സതീശന്‍ നായര്‍
ചിക്കാഗോ: അനില്‍കുമാര്‍ പിള്ളയെ എട്ടാം പ്രാവശ്യവും സ്‌കോക്കി വില്ലേജിലെ കണ്‍സ്യൂമര്‍ അഫയര്‍ കമ്മീഷണര്‍ ആയി മേയര്‍ ജോര്‍ജ് വാന്‍ ഡ്യൂസന്‍ നിയമിച്ചു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നുവരികയാണ്. അനില്‍കുമാര്‍ പിള്ളയുടെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായാണ് എട്ടാമത് തവണയും അദ്ദേഹത്തെ ഈ പദവിയില്‍ നിയമിച്ചതെന്ന് മേയര്‍ അദ്ദേഹത്തിന്റെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ മുപ്പതിലേറെ വര്‍ഷക്കാലമായി സ്‌കോക്കിയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന അനില്‍ പിള്ള വിവിധ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ തനതായ പ്രവര്‍ത്തനശൈലിയും കര്‍മ്മനിരതയും ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്, ചെയര്‍മാന്‍, വളരെക്കാലം ഗീതാമണ്ഡലം പ്രസിഡന്റ്, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോള്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാനായും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, ചിക്കാഗോ ട്രസ്റ്റി എന്നീ പദവികളിലും മറ്റ് സാമൂഹിക സാംസ്‌കാരിക സംഘടനകളിലും വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.