ന്യൂയോര്‍ക്ക്: ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിന് ഓരോ രാജ്യത്തിനും നിശ്ചയിച്ചിരുന്ന പരിധി എടുത്തുകളയുന്നതിനുള്ള ബില്‍ യുഎസ് ജനപ്രതിനിധിസഭയില്‍. 7% എന്ന പരിധി നിലവിലുള്ളതിനാല്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാതെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്ക് ഗുണകരമാകുന്നതാണ് ബില്‍.
കുടിയേറ്റക്കാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള 7% എന്ന പരിധി എടുത്തുകളയാനും കുടുംബ സ്‌പോണ്‍സര്‍ഷിപ്പില്‍ വീസ നല്‍കുന്നതിനുള്ള 7% എന്ന പരിധി 15 ശതമാനമാക്കി ഉയര്‍ത്താനും ബില്‍ ശുപാര്‍ശ ചെയ്യുന്നു.
ജോ ബൈഡന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇരുപക്ഷവും സംയുക്തമായി അവതരിപ്പിക്കുന്ന ആദ്യ ബില്ലാണിത്. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ സോയി ലോഫ്‌ഗ്രെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ജോണ്‍ കര്‍ട്ടിസും ചേര്‍ന്നാണ് ഈഗിള്‍ ആക്ട് എന്നറിയപ്പെടുന്ന ഈക്വല്‍ അക്‌സസ് ടു ഗ്രീന്‍ കാര്‍ഡ്‌സ് ഫോര്‍ ലീഗല്‍ എംപ്ലോയ്‌മെന്റ് ആക്ട് 2021 അവതരിപ്പിച്ചത്. സെനറ്റ് കൂടി ബില്‍ പാസാക്കിയാല്‍ പ്രസിഡന്റിന്റെ അനുമതിക്ക് അയയ്ക്കും.
സമാനമായ ബില്‍ 2020 ല്‍ വന്‍ ഭൂരിപക്ഷത്തിന് (36565) സെനറ്റ് പാസാക്കിയിരുന്നെങ്കിലും ജനപ്രതിനിധിസഭയില്‍ വന്നില്ല. അന്നത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതിന്റെ നേട്ടം ലഭിക്കുമെന്ന കാരണത്താല്‍ ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുണ്ടായിരുന്ന ജനപ്രതിനിധിസഭ പരിഗണിക്കാതിരുന്നതാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്ത്യക്കാരെയാണ് ഈ പരിധി ഏറ്റവുമധികം ബാധിച്ചത്.
ഇനി യുഎസ് കമ്പനികള്‍ക്ക് ഏറ്റവും വിദഗ്ധരായ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ഇപ്പോള്‍ ഇവരെ യുഎസിനു പുറത്തുള്ള കമ്പനികള്‍ തട്ടിയെടുക്കുകയാണെന്നും ലോഫ്‌ഗ്രെന്‍ ചൂണ്ടിക്കാട്ടി. രാജ്യമേതെന്നു നോക്കാതെ ആദ്യം വരുന്നവര്‍ക്ക് യോഗ്യത നോക്കി തൊഴില്‍ വീസ നല്‍കാന്‍ കഴിയുമെന്ന് കര്‍ട്ടിസും ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ 3 ലക്ഷം ഇന്ത്യക്കാരാണ് യുഎസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിനായി ക്യൂവിലുള്ളത്. നിലവിലുള്ള രീതിയനുസരിച്ചാണെങ്കില്‍ ഇവര്‍ക്കു മുഴുവന്‍ ഗ്രീന്‍ കാര്‍ഡ് നല്‍കാന്‍ 150 വര്‍ഷം വേണ്ടിവരും.