വാഷിങ്ടണ്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യം ‘കൈലാസ’യുമായി 30ഓളം യു.എസ് നഗരങ്ങള്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.
ഫ്‌ളോറിഡ മുതല്‍ റിച്ച്‌മോണ്ട്, വിര്‍ജീനിയ, ഒഹിയോ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കൂട്ടത്തിലുണ്ട്. ദ്വീപ് രാജ്യമാണെന്ന് അവകാശപ്പെട്ട് കബളിപ്പിച്ചാണ് ഈ നഗരങ്ങളില്‍നിന്ന് നിത്യാനന്ദ കരാര്‍ ഒപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് മാധ്യമമായ ‘ഫോക്‌സ് ന്യൂസ്’ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് കഴിഞ്ഞ ദിവസം കൈലാസയുമായുള്ള ‘സഹോദര നഗര’ കരാര്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാങ്കല്‍പികരാജ്യവുമായി കരാര്‍ബന്ധമുള്ള മറ്റു നഗരങ്ങളുടെയും പട്ടിക പുറത്തുവന്നത്. കഴിഞ്ഞ ജനുവരി 12ന് നെവാര്‍ക്കിലെ സിറ്റി ഹാളില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് കൈലാസയുമായി നഗര ഭരണകൂടം കരാറില്‍ ഒപ്പുവച്ചിരുന്നത്.
കരാറില്‍ ഒപ്പുവച്ച ശേഷമാണ് കൈലാസയെക്കുറിച്ചുള്ള ദുരൂഹമായ വിവരങ്ങള്‍ അറിയുന്നതെന്ന് നെവാര്‍ക്ക് വാര്‍ത്താ വിനിമയ വിഭാഗത്തിലെ പ്രസ് സെക്രട്ടറി സൂസന്‍ ഗരോഫാലോ പ്രതികരിച്ചു. ഉടന്‍ തന്നെ നടപടി സ്വീകരിക്കുകയും കരാര്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
30ഓളം യു.എസ് നഗരങ്ങളുമായി കരാറില്‍ ഒപ്പുവച്ച വിവരം കൈലാസ വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്. ഇക്കാര്യം വിവിധ നഗര ഭരണകൂടങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തതായി ‘ഫോക്‌സ് ന്യൂസ്’ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഇവയില്‍ മിക്ക നഗരങ്ങളും കരാറില്‍നിന്ന് പിന്മാറുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭാ പൊതുയോഗത്തില്‍ കൈലാസ പ്രതിനിധി പങ്കെടുത്തത് വലിയ വാര്‍ത്തയായത്. ഫെബ്രുവരി 22ന് നടന്ന സ്ത്രീവിവേചനം ഇല്ലാതാക്കാനുള്ള യു.എന്‍ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ വിജയപ്രിയ എന്നു പേരുള്ള വനിതയാണ് കൈലാസ പ്രതിനിധിയായി പങ്കെടുത്തത്.
സംഭവം വിവാദമായതോടെ യു.എന്‍ ഔദ്യോഗിക വിശദീകരണവും പുറത്തിറക്കി. ഇത്തരം പരിപാടികളില്‍ എന്‍.ജി.ഒകള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാമെന്നായിരുന്നു യു.എന്‍ മനുഷ്യവകാശ ഹൈക്കമ്മിഷണറുടെ കാര്യാലയം വിശദീകരിച്ചത്.
ഇന്ത്യയില്‍ നിരവധി ബലാത്സംഗ, ബാലപീഡന കേസുകളില്‍ പിടികിട്ടാപുള്ളിയാണ് നിത്യാനന്ദ. 2010ലാണ് നിത്യാനന്ദക്കെതിരെ അനുയായി നല്‍കിയ പരാതിയില്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്.