പി.പി. ചെറിയാന്‍
സ്പ്രിങ്ഫില്‍ഡ്: മിലിട്ടറി ഡോക്ടര്‍മാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതകത്തിന് കേസെടുത്തു.
ഡോക്ടര്‍ എഡ്വേര്‍ഡ് മെക്ഡാനിയേല്‍ (55) റിട്ടയേര്‍ഡ് കേണല്‍ ബ്രിന്‍ഡാ മെക്ഡാനിയേല്‍ (63) എന്നിവര്‍ ബുധനാഴ്ച വീടിനു മുന്നില്‍ വച്ചാണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഇവരുടെ ബന്ധുവും ബിസിനസ് പങ്കാളികളുമായ റോണി മാര്‍ഷല്‍ (20), സി. ആന്‍ജലൊ സ്ട്രാന്‍ഡ് (19) എന്നിവരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റു ചെയ്തു.
മേയ് 24 തിങ്കളാഴ്ച വീട്ടില്‍ കവര്‍ച്ച നടക്കുന്നതായി ദമ്പതിമാര്‍ പൊലിസിനെ അറിയിച്ചിരുന്നു. റോണിയും ആന്‍ജലൊയുമാണു വീട്ടില്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചത്. ഇതുസംബന്ധിച്ചു വാക്കുതര്‍ക്കം ഉണ്ടായതായും, യുവാക്കളുടെ പേരില്‍ കേസെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളില്‍ ഡി. ആന്‍ജലൊയെ ഇന്നലെ രാവിലെ പൊലീസ് പിടികൂടിയിരുന്നു. വൈകിട്ട് റോണിയെയും കസ്റ്റഡിയിലെടുത്തു.
1995 മുതല്‍ മിലിട്ടറി ഡോക്ടറായി സേവനം അനുഷ്ഠിച്ചുവരികയാണ് എഡ്വേര്‍ഡ്. വിശിഷ്ഠ സേവനത്തിനു നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1983 മുതല്‍ 2009 വരെ മെഡിക്കല്‍ സര്‍ജറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിന്‍ഡയും നിരവധി അവാര്‍ഡിനര്‍ഹയായിരുന്നു.