ജോസഫ് പൊന്നോലി
ഹ്യുസ്റ്റണ്‍, ടെക്‌സാസ് : കേരളാ റൈറ്റേഴ്‌സ് ഫോറം, യു എസ് എയുടെ പ്രതിമാസ സാഹിത്യ സമ്മേളനവും ചര്‍ച്ചയും ഗൂഗിള്‍ മീറ്റ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജൂണ്‍ 27, 2021 ഞായറാഴ്ച 4 ജങ ന് നടത്തുന്നതായിരിക്കും എന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു അറിയിച്ചു. പ്രധാന പരിപാടികള്‍ താഴെ ചേര്‍ക്കുന്നു:
കഥ ജോണ്‍ കുന്തറ
കമലാ സുരയ്യ: ഓര്‍മ്മകള്‍ : അബ്ദുള്‍ പുന്നയൂര്‍കുളം
മാധവിക്കുട്ടി (കമലാ സുരയ്യ) യുടെ ഹ്യുസ്റ്റണ്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ ഈശോ ജേക്കബ്
മെയ് 23, 2021 നു നടന്ന സമ്മേളനത്തില്‍ “അനില്‍ പനച്ചൂരാന്റെ കവിതകളും, ഗാനങ്ങളും ഒരാസ്വാദനം എന്ന വിഷയം ആസ്പദമാക്കി ശ്രീ എ.സി. ജോര്‍ജ് പ്രഭാഷണം നടത്തി. ഒരു കവി, ഗാന രചയിതാവ്, സിനിമാ നടന്‍, തിരക്കഥാകൃത്ത്, വക്കീല്‍, എന്നീ നിലകളില്‍ ശോഭിച്ചിരുന്ന പനച്ചൂരാന്റെ അകാല വിയോഗം സാഹിത്യ സാംസ്കാരിക ലോകത്തിനു ഒരു തീരാ നഷ്ടമാണ് എന്ന്ശ്രീ എ. സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. പനച്ചൂരാനെ അനശ്വരമാക്കുന്ന ചില ഗാനങ്ങളുടെ ഈരടികള്‍ അദ്ദേഹം പാടി അവതരിപ്പിച്ചു.
തുടര്‍ന്ന് ശ്രീ ജോണ്‍ കുന്തറ താന്‍ രചിച്ച “വീണ്ടും കൂട്ടുകാര്‍” എന്ന കുട്ടികളുടെ കഥ വായിച്ചവതരിപ്പിച്ചു. കോവിഡ് പോലുള്ള വിഷമഘട്ടത്തില്‍ മുന്‍പ് പുച്ഛിച്ചു തള്ളുന്ന ആള്‍ക്കാര്‍ ആയിരിക്കും സഹായ ഹസ്തം നീട്ടുന്നത് എന്നതായിരുന്നു കഥയുടെ സന്ദേശം. പരസ്പര സ്‌നേഹത്തിന്റെ ആവശ്യകത കഥയിലൂടെ അദ്ദേഹം അവതരിപ്പിച്ചു.
പിന്നീട് ശ്രീ അബ്ദുള്‍ പുന്നയൂര്‍കുളം താന്‍ രചിച്ച “ബെറ്റ്‌സി” എന്ന കവിത വായിച്ചവതരിപ്പിച്ചു. വാക്ചാതുരിയിലും, ആശയ ഗാമ്ഭീര്യത്തിലും ഭാവനയിലും വേറിട്ടു നില്‍ക്കുന്ന കവിത കവിയുടെ ജീവിത പങ്കാളിയായിരുന്ന പഴയ കാറിന്റെ മനോഹരമായ ഒരു വര്‍ണ്ണനയിലൂടെ പഴയ കാമുകിയുടെ ഓര്‍മ്മകള്‍ തട്ടിയുണര്‍ത്തതായി അനുവാചകര്‍ക്ക് അനുഭവപ്പെടുന്നു.
സാഹിത്യ ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്നു, ഈശോ ജേക്കബ്, ജോണ്‍ കുന്തറ, ജോസഫ് തച്ചാറ, മാത്യു മത്തായി, ഡോ. മാത്യു വൈരമണ്‍, ജോണ്‍ തൊമ്മന്‍, ആന്‍ വര്ഗീസ് (കാനഡാ), ഡോ വര്‍ഗീസ് (കാനഡാ), അബ്ദുല്‍ പുന്നയൂര്‍ക്കുളം (ഡിട്രോയ്‌റ്), ഷാജി പാംസ് ആര്‍ട്, ജോസഫ് മണ്ഡപത്തില്‍, തോമസ് വര്ഗീസ് കളത്തൂര്‍, ജോണ്‍ ഔസേഫ്, ജോസഫ് പൊന്നോലി എന്നിവര്‍ സജീവമായി പങ്കെടുത്തു. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് പൊന്നോലി മോഡറേറ്റര്‍ ആയിരുന്നു. ട്രെഷറര്‍ മാത്യു മത്തായി നന്ദി രേഖപ്പെടുത്തി.