തൃശൂര്‍: കോവിഡ് ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ വിവാഹം നിയമത്തില്‍ ഇളവുനേടി അതിവേഗം നടത്താന്‍ ഹൈക്കോടതി ഇടപെടല്‍. അവധി തീരുന്ന അവസാന ദിവസം കോടതിയുടെ കനിവോടെ വിവാഹം നടത്തിയ വരന്‍ വെള്ളിയാഴ്ച രാത്രി തന്നെ അമേരിക്കയ്ക്കു പറന്നു.
അമേരിക്കന്‍ പൗരത്വമുള്ള തിരുവനന്തപുരം പൂഞ്ഞാര്‍ സ്വദേശി മങ്ങാട്ട് ഡെന്നിസ് ജോസഫിന്റെയും മാടക്കത്തറ ചിറയത്ത് മുറ്റിച്ചൂക്കാരന്‍ വീട്ടില്‍ ബെഫി ജീസന്റെയും വിവാഹമാണ് കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ കോടതി വിധിയനുസരിച്ചു നടന്നത്. കഴിഞ്ഞ വര്‍ഷം മേയ് 17നു നടത്താനിരുന്ന വിവാഹം കോവിഡ് മൂലം മുടങ്ങിയിരുന്നു.
അവധി ലഭിച്ചതനുസരിച്ച് ഈ വര്‍ഷം മേയ് 15ലേക്കു മാറ്റി. ഇതനുസരിച്ചു നാട്ടിലെത്തിയപ്പോഴേക്കും വീണ്ടും ലോക്ഡൗണ്‍ ആയി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം 30 ദിവസത്തെ നോട്ടിസ് വേണമെന്നതിനാല്‍ കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് നിയമപ്രകാരം വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ, കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിനുള്ള സാധ്യത മങ്ങി.
ലോക്ഡൗണ്‍ ഇളവു വരുമ്പോള്‍ ഓഫിസ് തുറക്കാന്‍ കാത്തിരുന്നെങ്കിലും യുഎസിലേക്കു മടങ്ങേണ്ടതിനാല്‍ വിവാഹം പ്രതിസന്ധിയിലായി. ഇതിനെത്തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. വീസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തിയ കോടതി, റജിസ്ട്രാര്‍ ഓഫിസിലെ നോട്ടിസ് ബോര്‍ഡില്‍ വിവാഹ വിവരം മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താന്‍ ഉത്തരവിടുകയായിരുന്നു.
കോടതി നിര്‍ദേശിച്ചതു പ്രകാരം സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് രാവിലെ10.30നു മുന്‍പായി കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ രേഖകളെല്ലാം എത്തിച്ചു. ഉച്ചയോടെ നടപടികളെല്ലാം പൂര്‍ത്തിയാക്കി വിവാഹം നടന്നു. വധൂഗൃഹത്തിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഡെന്നീസ് വിമാനത്താവളത്തിലേക്ക്. രേഖകള്‍ എല്ലാം ശരിയായി കഴിഞ്ഞാല്‍ വൈകാതെ ബെഫിയും അമേരിക്കയിലെത്തും.