ഗാർലന്റ്(ഡാളസ്): മാധ്യമ രംഗത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് വർഷങ്ങളായി നടത്തിവന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് സണ്ണിവെയിൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് അഭിപ്രായപ്പെട്ടു. മെയ് 29 ന് ഗാർലന്റ് ഇന്ത്യാ ഗാർഡൻസിൽ ചേർന്ന 2022-23 വർഷത്തെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോർജ്. സോഷ്യൽ മീഡിയയുടെ അതിപ്രസരം സമൂഹമനസ്സാക്ഷിയെ കാര്യമായി സ്വാധീനിച്ചുവെന്നും കേരളത്തിൽ ജനിച്ചുവളർന്ന പഴയ തലമുറ ഇന്നും അച്ചടി-ദൃശ്യമാധ്യമങ്ങളെ ജീവിതത്തിന്റെ പ്രധാന ഭാഗമായിത്തന്നെ കണക്കാക്കുന്നുവെന്നും ഉദാഹരണങ്ങൾ സഹിതം മേയർ ചൂണ്ടിക്കാട്ടി.
പത്രസ്വാതന്ത്ര്യത്തിനും സ്വതന്ത്ര ആശയവിനിമയത്തിനും പൂർണാനുമതി നൽകുന്ന രാജ്യമാണ് അമേരിക്ക. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ സത്യസന്ധവും മറ്റുള്ളവരുടെ വികാരത്തെ ഹനിക്കാത്തതും സുതാര്യവുമായിരിക്കണമെന്നതിൽ റിപ്പോർട്ടർമാരും പത്രാധിപന്മാരും ഒരുപോലെ ശ്രദ്ധിക്കണമെന്ന് മേയർ ചൂണ്ടിക്കാട്ടി.
അമേരിക്കയിൽനിന്നും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പത്രങ്ങളിൽ പലതും സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഇന്ന് നടത്തിക്കൊണ്ടു പോകുന്നതിനു കഴിയാതെ അടിച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇവിടെ തൊഴിലിനൊപ്പം ഭാഷാ സ്‌നേഹം മൂലം മാധ്യമപ്രവർത്തനം നടത്തുന്നവരാണുള്ളത്. ഇത്തരത്തിലുള്ള മാധ്യമങ്ങളെ സഹായിക്കാൻ സമൂഹം മുന്നോട്ടു വരണമെന്നും മേയർ പറഞ്ഞു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് പ്രസിഡന്റ് സിജു വി ജോർജ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി സാം മാത്യു സ്വാഗതം ആശംസിച്ചു. അഡൈ്വസറി ബോർഡ് ചെയർമാൻ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് സംക്ഷിപ്ത വിവരണം നൽകി. മീനു എലിസബത്ത് നന്ദി പറഞ്ഞു.
റിപ്പോർട്ട് : പി.പി. ചെറിയാൻ