കോട്ടയം: കോട്ടയത്ത് നഴ്സ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് രാസപരിശോധനാ ഫലം. അല്‍ഫാം കഴിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജിന് (33) ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുന്നത്. ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച രശ്മി മരിച്ചു. സംഭവത്തില്‍ ഹോട്ടല്‍ ഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തു.
കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് (മലപ്പുറം കുഴിമന്തി) ഹോട്ടലില്‍ നിന്നാണ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് അല്‍ഫാം വാങ്ങിക്കുന്നത്. അല്‍ഫാം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
ആന്തരികാവയവങ്ങളിലെ അണുബാധയാണ് രശ്മിയുടെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. കരള്‍, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു.
രശ്മിയുടെ മരണത്തില്‍ ഹോട്ടലിലെ പ്രധാന പാചകക്കാരന് മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടല്‍ ഉടമ കാസര്‍കോട് സ്വദേശി ലത്തീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു