ഷാജി രാമപുരം
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനതക്ക് ഏകദേശം ഒരുകോടിയില്‍ പരം രൂപായുടെ സഹായം നല്‍കി മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം മാതൃകയായി.
ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകളില്‍ നിന്ന് സംഭാവനയായി ശേഖരിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്. കേരളത്തിലെ ആലുവായില്‍ ഉള്ള ശാന്തിഗിരി ആശ്രമത്തില്‍ കഴിഞ്ഞ മെയ് മാസം മുതല്‍ 40 ല്‍ പരം കിടക്കകളോടുകൂടി ഒരു കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ഭദ്രാസനത്തിന്റെ മുഖ്യപങ്കാളിത്വത്തോടുകൂടി രോഗികള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്നു.
കൂടാതെ സഭയുടെ മിഷന്‍ ഹോസ്പിറ്റലുകളായ കറ്റാനം സെന്റ്.തോമസ്, കുമ്പനാട് ഫെലോഷിപ്പ് എന്നിവിടങ്ങളില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതിനാവശ്യമായ കൂടുതല്‍ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനായി വേണ്ട സഹായം നല്‍കി.
കര്‍ണ്ണാടക സംസ്ഥാനത്തെ ഹോസ്കോട്ട്, ശിവനാപുരം, ജംഗമകോട്ട് തുടങ്ങിയ ഗ്രാമങ്ങളിലും, ഒഡിസാ സംസ്ഥാനത്തെ കാലഹണ്ഡി മുതലായ പ്രദേശങ്ങളില്‍ ഏകദേശം ആയിരത്തില്‍പരം ഭവനങ്ങളില്‍ ഭക്ഷണ സാധനങ്ങളും ആവശ്യമുള്ള മെഡിക്കല്‍ കിറ്റും വിതരണം ചെയ്തു.
ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തില്‍ തുടക്കം കുറിച്ച ലൈറ്റ് ടൂ ലൈഫ് എന്ന പദ്ധതിയിലൂടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ഉപജീവനത്തിന് ഗതിയില്ലാതെ വിഷമിക്കുന്ന കുടുംബങ്ങളിലെ അനേക കുഞ്ഞുങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത് അവര്‍ക്കു വേണ്ട എല്ലാ സംരക്ഷണവും നല്‍കിവരുന്നു.
കോവിഡ് -19,സെക്കന്റ് വേവ്, ഹ്യുമാനിറ്റേറിയന്‍ റിലീഫ് എന്ന പേരില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകളില്‍ നിന്നും അനേകര്‍ ആത്മാര്‍ത്ഥമായി സംഭാവനകള്‍ നല്കിയതുകൊണ്ടാണ് ഇത്രയും സഹായം ചെയ്യുവാന്‍ സാധിച്ചത് എന്ന് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തുടര്‍ന്നും സഹായം തുടരേണ്ട സാഹചര്യമാണ്. സഹായം നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ ഭദ്രാസന ഓഫീസുമായോ അവരവര്‍ പ്രതിനിധാനം ചെയ്യുന്ന ഇടവക ചുമതലക്കാരുമായോ ബന്ധപ്പെടേണ്ടതാണന്ന് ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം ഭദ്രാസന ട്രഷറാര്‍ ജോര്‍ജ് ബാബു എന്നിവര്‍ അറിയിച്ചു.