായ പ്രവേശമാണെന്ന് തോന്നുന്നില്ല. ഈ പുതു നിയോഗത്തിന് സമാനമായ പ്രവര്‍ത്തിയാണ് മുമ്പ് ചെയ്തുകൊണ്ടിരുന്നത്. സമൂഹത്തിന്റെ പൊതുവിഷയങ്ങളില്‍ ഇടപെടുകയും അത് ജനശ്രദ്ധയിലും അധികാരികളുടെ ശ്രദ്ധയിലും എത്തിക്കുകയും പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍.
ഇപ്പോള്‍ പ്രവര്‍ത്തന മണ്ഡലം മാറിയിട്ടും ആ വ്യത്യാസം തോന്നുന്നില്ല, അല്ലേ…
ഒരിക്കലുമില്ല. പക്ഷേ ഇവിടെ എനിക്ക് ഉത്തരവാദിത്തം വളരെ കൂടുതലാണ്. മുമ്പ് എനിക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയായിരുന്നു. അതും കാര്യപ്പെട്ട ഉത്തരവാദിത്തം തന്നെ. സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുക, വിശ്വാസ്യത കാത്തു സൂക്ഷിക്കുക.
ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ടോ…
തീര്‍ച്ചയായും. അതില്‍ നിന്നും ഇതിലേയ്ക്ക് വരുമ്പോള്‍ ഒരു എക്‌സിക്യൂഷന്‍ ഉണ്ട്. നമ്മള്‍ തമ്മില്‍ സംസാരിക്കുന്നതിനു മുമ്പ് ഇവിടെ ഉണ്ടായിരുന്നത് വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണ്. കൊടും വരള്‍ച്ചയിലേയ്ക്ക് കേരളം എത്തുകയാണെന്നാണ് കാലാവസ്ഥാ പ്രവചനം. മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ ഞാനത് റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ജനപ്രതിനിധിയെന്ന നിലയില്‍ എനിക്കതിന്റെ പരിഹാരം കൂടി കാണേണ്ടതുണ്ട്.
മാധ്യമ പ്രവര്‍ത്തന കാലത്ത് മുന്‍വിധികളുണ്ടായിട്ടുണ്ടോ…
ഇല്ല. ഡെസ്‌കില്‍ വാര്‍ത്ത ചെയ്തിട്ടാണ്, അത് എയറില്‍ പോയിട്ടാണ് വാര്‍ത്ത പോയി എന്ന കാര്യം നാമറിയുന്നത്. അത്രയും സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. മുന്‍വിധികള്‍ക്കപ്പുറം നമുക്ക് സാമൂഹിക പ്രതിബദ്ധതയാണുള്ളത്. അത്തരമൊരു മാധ്യമ അന്തരീക്ഷം ഇന്ത്യാ വിഷനിലും റിപ്പോര്‍ട്ടറിലുമൊക്കെ കിട്ടിയെന്നുള്ളത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.
എം.എല്‍.എ എന്ന നിലയിലുള്ള പ്രവര്‍ത്തനവും കാഴ്ചപ്പാടുകളും…
മാധ്യമ പ്രവര്‍ത്തകയുടെ കാഴ്ചപ്പാടില്‍, ഇത് തെറ്റാണ്…ഇത് നീതികേടാണ് എന്നൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരാള്‍ ഇതിലേയ്ക്ക് വരുമ്പോള്‍ ആ വ്യക്തിയില്‍ ജാഗ്രതയേറുകയാണ്. നമുക്ക് തെറ്റുണ്ടാകാന്‍ പാടില്ല. ശരിയാം വണ്ണം കാര്യങ്ങള്‍ ചെയ്യണം എന്ന വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ നിയോഗം വലിയ ഉത്തരവാദിത്തം അഡീഷണലായി നമുക്ക് നല്‍കുന്നുണ്ട്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും സഞ്ചരിക്കുമ്പോഴുമെല്ലാം ആ ബോധമുണ്ട്. പിന്നെ പിഴവുകള്‍ ഉണ്ടാവാന്‍ പാടില്ല എന്ന ദൃഢ നിശ്ചയവും.
പിണറായി വിജയന്‍ സര്‍ക്കാരിനെ പറ്റിയുള്ള വിലയിരുത്തലുകളും പ്രതീക്ഷകളും…
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ എല്ലാ വീട്ടിലും ശൗചാലയങ്ങള്‍ ഉണ്ടാവുമെന്ന പ്രഖ്യാപനം നടത്തി. നമ്മള്‍ അത് ഏറ്റെടുത്ത് നടത്തി. അപ്പോഴാണ് അത് ശ്രമകരമായ ഒരു ദൗത്യമാണെന്ന് മനസ്സിലായത്.
ഇക്കാര്യത്തില്‍ ആളുകളുടെ മനോഭാവം…
ശൗചാലയം വേണ്ട, ഞങ്ങടെ കൈയില്‍ പണമില്ല എന്നൊക്കെ കേട്ടെങ്കിലും അക്കാര്യം നൂറുശതമാനം നിര്‍വഹിച്ചു. സമ്പൂര്‍ണ വൈദ്യുതിവല്‍ക്കരണമാണ് അടുത്ത പദ്ധതി. 2017 മാര്‍ച്ചിന് മുമ്പ് അത് പൂര്‍ത്തിയാവും. എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വീട് എന്നിങ്ങനെയുള്ള ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് തുല്യതയുണ്ടാക്കാനും അത് സമന്വയിപ്പിക്കാനും ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
വിദ്യാഭ്യാസ രംഗത്തെ കാര്യങ്ങള്‍ ആശാവഹമല്ലെന്ന് തോന്നുന്നില്ലേ…
വിദ്യാഭ്യാസ രംഗത്തും സമൂലമായ വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോകുന്നു. സ്വകാര്യ സ്‌കൂളുകള്‍ സ്മാര്‍ട്ട് ക്ലാസുകള്‍ക്ക് വലിയ ഫീസ് ഈടാക്കുമ്പോള്‍ സൗജന്യമായി സര്‍ക്കാര്‍ മേഖലയില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ വരികയാണ്. എട്ട് മുതല്‍ പത്താം ക്ലാസു വരെ ഡിജിറ്റലൈസ് ചെയ്യാന്‍ പോകുന്നു. അതുപോലെ നമ്മുടെ വായനശാലകളുടെ സ്വാഭവവും മാറും. ഇത്തരത്തില്‍ വലിയ മാറ്റത്തിനുള്ള വിഷന്‍ ഇടതുപക്ഷ എം.എല്‍.എമാര്‍ക്കുണ്ട്.
വലിയ വിവാദകോലാഹലങ്ങളുണ്ടാക്കിയതാണ് ആറന്മുള എയര്‍പോര്‍ട്ട്. സ്ഥലം എം.എല്‍.എയുടെ പ്രതികരണങ്ങള്‍…
ഇക്കാര്യത്തില്‍ ഇടതുപക്ഷ മുന്നണിക്കും വ്യക്തിപരമായി എനിക്കും കൃത്യമായ നിലപാടുണ്ട്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന, ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരായ, ആവാസവ്യവസ്ഥയ്ക്ക് ഹാനികരമായ ഒരു എയര്‍പോര്‍ട്ട് നമുക്ക് ആവശ്യമില്ല. പക്ഷേ ഒരു എയര്‍പോര്‍ട്ട് പത്തനംതിട്ട ജില്ലയ്ക്ക് ആവശ്യമാണ്.
അത് ആറന്മുളയില്‍ സാധ്യമല്ലെന്നാണോ…
ആറന്മുളയില്‍ ഒരു എയര്‍പോര്‍ട്ടിന് സാധ്യമല്ലാത്ത സ്ഥിതിയാണ്. വികസനം ഏതു രീതിയിലാണ് വരുന്നതെന്ന് നോക്കണം. ഉദാഹരണത്തിന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലേയ്‌ക്കെത്തുന്നത് കിലോമീറ്ററോളമുള്ള പല ലെയ്‌നുകളുള്ള റോഡാണ്. ആറന്മുളയില്‍ സിംഗിള്‍ ലെയ്ന്‍ റോഡാണുള്ളത്. ഇവിടെ വലിയൊരു റോഡ് വരിക അസാധ്യമാണ്. വികസന സാധ്യത കൂടി പരിഗണിച്ചിട്ടു വേണം അതിനെപ്പറ്റി ചിന്തിക്കാന്‍.
ആറന്മുള എയര്‍പോര്‍ട്ടുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍…
എത്രയോ ഏക്കര്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിയാണ് അവിടെ എയര്‍പോര്‍ട്ട് വരുന്നത്. ആറന്മുളയ്ക്ക് തനതായ പാരിസ്ഥിതിക പ്രത്യേകതയും സാംസ്‌കാരിക സവിശേഷതകളുമുണ്ട്. ഒപ്പം ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ പവിത്രതയുമുണ്ട്. അതിന് വിഘാതം വരുന്നതിനെയാണെതിര്‍ക്കുന്നത്.
പത്തനംതിട്ടയില്‍ എയര്‍പോര്‍ട്ടിന് യോജിച്ച സ്ഥലം കണ്ടെത്തിയിട്ടുണ്ടോ…
ഈ ജില്ലയില്‍ ഒരു എയര്‍പോര്‍ട്ട് വേണമെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. വേണമെങ്കില്‍ ശബരിമലയോടടുത്ത ഭാഗം തന്നെ തിരഞ്ഞെടുക്കാം. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും യാത്രക്കാരെയും നമുക്ക് കിട്ടും. മറ്റ് ഇടങ്ങളിലെ റോഡ് ട്രാഫിക് കുറയും. എയര്‍പോര്‍ട്ട് എവിടെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. സ്ഥലം കണ്ടെത്തുകയും ചെയ്യും. ഇത് ഇടതുപക്ഷത്തിന്റെ നിലപാടാണ്.
ഇപ്പോള്‍ അമേരിക്കയിലെത്തുകയാണല്ലോ. മലയാളികളെ ഒരു എം.എല്‍.എയുടെ റോളില്‍ എപ്രകാരം അഭിസംബോധന ചെയ്യും…
അത് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ പ്രസംഗിച്ചതു പോലെ ഒരിക്കലുമാവില്ല. അമേരിക്കയില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. അവരെയെല്ലാം കാണും അവരുടെ കാര്യങ്ങള്‍ കേള്‍ക്കും.
ഇതുപോലൊരു തിരഞ്ഞെടുപ്പുകാലത്താണ് റിപ്പോര്‍ട്ട് ചെയ്യാന്‍ 2012ല്‍ അമേരിക്കയിലെത്തിയത്. അന്നത്തെ എക്‌സ്പീരിയന്‍സ്…
സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗസ്റ്റായിട്ടായിരുന്നു ഞങ്ങള്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ യാത്ര. അന്ന് എല്ലായിടത്തും സഞ്ചരിച്ചു. ഇപ്പോള്‍ മറ്റൊരു തിരഞ്ഞെടുപ്പുകാലമാണ്. കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം ഹിലരിയും ട്രംപും തമ്മിലുള്ള സംവാദങ്ങളെ പറ്റി നമ്മള്‍ വളരെ സജീവമായി ചര്‍ച്ച ചെയ്യുന്നു.
സംവാദം പല കാര്യങ്ങളിലും മുറുകുന്ന സമയം. എന്നാലിവിടെയെത്തുമ്പോള്‍ ഹിലരിയും ട്രംപും എത്രമാത്രം കൂളാണെന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തും. 2012ല്‍ ശാന്തമായ അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന കാര്യമാണ് എന്നെ ആകര്‍ഷിച്ചത്. പിന്നെ ഒബാമ ഒരു പ്രതീകമാണല്ലോ.
രണ്ടാമത്തെ ടേമില്‍ അദ്ദേഹം തന്നെ പ്രസിഡന്റായി വരണമെന്ന വ്യക്തിപരമായ ആഗ്രഹവും എനിക്കുണ്ടായിരുന്നു. ആ രീതിയില്‍ വളരെ ആവേശത്തോടെയാണിവിടെയെത്തിയത്. െ്രെപമറികളെയും സംവാദങ്ങളെയും കണ്‍വന്‍ഷനുകളെയുമെല്ലാം വളരെ കൗതുകത്തോടെ കണ്ടു. ഒബാമ അമേരിക്കയുടെ പ്രസിഡന്റാവേണ്ടത് ഒരാവശ്യമായിരുന്നു. അത് സംഭവിച്ചു.
ഇന്ത്യാ പ്രസ്‌ക്ലബിന്റെ ഈ പുരസ്‌കാരത്തെ എത്രമേല്‍ നെഞ്ചേറ്റുന്നു…
ഒരുപാട് അഭിമാനമുണ്ട്. സന്തോഷമുണ്ട്. വലിയ വലിയ പ്രഗത്ഭരായ വ്യക്തികള്‍ക്ക് കിട്ടിയ അവാര്‍ഡാണിത്. അതിനുള്ള യോഗ്യത എനിക്കില്ല. നന്ദിയുണ്ട്. മാധ്യമപ്രവര്‍ത്തനമായാലും രാഷ്ട്രീയപ്രവര്‍ത്തനമായാലും ഈ അവാര്‍ഡ് വലിയൊരു അംഗീകാരമായി ഞാന്‍ കാണുന്നു.
അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരോട് ഉപദേശരൂപേണ പറയുവാന്‍ എന്തെങ്കിലും…
ഉപദേശിക്കാന്‍ ഞാനാളല്ല. ഒരു കണ്ണാടിയില്‍ വെളിച്ചം വീശുമ്പോള്‍ കണ്ണാടിയുടെ സ്വാഭാവമനുസരിച്ച് വെളിച്ചത്തിന് മാറ്റം ഉണ്ടാവും. കണ്ണാടി എന്തായാലും ഉണ്ട്. ഒരു വ്യക്തിയുടെ മാനസികാവസ്ഥ, സാംസ്‌കാരിക പശ്ചാത്തലം എല്ലാം വാര്‍ത്തയുടെ റിപ്പോര്‍ട്ടിങ്ങിനെയും സ്വാധീനിക്കും. നമ്മള്‍ ഒരു സംഭവം കണ്ടാല്‍ അതിന്റെ ഏത് എലിമെന്റ് ഹൈലൈറ്റ് ചെയ്യണമെന്നതു പോലും നിശ്ചയിക്കുന്നത് നമ്മുടെ ഈ കാര്യങ്ങളാണ്. മനസാക്ഷിക്ക് ശരി എന്നു തോന്നുന്നത് റിപ്പോര്‍ട്ട് ചെയ്യുക. നമ്മുടെ പ്രതിബദ്ധത സമൂഹത്തോടാണ്. ജനങ്ങളാണ് എന്നും വലുത്.
ഡോ. ജോര്‍ജ് ജോസഫ് ആണ് ജീവിതപങ്കാളി. അന്ന, ജോസഫ് എന്നിവര്‍ മക്കള്‍. ഹൂസ്റ്റണിലുള്ള എന്റെ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ ജോയ്‌സ് തോന്ന്യാമലയുടെ സഹപാഠിയാണ് ഡോ. ജോര്‍ജ് ജോസഫ്. 2016ലെ ഈ അഭിമുഖസംഭാഷണത്തിന് കളമൊരുക്കിത്തന്നതും ജോയ്‌സാണ്. മന്ത്രിയെന്ന നിലയില്‍ വീണ ജോര്‍ജിന് കൂടുതല്‍ ജനയീയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സാധിക്കട്ടെ…
‘നേര്‍കാഴ്ച’യുടെ അഭിനന്ദനങ്ങള്‍…ആശംസകള്‍…