ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് അമേരിക്കയും.
യു.എസിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ആണ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
”ഇന്ത്യയിലെ ഭരണകക്ഷി പാര്‍ട്ടിയായ ബി.ജെ.പിയുടെ രണ്ട് നേതാക്കള്‍ നടത്തിയ നിന്ദാപരമായ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു, തള്ളിപ്പറയുന്നു. പാര്‍ട്ടി തന്നെ ആ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞതില്‍ സന്തോഷിക്കുന്നു,” നെഡ് പ്രൈസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
”മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച ആശങ്കകളെക്കുറിച്ച് ഞങ്ങള്‍ റെഗുലറായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സീനിയര്‍ ലെവലുമായി ബന്ധപ്പെടാറുണ്ട്. മതത്തിനും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്.
മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം പ്രോത്സാഹിപ്പിക്കാനും വളര്‍ത്തിയെടുക്കാനും ഞങ്ങള്‍ ഇന്ത്യയോട് പറയാറുണ്ട്,” നെഡ് പ്രൈസ് കൂട്ടിച്ചേര്‍ത്തു.
നുപുര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ ജി.സി.സി രാജ്യങ്ങളും മറ്റ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമെല്ലാം ഉടനെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നെങ്കിലും ഇന്ത്യയുമായി ശക്തമായ നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്ന യു.എസിന്റെ ഭാഗത്ത് നിന്നും വളരെ വൈകിയാണ് ഒരു പ്രതികരണം വരുന്നത്.