എ.എസ് ശ്രീകുമാര്‍
നിരപരാധികളെ കൊലയ്ക്ക് കൊടുത്ത മുംബൈ സ്‌ഫോടനത്തിന് ശേഷം സന്തോഷമടക്കാനാവാതെ കൊടും ഭീകരന്‍ തഹാവൂര്‍ റാണ തന്റെ ഉറ്റ മിത്രമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയോട് പറഞ്ഞത്, ”അവര്‍ക്ക് നിഷാന്‍-ഇ-ഹെയ്ദര്‍ നല്‍കണം…” എന്നാണ്. രാജ്യത്തിനായി യുദ്ധം ചെയ്ത് മരിച്ച സൈനികര്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് നിഷാന്‍-ഇ-ഹെയ്ദര്‍. മുംബൈയില്‍ 166 പേരെ കൊന്നൊടുക്കിയ ഭീകരരെ സൈനിക ബഹുമതി നല്‍കി ആദരിക്കണമെന്നായിരുന്നു റാണ ആഗ്രഹിച്ചതെന്ന് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് വ്യക്തമാക്കുന്നു. സ്‌ഫോടനം ഇന്ത്യക്കാര്‍ അര്‍ഹിച്ചതായിരുന്നുവെന്നാണ് ലഷ്‌കര്‍ ഭീകരനായ ദാവൂദ് ഗിലാനി എന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയോട് റാണ പറഞ്ഞത്.
ലോസ്ആഞ്ചലസില്‍ നിന്ന് ഇന്നലെ ഡല്‍ഹിയിലെത്തിച്ച റാണയെ പട്യാലയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിരുന്നു. 18 ദിവസത്തേക്കാണ് കോടതി റാണയെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തഹാവുര്‍ റാണയ്ക്ക് മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഹെഡ്‌ലി അയച്ച ഇമെയിലുകള്‍ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. ഭീകരാക്രമണ പദ്ധതി സൂചിപ്പിക്കുന്ന മെയിലുകളാണ് കോടതിയില്‍ ഹാജരാക്കിയത്. 18 ദിവസം കഴിഞ്ഞ് ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നല്‍കും. റാണയ്ക്ക് വധശിക്ഷ വാങ്ങി നല്‍കാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് 2008 നവംബര്‍ 16-ന് ഒരു സ്ത്രീക്കൊപ്പം കൊച്ചിയിലെത്തിയ തഹാവൂര്‍ റാണ മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍ താമസിച്ചതായി കേരളാ പൊലീസ് സ്ഥിരീകരിച്ചിരുന്നു. അന്ന് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെല്ലാം കേരളാ പൊലീസ് എന്‍.ഐ.എക്ക് കൈമാറിയിരുന്നു. ഹെഡ്ലി കേരളം സന്ദര്‍ശിച്ചോ എന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റാണ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യയോഗത്തിന് പറ്റിയ ഇടം എന്ന നിലയിലാവാം കൊച്ചി തെരഞ്ഞെടുത്തതെന്നായിരുന്നു അന്ന് കേരളാ പൊലീസിന്റെ നിഗമനം.
അമേരിക്കയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതിനിടെ 2019-ലാണ് റാണയെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ തഹാവൂര്‍ റാണ നല്‍കിയ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു. ബാല്യകാല സുഹൃത്തും പാക് വംശജനുമായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് ലഷ്‌കറെ തൊയ്ബയ്ക്കുവേണ്ടി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പാക് വംശജനായ കനേഡിയന്‍ പൗരനും വ്യവസായിയുമായ റാണയ്‌ക്കെതിരെയുള്ള കേസ്. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞമാസമാണ് അനുമതി നല്‍കിയത്. നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്.
1961-ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിച്ചാവാത്സിയിലാണ് റാണ ജനിച്ചത്. ഡോക്ടറായ റാണ പാകിസ്താന്‍ പട്ടാളത്തിന്റെ മെഡിക്കല്‍ കോറില്‍ ക്യാപ്റ്റന്‍ ജനറല്‍ ഡ്യൂട്ടി പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചു. ഭാര്യയ്‌ക്കൊപ്പം 1997-ല്‍ കാനഡയിലേക്ക് കുടിയേറുകയും 2001-ല്‍ കനേഡിയന്‍ പൗരത്വം നേടുകയും ചെയ്തു. പിന്നീട് ഷിക്കാഗോ, ന്യൂയോര്‍ക്ക്, ടൊറന്റോ എന്നിവിടങ്ങളില്‍ ഇമിഗ്രേഷന്‍ ഏജന്‍സി ആരംഭിച്ചു. ഹെഡ്‌ലിക്കൊപ്പം പാകിസ്താനില്‍ നടന്ന ലഷ്‌കര്‍ പരിശീലന ക്യാമ്പില്‍ റാണ പങ്കെടുത്തു.
ഭീകരാക്രമണം നടന്ന ഇടങ്ങളിലൊന്നായ താജ് ഹോട്ടലില്‍ ആക്രമണത്തിന് ദിവസങ്ങള്‍ക്കു മുമ്പെത്തിയ റാണ അവിടെ താമസിച്ചു. 2008 നവംബര്‍ 26-ന് മുംബൈയില്‍ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. രാത്രി 8 മണിക്ക് തുടങ്ങിയ ആക്രമണം 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബര്‍ 29-ന് ഇന്ത്യന്‍ ആര്‍മി അക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. ആക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടു. 327 പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. താജ് ഹോട്ടല്‍, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനസ്, ലിയോപോള്‍ഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാന്‍ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്.
കടല്‍ മാര്‍ഗം മുംബൈയിലെത്തിയ 10 പാകിസ്ഥാന്‍ ഭീകരരാണ് മുംബൈയെ രണ്ടു ദിവസത്തിലധികം മുള്‍മുനയില്‍ നിര്‍ത്തിയത്. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളില്‍ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്‌റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ടാജ് മഹല്‍ പാലസ്-ടവര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂയിഷ്, മെട്രോ ആഡ്‌ലാബ്സ് തീയേറ്റര്‍, പോലീസ് ഹെഡ് ക്വോര്‍ട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്.
2009 ഒക്‌ടോബര്‍ 18-ന് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡെന്‍മാര്‍ക്കിലെ പത്ര സ്ഥാപനം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് റാണയും ഹെഡ്‌ലിയും അറസ്റ്റിലായി. ഹെഡ്‌ലിക്കും റാണയ്ക്കുമെതിരെ ഡല്‍ഹിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) 2009 നവംബര്‍ 11-ന് കേസെടുത്തു. ഡെന്‍മാര്‍ക്കിലെ ഭീകരാക്രണ ഗൂഡാലോചന, ലഷ്‌കറെ തൊയ്ബയ്ക്ക് സാമ്പത്തിക സഹായം നല്‍കിയതിനും യു.എസ് ജില്ലാ കോടതി റാണയെ 14 വര്‍ഷം തടവിന് ശിക്ഷിച്ചത് 2011 ജനുവരി 9-ാം തീയതിയാണ്.
ഡിസംബര്‍ 24-ന് റാണയെ കൈമാറണമെന്ന് എന്‍.ഐ.എ ആവശ്യപ്പെടുന്നു. 2025 ജനുവരി 21-ന് റാണയുടെ ഹര്‍ജി പരിഗണിക്കാന്‍ യു.എസ് സുപ്രീം കോടതി വിസമ്മതിച്ചു. മോദിയും ട്രംപും റാണയെ കൈമാറുന്നതു സംബന്ധിച്ച് 2025 ഫെബ്രുവരി 13-ന് ധാരണയിലെത്തി. ഫെബ്രുവരി 27-ന് ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് റാണ സുപ്രീം കോടതിയില്‍ പെറ്റീഷന്‍ നല്‍കി. ഏപ്രില്‍ 7-ന് സുപ്രീംകോടതി റാണയുടെ പെറ്റീഷന്‍ തള്ളി. ഏപ്രില്‍ 10-ന് റാണയെ ഇന്ത്യയ്ക്ക് കൈമാറി. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതോടെ റാണയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും ചുരുളഴിയുമെന്നാണ് കരുതുന്നത്.
തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത് നേട്ടമാണെങ്കിലും പ്രധാന പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ യു.എസ് വിട്ടുനല്‍കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പലതവണ ഇന്ത്യയിലെത്തുകയും മുംബൈയില്‍ ആക്രമണം ലക്ഷ്യമിടുന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ലഷ്‌കറെ തോയ്ബയ്‌യ്ക്കു കൈമാറുകയും ചെയ്തതു ഹെഡ്‌ലിയാണ്. കേസില്‍ റാണയെക്കാള്‍ ഗുരുതര കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത് ഹെഡ്‌ലിക്കെതിരെ ആയതിനാല്‍ റാണയെ മാത്രം കൈമാറി ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഉലച്ചില്‍ തട്ടാതെ നോക്കുകയാണ് അമേരിക്ക. യു.എസില്‍ 35 വര്‍ഷത്തെ തടവിലാണ് ഹെഡ്‌ലി.