Thursday, June 6, 2024

HomeAmericaഒരു ഏപ്രില്‍ ഫൂളാവാന്‍ ഇതില്‍ക്കൂടുതല്‍ കാരണങ്ങളെന്തിന്…

ഒരു ഏപ്രില്‍ ഫൂളാവാന്‍ ഇതില്‍ക്കൂടുതല്‍ കാരണങ്ങളെന്തിന്…

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ക്കഴിഞ്ഞ സെപ്റ്റംബറിലെ ഓസ്‌കര്‍ വേദിയില്‍ സമ്മാനിതനായ ഇന്ത്യന്‍ സംഗീത സംവിധായകന്‍ കീരവാണി പറഞ്ഞത് താന്‍ ‘കാര്‍പെന്റേഴ്‌സി’ന്റെ താളബോധത്തില്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയാണെന്നാണ്. എന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്ത ചില ഉന്നതകുലജാതരായ മലയാള മാധ്യമങ്ങള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി എഴുതിപ്പിടിപ്പിച്ചതും ചൊല്ലിപ്പറഞ്ഞതും, കീരവാണി ആശാരിമാരുടെ കൊട്ടും തട്ടും കേട്ടാണ് സംഗീതത്തില്‍ ആകൃഷ്ടനായെന്നാണ്. അങ്ങനെ പ്രസ്തുത മാധ്യമങ്ങള്‍ ഏപ്രില്‍ ഫൂളിന് മുമ്പേ വിഡ്ഢികളായി…

ഇനി ചരിത്രം…അമേരിക്കന്‍ ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസണ്‍ ഫോണോഗ്രാഫ് കണ്ടുപിടിച്ചതോടെ അദ്ദേഹം ലോക താരമായി. ശബ്ദം രേഖപ്പെടുത്താനും വീണ്ടും അതേപടി പുറപ്പെടുവിക്കുന്നതിനുമായി 1870-കള്‍ മുതല്‍ 1980കള്‍ വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന ഉപകരണമാണ് ഫോണോഗ്രഫ് അഥവാ മലയാളികള്‍ വിശേഷിപ്പിക്കുന്ന ഗ്രാമഫോണ്‍. പില്‍ക്കാലത്ത് പല രൂപമാറ്റങ്ങളും വന്ന ഫോണോഗ്രഫ് പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം എന്ന് ജനം വിശ്വസിച്ചു.

ഇതു മുതലാക്കി 1888 ഏപ്രില്‍ ഒന്നിന് ന്യൂയോര്‍ക്ക് ഗ്രാഫിക് പത്രം വായനക്കാരെ ഒന്നു പറ്റിക്കാന്‍ തീരുമാനിച്ചു. ‘മണ്ണിനെ ധാന്യമായും വെള്ളത്തെ വീഞ്ഞായും മാറ്റാന്‍ കഴിയുന്ന പുതിയ യന്ത്രം എഡിസണ്‍ കണ്ടെത്തി’ എന്നായിരുന്നു ആ ഹോട്ട് ന്യൂസ്. അതൊരു വിഡ്ഢിദിന തമാശയാണെന്ന് ആര്‍ക്കും തോന്നിയില്ല. എഡിസണ് അതു സാധിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായില്ല എന്നതു തന്നെ കാരമണം.

പിറ്റേ ദിവസത്തെ അമേരിക്കന്‍ പത്രങ്ങള്‍ വാര്‍ത്ത പകര്‍ത്തി. പലരും മല്‍സരിച്ച് എഡിറ്റോറിയലുകള്‍ എഴുതി. ”ലോകത്തിന്റെ വിശപ്പിന് എഡിസന്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു…” എന്ന പ്രഖ്യാപനത്തോടെയാണ് പല പത്രങ്ങളും പുറത്തിറങ്ങിയത്. എഡിസനെപ്പോലൊരു മഹാന്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനിച്ചതു ലോകത്തിന്റെ മഹാഭാഗ്യമാണെന്ന് മുഖപ്രസംഗങ്ങള്‍ വന്നു. സംഗതി ഏപ്രില്‍ ഫൂള്‍ തമാശയാണെന്നു സ്ഥിരീകരണം വന്നപ്പോഴേക്കും സാധാരണ ജനം എഡിന്റെ ഭക്ഷണയന്ത്രം തലയിലേറ്റിക്കഴിഞ്ഞിരുന്നു.

യന്ത്രം എപ്പോള്‍ വിപണിയിലെത്തുമെന്ന അന്വേഷണവുമായി മാസങ്ങളോളം എഡിസണ് കത്തുകള്‍ ലഭിച്ചുകൊണ്ടിരുന്നു. സാങ്കേതിക ലോകത്തെ കണ്ടെത്തലുകള്‍ പലതും അവിശ്വസനീയവും ചിലതൊക്കെ വിചിത്രവുമായതിനാല്‍ നേരേത് നുണയേത് എന്ന കാര്യത്തില്‍ ആര്‍ക്കും പെട്ടെന്നൊരു തീരുമാനം പറയാന്‍ പറ്റാറില്ല. ഇതു മുതലെടുത്തുകൊണ്ട് ടെക് ലോകം ഏപ്രില്‍ ഒന്നിന് ഇല്ലാത്ത കണ്ടെത്തലുകളും ഉല്‍പന്നങ്ങളും അവതരിപ്പിച്ച് ലോകത്തെ പറ്റിച്ച വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്.

ഏപ്രില്‍ ഒന്ന് പരസ്പരം പറ്റിക്കാനും അത് പറഞ്ഞ് രസിക്കാനും ഒക്കെയുള്ള ലോക വിഡ്ഢി ദിനമാണ്. ശിക്ഷ ഭയക്കാതെ ആരെയും പറ്റിക്കാന്‍ കഴിയുന്ന ഒരേയൊരു ദിവസം. എന്നാല്‍ പലപ്പോഴും ഈ തമാശകള്‍ പരിധിവിട്ട് പോകാറുണ്ടെന്നതും സത്യം. ഏപ്രില്‍ ഫൂളാക്കപ്പെടാത്തവര്‍ അപൂര്‍വ്വമായിരിക്കും. മാര്‍ച്ച് 31ന് രാത്രി ”ഈ വര്‍ഷം ഞാന്‍ വിഡ്ഢിയാകാന്‍ നിന്നുകൊടുക്കില്ല…” എന്ന് ഉഗ്രപ്രതിജ്ഞയെടുത്തായിരിക്കും പലരും കിടന്നുറങ്ങുക.

എന്നാല്‍ നേരം പുലരുന്നതോടെ ലോക വിഡ്ഢി ദിത്തിലേക്കാണ് ഉണരുന്നതെന്ന കാര്യം തന്നെ നാം മറന്നുപോകുന്നു. ഇക്കാര്യം ഓര്‍മ്മയുള്ള വിരുതന്മാരും വിരുതത്തികളും ചേര്‍ന്ന് നമ്മളെ വിഡ്ഢികളാക്കി ചമ്മിച്ച് തേച്ച് കൊല്ലുന്നു. രസംതന്നെ അല്ലേ.

ഏപ്രില്‍ ഒന്ന് വിഡ്ഢികളുടെ, വിഡ്ഢികളാക്കപ്പെടുന്നവരുടെ ദിനമല്ലെന്നാണ് പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക് ട്വയിന്‍ പറഞ്ഞിരിക്കുന്നത്. സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്ത് ചിരിക്കാന്‍, വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ എന്തായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്നും അതിനിടയില്‍ പിണഞ്ഞ അമളികളെക്കുറിച്ചും ഓര്‍ക്കാനുള്ള ദിനം, അതാണ് ഏപ്രില്‍ ഒന്ന് എന്നാണ് ട്വയിന്‍ പറഞ്ഞത്. വിഡ്ഢി ദിനത്തിന്റെ തുടക്കത്തെക്കുറിച്ച് പല ഊഹാപോഹങ്ങളല്ലാതെ തീര്‍ത്തും വിശ്വസനീയമായതോ എഴുതിവയ്ക്കപ്പെട്ടതോ ആയ ഒരു രേഖയും ഇല്ല. പുരാതന ഇന്ത്യയിലും മറ്റും ഏപ്രില്‍ ഒന്ന് പുതുവര്‍ഷമായാണ് ആഘോഷിച്ചിരുന്നത്.

ഏപ്രില്‍ ഫൂളിന്റെ ചരിത്ര പിറവിയെക്കുറിച്ച് രസകരമായ പല കഥകളും ഉണ്ട്. ഇതില്‍ പ്രധാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സില്‍ തുടങ്ങിയ ആഘോഷമാണ്. പുരാതന റോമില്‍ പുതുവര്‍ഷം ആഘോഷിച്ചിരുന്നത് ഏപ്രില്‍ ഒന്നിനായിരുന്നു. മധ്യകാല യൂറോപ്പുകാര്‍ മാര്‍ച്ച് 25-നെ പുതുവര്‍ഷപ്പിറവിയായി കണ്ടു. നമ്മുടെ നാട്ടില്‍ വിഷു സംക്രമവുമായി ബന്ധപ്പെട്ടാണ് ഇത് ആഘോഷിച്ചിരുന്നത്. ഇങ്ങനെ ഓരോ നാട്ടുകാരും ഓരോ രീതിയില്‍ പുതുവര്‍ഷത്തെ വരവേറ്റു. അക്കാലങ്ങളില്‍ ലോകമെമ്പാടും പത്തോ ഇരുപതോ തവണ പുതുവര്‍ഷം പിറന്നു.

ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെയിരിക്കേ, പുതുവര്‍ഷത്തിന്റെ കാര്യത്തില്‍ പോലും ലോകത്തിന് ഒരുമയില്ലല്ലോ എന്നോര്‍ത്ത് ഒരാള്‍ ദുഖിതനായി. പോപ്പ് ഗ്രിഗറി പതിമൂന്നാമനാണ് സങ്കടമുണ്ടായത്. 1582-ല്‍ അദ്ദേഹം തന്റെ സങ്കടത്തിന് പരിഹാരം കണ്ടെത്തി. ജനുവരി ഒന്നിന് പുതുവര്‍ഷം വരുന്ന രീതിയില്‍ അദ്ദേഹം കലണ്ടര്‍ പുനക്രമീകരിച്ചു. ഈ കലണ്ടറിനെയാണ് ഗ്രിഗറി കലണ്ടര്‍ എന്നു വിളിക്കുന്നത്.

അതേവര്‍ഷം തന്നെ ഫ്രാന്‍സ് പുതിയ കലണ്ടര്‍ സ്വീകരിച്ചതായി രാജാവ് ചാള്‍സ് ഒന്‍പതാമന്‍ പ്രഖ്യാപിച്ചു. അതുവരെ ഏപ്രില്‍ ഒന്നായിരുന്ന പുതുവര്‍ഷം ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനവരി ഒന്നിലായി. വാര്‍ത്താവിനിമയങ്ങള്‍ കുറവായിരുന്ന കാലത്ത് ഇത് പലരും അറിഞ്ഞില്ല. അവര്‍ പണ്ടേപോലെ ഏപ്രില്‍ ഒന്നുതന്നെ പുതുവര്‍ഷമായി ആഘോഷിച്ചു. പാരമ്പര്യവാദികളായ ചിലര്‍ ഇത് അറിഞ്ഞെങ്കിലും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

അവര്‍ പഴയ കലണ്ടറില്‍ പഞ്ചാംഗം നോക്കിയും രാഹുകാലം നോക്കിയും കഴിഞ്ഞുകൂടാന്‍ തന്നെ തീരുമാനിച്ചു. പുതിയ കലണ്ടര്‍ അവര്‍ പഠിച്ചില്ല. പാരമ്പര്യവാദികളായ ആളുകളെ അങ്ങനെ വെറുതെ വിടാന്‍ പുത്തങ്കുറ്റുകാര്‍ തയ്യാറായതുമില്ല. ഏപ്രില്‍ ഒന്നിന് പുതുവര്‍ഷപ്പുലരിയിലേക്ക് കണ്ണ് തുറക്കാന്‍ നിശ്ചയിച്ചവരെ പുതിയ തലമുറ ഏപ്രില്‍ ഫൂള്‍സ് എന്ന് വിളിച്ച് കളിയാക്കാന്‍ തുടങ്ങി. അവരെ ഫൂളാക്കുന്ന സന്ദേശങ്ങള്‍ അയച്ചു.

പതിനെട്ടാം നൂറ്റാണ്ടോടെ ഈ ഏര്‍പ്പാട് യൂറോപ്പിലാകമാനം പടര്‍ന്നു. ഇപ്പോഴും ഏപ്രില്‍ ഒന്ന് എന്ന ദിവസത്തെക്കുറിച്ച് ബോധമില്ലാത്തവര്‍ പരസ്യമായോ രഹസ്യമായോ കബളിപ്പിക്കപ്പെടുന്നു. കഴിഞ്ഞ ദിവസത്തില്‍ നിന്നുണര്‍ന്ന് പുതിയ ദിവസത്തിന്റെ ജാഗ്രതയില്‍ ജീവിക്കുവാന്‍ വിഡ്ഢിദിനം ഓര്‍മിപ്പിക്കുന്നു. ഇംഗ്ലണ്ടില്‍ ‘നൂഡി’ എന്നും ജര്‍മ്മനിയില്‍ ‘ഏപ്രിനാര്‍’ എന്നുമാണ് വിഡ്ഢികളാക്കപ്പെടുന്നവരെ വിളിക്കുന്നത്. പോര്‍ചുഗീസുകാര്‍ ഈസ്റ്റര്‍ നോമ്പിന് നാല്‍പത് ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് വിഡ്ഢിദിനം ആഘോഷിക്കുന്നത്.

മെക്‌സിക്കോയില്‍ ഡിസംബര്‍ 28-നാണ് വിഡ്ഢിദിനം. ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മകളുടെ കരച്ചില്‍ കേട്ടെത്തിയ സെറസ് മാറ്റൊലി കേട്ടഭാഗത്തേയ്ക്ക് ഓടിയത് വിഡ്ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്ന മറ്റൊരു കഥയാണ്. ഇങ്ങനെ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. അതൊക്കെ അവിശ്വസനീയവുമാണ്.

എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഏപ്രില്‍ ഫൂളിന് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നത്. മുമ്പൊക്കെ പ്രാവിന്റെ പാല്‍ കറന്നുകൊണ്ടുവരാന്‍ ആളെ അയയ്ക്കുക നീരിറ്റു വീഴുന്നത് പാത്രത്തിലാക്കാന്‍ പറയുക തുടങ്ങിയ തമാശകളാണത്രേ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ യുഗത്തില്‍ ഇന്റര്‍നെറ്റിലൂടെയാണ് പലതരം തമാശകളും നടക്കുന്നത്. വിഡ്ഢിദിന കാര്‍ഡുകള്‍ വരെ നെറ്റില്‍ ലഭ്യമാണ്.

ഏപ്രില്‍ ഒന്നിനെക്കുറിച്ച് ചില അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. ഒരു സുന്ദരി ഒരു യുവാവിനെ വിഡ്ഢിയാക്കുന്നുവെങ്കില്‍ അവള്‍ അവനെ വിവാഹം ചെയ്യണം. കുറഞ്ഞപക്ഷം അവനുമായി നല്ല സൗഹൃദമെങ്കിലും തുടരണമെന്നും ചിലര്‍ വിശ്വസിക്കുന്നു. ഏപ്രില്‍ ഒന്നിന് വിവാഹിതരായാല്‍ ഭര്‍ത്താവിനെ ഭാര്യ ഭരിക്കുമെന്നത് മറ്റൊരു വിശ്വാസം.

വിഡ്ഢികളാക്കപ്പെടുന്നവരെ ‘ഏപ്രില്‍ ഫിഷ്’ എന്നാണ് ഫ്രഞ്ചുകാര്‍ വിളിക്കുന്നത്. ഇത്തരക്കാരെ ‘ഏപ്രില്‍ ഗോക്ക്’ എന്നാണ് സ്‌കോട്ട്‌ലാന്റുകാര്‍ വിളിക്കുന്നത്. പറ്റിക്കപ്പെടുമ്പോള്‍ കരയ്ക്ക് പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയിലാകുന്നവര്‍ എന്ന മട്ടിലാണ് ഫിഷ് പ്രയോഗം വന്നതെന്ന് ചിലര്‍ പറയുന്നു. അതേസമയം, മീനുകളെപ്പോലെ എളുപ്പം പിടിയിലായവര്‍ എന്ന വ്യാഖ്യാനവും മീന്‍ പ്രയോഗത്തിന് നല്‍കാറുണ്ട്. വിഡ്ഢിയാക്കപ്പെടുന്ന വ്യക്തിയുടെ മുതുകില്‍ ഫ്രഞ്ചുകാര്‍ പേപ്പര്‍ കൊണ്ടുള്ള മത്സ്യത്തെ ഒട്ടിച്ച് വയ്ക്കുമായിരുന്നു.

ഇത് കാണുന്നവരെല്ലാം ഏപ്രില്‍ ഫിഷ് എന്നു വിളിച്ച് കളിയാക്കിയിരുന്നു. ഇംഗ്ലണ്ടില്‍ ഉച്ച വരെയാണ് ഏപ്രില്‍ ഫൂള്‍ ആഘോഷം. അതുകഴിഞ്ഞ് ആരെയും പറ്റിക്കരുത്. എന്നാല്‍, സ്‌കോട്ട്‌ലന്‍ഡില്‍ 48 മണിക്കൂര്‍ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യ, യു.കെ, ന്യൂസിലന്‍ഡ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഏപ്രില്‍ ഫൂള്‍ ആഘോഷം ഉണ്ടാകാറുള്ളൂ. അമേരിക്ക, ഫ്രാന്‍സ്, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ തമാശ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു.

പല തന്ത്രങ്ങളാണ് ഏപ്രില്‍ ഒന്നിന് രാവിലെ ആളുകള്‍ പയറ്റുക. ഉറക്കമെണീറ്റു വരുന്നതിന്റെ നിഷ്‌കളങ്കമായ മാനസികാവസ്ഥയില്‍ പലതും മേടിച്ച് കെട്ടുകയും ചെയ്യും. പലരും വിശ്വസനീയമായ പല നമ്പറുകളിടും. അതെല്ലാം പരമ്പരാഗത രീതികള്‍. പരമ്പരാഗതത്വത്തെ തകര്‍ക്കുക എന്നത് വിഡ്ഢിദിനത്തിന്റെ ജന്മസ്വഭാവമാണെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞല്ലോ. പുതിയ രീതികള്‍ വ്യത്യസ്തമാണ്…അതിനൊത്ത് മണ്ടന്‍മാരാവുകയോ ആവാതിരിക്കുകയോ ചെയ്യാം. ..ആവലാതി വേണ്ട…അലവലാതികളുമാവേണ്ട…അതൊരു തമാശയുടെ സ്പിരിറ്റായാല്‍ മതിയല്ലോ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments