കോഴിക്കോട്: വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാന്‍ഡ് നടപടി കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സഹിക്കാവുന്നതിലുമേറെയാണ്. പക്ഷേ, അവര്‍ക്ക് പ്രത്യക്ഷത്തില്‍ നിശബ്ദരായിരിക്കാനേ കഴിയൂ. കോണ്‍ഗ്രസില്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന ഗ്രൂപ്പുകളി പാര്‍ട്ടിയെ തകര്‍ത്തപ്പോള്‍ ഹൈക്കമാന്‍ഡിന്റെ ടെസ്റ്റ് ഡോസാണ് പ്രതിപക്ഷ നേതാവായുള്ള വി.ഡി സതീശന്റെ സ്ഥാനാരോഹണം. ചരിത്രത്തില്‍ ആദ്യമായി വന്‍ ഭൂരിപക്ഷത്തില്‍ ഒരു ഇടതുസര്‍ക്കാര്‍ തുടര്‍ ഭരണം നേടിയത് നോക്കി നില്‍ക്കേണ്ട ഗതികേടിലായി കോണ്‍ഗ്രസ്.
അതിനാല്‍ ജനപിന്തുണ വീണ്ടെടുക്കാന്‍ നിയമസഭയില്‍ നന്നേ വിയര്‍ക്കേണ്ടി വരും വി.ഡി സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്. എന്നാല്‍ പിന്നില്‍ അണിനിരക്കുന്നവര്‍ എത്രത്തോളം ആത്മാര്‍ത്ഥത കാണിക്കുമെന്നത് നിര്‍ണായക ചോദ്യമാണ്. എങ്കിലും ഏത് വിഷയവും നിഷ്പ്രയാസം പഠിച്ച് പറയാനുള്ള കഴിവാണ് സതീശന്റെ കരുത്ത്. അത് സ്വന്തന്ത്രമായി അവതരിപ്പിക്കാനുള്ള മാര്‍ഗമാണ് വന്നുചേര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയാകും എന്ന് ഉറപ്പിച്ച സതീശന്‍ ഗ്രൂപ്പ് വീതം വെയ്പ്പില്‍ പുറത്താവുകയായിരുന്നു. പകരം വച്ചുനീട്ടിയ സ്പീക്കര്‍ സ്ഥാനം വേണ്ടെന്ന് തുറന്നടിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിവാദത്തിന്റെ കൂടാരമായപ്പോള്‍ സതീശന്‍ പരസ്യ വിമര്‍ശനങ്ങള്‍ തൊടുത്തു. പിന്നീട് പച്ച പിടിക്കാതെ പ്രതിപക്ഷത്ത് ഇരുന്ന കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായി വി.ഡി വളര്‍ന്നു. ദിവസം നാല് തവണയൊക്കെ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയേക്കാള്‍ സതീശന്റെ പ്രസ്താവനകള്‍ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ ഇനി പ്രതിപക്ഷത്തെ നയിച്ച് മുന്നണിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുകയെന്നതാണ് കടുത്ത വെല്ലുവിളി.
വി.ഡി സതീശന്റെ മുന്നില്‍ കടമ്പകള്‍ ഏറെയാണ്, ഗ്രൂപ്പ് നേതാക്കളുടെ കണ്ണിലെ കരടാണ് ഇപ്പോള്‍ വി ഡി. നേതൃസ്ഥാനം പോയാല്‍ എല്ലാം തീര്‍ന്നെന്ന് കരുതുന്ന എ, ഐ ഗ്രൂപ്പ് തലവന്‍മാര്‍ ഇനിയും ‘പ്രവര്‍ത്തനം’ ശക്തമാക്കും. അവിടെ സതീശന്‍ വിയര്‍ത്താല്‍ കൈ പിടിക്കാന്‍ കെപിസിസി പ്രസിഡന്റിനേ കഴിയൂ. മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറുമെന്ന് ഏറെക്കുറെ ഉറപ്പായി. കെ സുധാകരന്‍ വന്നാല്‍ രീതികള്‍ അടിമുടി മാറും. അവിടെയും ഗ്രൂപ്പ് തലപ്പൊക്കിയാല്‍ പിന്നെ രക്ഷയില്ലാതാകും.
എന്നാല്‍ എല്ലാറ്റിനുമപ്പുറം കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് കരുതുന്ന ജനങ്ങളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ചിന്തിച്ചാല്‍ പാര്‍ട്ടിയുടെ ഭാവി ശോഭനമാകും. അതിന്റെ ചില ഉദാഹരണങ്ങള്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടതാണ്. എന്നാല്‍ ഏറ്റവും വലിയ നേതാവായ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ വിയര്‍ത്തുകയറിയത് ഒരു സൂചനയാണ്. പാര്‍ട്ടിയേയും മുന്നണിയെയും സത്യസന്ധമായി നയിക്കാന്‍ രണ്ടുപേര്‍ വന്നാല്‍, കരുണാകരനും ആന്റണിക്കും ശേഷം ഗ്രൂപ്പായി തിരിഞ്ഞ ഉമ്മന്‍ചാണ്ടി ചെന്നിത്തല യുഗത്തിന് അവസാനമാകും. നേതാവല്ലാതായി തീരാന്‍ ഒരാളും ആഗ്രഹിക്കില്ല, പക്ഷേ അടിത്തറ ഇളകുമ്പോഴും വിട്ടുവീഴ്ചയില്ലാതെ ഗ്രൂപ്പില്‍ പിടിച്ചുതൂങ്ങിയാല്‍ എല്ലാം തകര്‍ന്നടിയും.