Saturday, July 27, 2024

HomeAmericaപൗരോഹിത്യാധിപത്യം സഭയ്ക്ക് വലിയ നാശമുണ്ടാക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

പൗരോഹിത്യാധിപത്യം സഭയ്ക്ക് വലിയ നാശമുണ്ടാക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

spot_img
spot_img

വത്തിക്കാന്‍: പൗരോഹിത്യാധിപത്യമാണ് ഒരു സഭയ്ക്കു സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമെന്നും പൗരോഹിത്യാധിപത്യത്തിലൂടെ രോഗാതുരനാകുന്ന വൈദികരും മെത്രാനും കര്‍ദിനാളും സഭക്കു വലിയ നാശമുണ്ടാക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികത്തില്‍ ഒരു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

പൗരോഹിത്യവത്കരണം പകര്‍ചവ്യാധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരോഹിത്യവത്കരിക്കപ്പെടുന്ന അത്മായര്‍ അതിനേക്കാള്‍ ദുരന്തമാണ്. അവര്‍ സഭയ്ക്കു ശല്യമാണ്. അത്മായര്‍ എപ്പോഴും അത്മായരായിരിക്കണം എന്നും പാപ്പ വ്യക്തമാക്കി. തന്റെ ഭരണകാലത്ത് താന്‍ ഏറ്റവുമധികം സഹനമനുഭവിച്ച വിഷയം അഴിമതിയാണെന്നും പാപ്പ പറഞ്ഞു. സാമ്പത്തിക അഴിമതി മാത്രമല്ല ഹൃദയത്തിന്റെ അഴിമതിയും ഇതില്‍ ഉള്‍പ്പെടും എന്നും അദ്ദേഹം പറഞ്ഞു.

സേവനമാണ് പൗരോഹിത്യത്തിന്റെ മുഖമുദ്ര. അതില്‍ അസൂയയുടെയോ, സ്വാര്‍ത്ഥതയുടെയോ ചിന്തകള്‍ക്ക് സ്ഥാനമില്ല. നമ്മുടെ പരിമിതികളും, തെറ്റുകളും പാപങ്ങളുമെല്ലാം നമ്മുടെ കൂടെ ഉണ്ടെങ്കിലും പുരോഹിതനെന്ന നിലയില്‍ ദൈവം നമ്മെ ഏറ്റെടുക്കുന്നു. അതിനാല്‍ പുരോഹിതന്‍ ജനങ്ങളുടെ ഇടയാനാകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

മാര്‍പാപ്പയായിരിക്കുന്നത് എളുപ്പമുള്ള ജോലിയല്ലെന്നും ചെയ്യുന്നതിനു മുമ്പ് അതു പഠിക്കാനുള്ള അവസരം ആര്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിനെ തള്ളിപ്പറയുകയെന്ന വീഴ്ച പത്രോസിനുണ്ടായി. എന്നിട്ടും ഉത്ഥാനത്തിനു ശേഷം പത്രോസിനെയാണ് ഈശോ തിരഞ്ഞെടുത്തത്. അതാണു കര്‍ത്താവ് നമ്മോടു കാണിക്കുന്ന കരുണ.

പാപ്പായോടും ആ കരുണ അവിടുന്ന് കാണിക്കുന്നു. താന്‍ പ്രയോജനശൂന്യനായ ഒരു ദാസന്‍ എന്നാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ ‘മരണചിന്തകളില്‍’ എഴുതിയത് എന്നും അദ്ദേഹം വിശദീകരിച്ചു. ദൈവഹിതം ശ്രദ്ധിക്കുകയും അതു നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതും എളുപ്പമല്ല. തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍ സംഘത്തിന്റെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നതാണ് തന്റെ ഭരണപരിപാടി.

സഭ ഒരു വ്യാപാരസ്ഥാപനമോ സന്നദ്ധസംഘടനയോ അല്ല, പാപ്പാ ഒരു ഭരണാധികാരിയും അല്ല. ഈശോ പഠിപ്പിച്ചതു പ്രകാരമുള്ള കാരുണ്യപ്രവൃത്തികള്‍ ചെയ്തുവോ എന്നതിനെ ആധാരമാക്കിയായിരിക്കും കര്‍ത്താവ് എന്നെ വിധിക്കുക എന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരു സഭയും സമാധാനം നിറഞ്ഞ ഒരു ലോകവുമാണു താന്‍ സ്വപ്നം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments