വാഷിങ്ടണ്‍: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഈ ആഴ്ച അവസാനം വാഷിങ്ടണ്‍ ഡി.സി സന്ദര്‍ശിക്കും. ബൈഡന്‍ ഭരണം ആരംഭിച്ച ശേഷം ഒരു ഉന്നത ഇന്ത്യന്‍ മന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഉഭയകക്ഷി ബന്ധം മുതല്‍ ക്വാഡ്, കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ വരെയുള്ള ഇന്ത്യയുഎസ് ബന്ധത്തിന്റെ മുഴുവന്‍ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചര്‍ച്ചകള്‍ നടക്കാനാണ് സാധ്യത.
പുതിയ ഭരണത്തിന്റെ ആദ്യ 100 ദിവസങ്ങളില്‍ തന്നെ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ രണ്ട് ഉന്നതരായ പ്രതിരോധ സെക്രട്ടറിമാരെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, കാലാവസ്ഥ വ്യതിയാന പ്രതിനിധി ജോണ്‍ കെറി എന്നിവരാണ് രാജ്യത്ത് സന്ദര്‍ശനം നടത്തിയത്. ഈ രണ്ട് സന്ദര്‍ശനങ്ങളും ഇന്ത്യ-യുഎസ് ബന്ധത്തിന് ബൈഡന്‍ നല്‍കുന്ന പ്രധാന്യത്തെ പ്രതിഫലിപ്പിക്കുന്നവയാണ്.
കൊവിഡ് പ്രതിസന്ധി നേരിടുന്നതിനായി പ്രസിഡന്റ ബൈഡന്‍ ആവശ്യമായ എല്ലാ സഹായങ്ങളും രാജ്യത്തിന് വാഗ്ദാനം ചെയ്തിരുന്നു. കൊവിഡ് വ്യാപന ഘട്ടത്തില്‍ ഇതുവരെ 500 ദശലക്ഷം യു.എസ് ഡോളര്‍ വില വരുന്ന സഹായങ്ങള്‍ അമേരിക്കയില്‍ നിന്നും രാജ്യത്ത് എത്തിയിട്ടുണ്ട്.
അതിനാല്‍ തന്നെ ബൈഡന്‍ ഭരണത്തിന്‍ കീഴില്‍ ജയ്ശങ്കര്‍ തന്റെ ആദ്യ യാത്ര അമേരിക്കയിലേക്ക് നടത്തുമ്പോള്‍ ബന്ധങ്ങളുടെ മുഴുവന്‍ ഭാഗവും ചര്‍ച്ചചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കൂടാതെ, നിലവിലെ ഇന്ത്യയുഎസ് ബന്ധത്തിലെ സഹകരണങ്ങള്‍ അവലോകനം ചെയ്യുന്നതിന് നേതാക്കള്‍ക്ക് ഈ സന്ദര്‍ശനം അവസരമൊരുക്കും. ഇന്ത്യയിലെ നിലവിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊവിഡ് നിയന്ത്രണം തീര്‍ച്ചയായും പ്രധാന ചര്‍ച്ചാവിഷയം ആവാനാണ് സാധ്യത.
അതേസമയം, പ്രതിരോധം മുതല്‍ കാലാവസ്ഥ വ്യതിയാനം വരെയുള്ള വിഷയങ്ങളിലും ചര്‍ച്ച നടന്നേക്കും. ഫെബ്രുവരിയില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായി ഇന്ത്യയുടെ വാക്‌സിന്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഉഭയകക്ഷി വ്യാപാരവും ക്വാഡ് സഹകരണവും പട്ടികയിലെ പ്രധാന വിഷയങ്ങളാണ്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡിജിറ്റല്‍ പങ്കാളിത്തം, വിദ്യാഭ്യാസം, ഉഭയകക്ഷി വ്യാപാരം എങ്ങനെ വര്‍ധിപ്പിക്കാം എന്നതൊക്കെയും ജയ്ശങ്കറിന്റെ വാഷിങ്ടണ്‍ ഡിസി സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന മേഖലകളാണ്.
ഇത് കൂടാതെ സന്ദര്‍ശന വേളയില്‍ ജയ്ശങ്കര്‍ വ്യവസായികളുമായും ചര്‍ച്ച നടത്തും. യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍, യുഎസ്ഇന്ത്യ സ്റ്റ്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറം എന്നീ സംഘടനകളുടെ ചര്‍ച്ചകളിലാണ് ജയ്ശങ്കര്‍ സംസാരിക്കുക.
ഉപയോഗത്തിന് തയ്യാറായ വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കുന്നതും ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. എന്നാല്‍, സഹഉത്പാദനവും വികസനവും ഉള്‍പ്പെടെ ഈ വിഷയത്തില്‍ ഒരു മാര്‍ഗരേഖ തയ്യാറാക്കാനും ഇരു രാജ്യങ്ങളും ഉറ്റുനോക്കുകയാണ്. കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടാമെന്നും നേതാക്കള്‍ ചര്‍ച്ച ചെയ്‌തേക്കും.
അമേരിക്കന്‍ ആരോഗ്യ സംവിധാനം കൊവിഡ് ഒന്നാം തരംഗത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുഎസിന് സഹായം അയച്ചതുപോലെ, ഇന്ത്യയെ ആവശ്യമുള്ള സമയത്ത് സഹായിക്കാന്‍ അമേരിക്ക ദൃഢനിശ്ചയത്തിലാണെന്ന് ബൈഡന്‍ ഏപ്രില്‍ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് എത്തിയ സ്‌റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരും ഈ സന്ദേശം പാലിക്കുമെന്ന ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.