Friday, January 10, 2025

HomeAmericaഫാ. വിനോദ് മഠത്തിപ്പറമ്പിലിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ്

ഫാ. വിനോദ് മഠത്തിപ്പറമ്പിലിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ്

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതയുടെ കീഴില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയുടെ അഞ്ചാമത്തെ വികാരിയായി നാലുവര്‍ഷങ്ങളിലെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ജൂണ്‍ 1 ന് അറ്റ്‌ലാന്റാ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ ഫൊറോനാപള്ളിയിലേക്ക് സ്ഥലംമാറിപോയ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിന് ഇടവകജനങ്ങള്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

മെയ് 30 ഞായറാഴ്ച്ച ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായും, ചിക്കാഗോ രൂപതാ പ്രൊക}റേറ്റര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. ഷാജു കാഞ്ഞിരമ്പാറയില്‍, ഫാ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മ്മികരായും ഇടവകജനങ്ങള്‍ക്കുവേണ്ടി കൃതഞ്ജതാബലി അര്‍പ്പിച്ചു.

ചിക്കാഗോ സീറോമലബാര്‍ രൂപതയില്‍ പ്രൊക്യൂറേറ്റര്‍, ചാന്‍സലര്‍, വൊക്കേഷന്‍ ആന്റ് ഫോര്‍മേഷന്‍ ഡയറക്ടര്‍, 4ലൈഫ് മിനിസ്ട്രി ഡയറക്ടര്‍, ജീസസ് യൂത്ത് യു. എസ്. എ. യുടെ നാഷണല്‍ ചാപ്ലൈന്‍, ഡയോസിഷന്‍ യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ (ഡി. വൈ. എ) എന്നീ നിലകളില്‍ പത്തുവര്‍ഷത്തെ ഭരണപരമായ സേവനത്തിനുശേഷം ആദ്യമായി അമേരിക്കയിലെ ഒരു ഇടവകയുടെ ചുമതലയുള്ള ഫുള്‍ടൈം വികാരിയായി 2017 ഏപ്രില്‍ 2 ന് ഫാ. വിനോദ് ഫിലാഡല്‍ഫിയപള്ളിയുടെ ചുമതലയേല്‍ക്കുന്നത്.

മാനന്തവാടി രൂപതയ്ക്കുവേണ്ടി 1998 ഡിസംബര്‍ 28 നു തിരുപ്പട്ടം സ്വീകരിച്ച റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ പോരൂര്‍ സെ. സെബാസ്റ്റ്യന്‍സ് ഇടവകാംഗമാണ്. വൈദികനായശേഷം 1999 മുതല്‍ 2007 വരെ മാനന്തവാടി രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ വികാരിയായും, മൂന്നുവര്‍ഷം മാനന്തവാടി ബിഷപ്പിന്റെ സെക്രട്ടറിയായും, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസി. ഡയറക്ടറായും സേവനമനുഷ്ഠിച്ചശേഷം 2007 ല്‍ അമേരിക്കയിലെത്തി.

ഷിക്കാഗോ സീറോമലബാര്‍ രൂപതയില്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കീഴില്‍ ഫാ. വിനോദ് വിവിധ സേവനമേഖലകളിലായി 10 വര്‍ഷം പൂര്‍ത്തിയാക്കിയശേഷം ഇടവകയുടെ അജപാലനദൗത്യത്തിനായി നാലുവര്‍ഷം മുന്‍പു നിയോഗിക്കപ്പെട്ടത്.

ഇടവകജനങ്ങളുടെ ആത്മീയകാര്യനിര്‍വഹണത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നേതൃത്വം, പാരീഷ് കൗണ്‍സിലില്‍ യുവജനപങ്കാളിത്തം, ഇടവക ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം, എല്ലാവിഭാഗം ജനങ്ങളുമായി നല്ല സുഹൃത്ബന്ധം എന്നിവ വിനോദ് അച്ചന്റെ അജപാലനശുശ്രൂഷയുടെ ചില പ്രത്യേകതകളാണ്.

ഇടവകയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത രണ്ടു ധ്യാനങ്ങള്‍, എല്ലാ ഞായറാഴ്ച്ചകളിലും മലയാളം കുര്‍ബാനക്കൊപ്പം യുവജനങ്ങള്‍ക്കും, മതബോധന കുട്ടികള്‍ക്കുമായി മുടങ്ങാതെയുള്ള ഇംഗ്ലീഷ് കുര്‍ബാന, യുവജനങ്ങള്‍ മേല്‍നോട്ടം വഹിച്ചു നടത്തിയ രണ്ടുവലിയ ജീവകാരുണ്യപ്രോജക്ടുകള്‍, ദേവാലയ നവീകരണം എന്നിവ ഇടവകകൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നു.

മഹാമാരിയുടെ കാലത്ത് സുരക്ഷിതരായി സാമൂഹിക അകലം പാലിച്ച് സ്വന്തം ഭവനങ്ങളില്‍ ഒതുങ്ങികൂടേണ്ടി വന്ന ഇടവകജനങ്ങള്‍ക്ക് ആധുനിക ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ സഭാശുശ്രൂഷകള്‍ ലൈവ് ആയി എല്ലാവരുടെയും സ്വീകരണമുറികളില്‍ എത്തിക്കുന്നതിനുള്ള വിനോദ് അച്ചന്റെ പരിശ്രമം ഫലം കണ്ടു. 

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ ട്രസ്റ്റിമാരായ പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, സണ്ടേസ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ചാക്കോ, സെ. വിന്‍സന്റ് ഡി പോള്‍ പ്രസിഡന്റ് ജയിംസ് ജോസഫ്, എസ്. എം. സി. സി. പ്രസിഡന്റ് ഷാജി മിറ്റത്താനി, അള്‍ത്താരശുശ്രൂഷകരുടെ പ്രതിനിധി ആന്‍സ് തങ്കച്ചന്‍, യുവജനപ്രതിനിധി ഡയാന്‍ ജോണ്‍, മരിയന്‍ മദേഴ്‌സിനുവേണ്ടി ലിസി ചാക്കോ, ഗായകസംഘം പ്രതിനിധി ഫെമിനാ ജോസ്, മാധ്യമപ്രതിനിധി ജോസ് തോമസ്, ഇംഗ്ലീഷ് കൊയറിനുവേണ്ടി കാരളിന്‍ ജോര്‍ജ് എന്നിവര്‍ ആശംസകളും, അനുമോദനങ്ങളും അര്‍പ്പിച്ചു സംസാരിച്ചു.

ഇടവകയുടെ പ്രത്യേക പാരിതോഷികം കൈക്കാരന്മാര്‍, മതാധ്യാപകരുടെ സ്‌നേഹോപഹാരം പ്രിന്‍സിപ്പല്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ജോസ് മാളേയ്ക്കല്‍ എന്നിവര്‍ നല്‍കി ആദരിച്ചു. വിശാലഫിലാഡല്‍ഫിയ റീജിയണിലെ കേരളകത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമരിക്കന്‍ കാത്തലിക്ക് അസോസിയേഷനും പ്രത്യേക സമ്മേളനത്തിലൂടെ വിനോദ് അച്ചനെ ആദരിച്ചിരുന്നു.
ഫോട്ടോ: ജോസ് തോമസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments