Saturday, July 27, 2024

HomeAmericaഹിന്ദുത്വ ചിന്താധാരയുടെ ആധുനിക ശബ്ദം ജെ.നന്ദകുമാർ കെ. എച്ച്. എൻ. എ. കൺവൻഷൻ വേദിയിൽ

ഹിന്ദുത്വ ചിന്താധാരയുടെ ആധുനിക ശബ്ദം ജെ.നന്ദകുമാർ കെ. എച്ച്. എൻ. എ. കൺവൻഷൻ വേദിയിൽ

spot_img
spot_img

സുരേന്ദ്രൻ നായർ

ഒറ്റ സംബോധനകൊണ്ട് ഇന്ത്യയുടെ വേദാന്ത സംസ്കാരം അമേരിക്കയെ അറിയിച്ച സ്വാമി വിവേകാനന്ദന്റെ മണ്ണിൽ നിന്നും ചരിത്രവും വേദാന്തവും, കവിതയും രാഷ്ട്രിയവും, ശാസ്ത്രവും ആത്മീയതയും അനായാസേന വഴങ്ങുന്ന അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ്‌ ദേശിയ കൺവീനർ ജെ.നന്ദകുമാർ 2023 ഹ്യൂസ്റ്റൺ ഹൈന്ദവ സംഗമത്തിനെത്തുന്നു.

മഹാസ്‌മൃതികളുടെ കേദാര ഭൂമിയായ ഭാരതത്തിന്റെ ഭൗതികവും ആത്മീയവുമായ ശോഭയെ നിഷ്പ്രഭമാക്കുവാൻ ശ്രമിച്ച ഇസ്ലാമിക ബ്രിട്ടീഷ് അധിനിവേശ ഭരണത്തിലെ അന്തർ നാടകങ്ങളും അതിനെയൊക്കെ മഹത്വവൽക്കരിച്ചു പിൽക്കാലത്തു നടത്തിയ മാർക്സിയൻ ചരിത്ര നിർമ്മിതികളെയും കുറിച്ച് ആഴത്തിൽ പഠനം നടത്തിയ ചിന്തകനും,ഗ്രന്ഥകാരനും,പ്രഭാഷകനും സർവോപരി സംവാദകനുമായ നന്ദകുമാർ ഇന്ത്യൻ ദേശീയതയുടെ അറിയപ്പെടുന്ന വ്യാഖ്യാതാവുമാണ്.

ഏകശില നിർമ്മിതമായ മതസങ്കല്പങ്ങളും കാലഹരണപ്പെട്ട വർഗ്ഗസമര വൈരുദ്ധ്യാത്മക സിദ്ധാന്തങ്ങളും മാനവരാശിക്ക് വരുത്തിവച്ച ദുരന്തങ്ങളെയും, സർവ്വഭൂത സമഭാവന വിളംബരം ചെയ്യുന്ന ഭാരതീയ സംസ്കൃതിയുടെ ആനുകാലിക പ്രസക്തിയും പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ രചനകളും പ്രഭാഷണങ്ങളും ഇന്ത്യയിലാകെ അക്കാദമിക് സമൂഹം ഗൗരവപൂർവ്വം ചർച്ച ചെയ്യുന്ന വിഷയമാണ്.സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറമുള്ള ദേശീയതയുടെയും സമഗ്രതയുടെയും ഹൈന്ദവിക വേരുകൾ തേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം ഏതൊരു രാജ്യസ്നേഹിയിലും ആവേശം ജനിപ്പിക്കുന്നതാണ്.

ഭൂമിശാസ്ത്രപരമായും പ്രത്യയശാസ്ത്ര പ്രകാരവുമുള്ള ഭിന്നതകളെ സാംസ്കാരികമായ സന്വയത്തിലൂടെ പരിഹരിച്ചു ഭാരതത്തിന്റെ പരമമായ വൈഭവം വീണ്ടെടുക്കാനും ഇംഗ്ലീഷ് വിദ്യാഭ്യാസം ബോധപൂർവ്വം നഷ്ടപ്പെടുത്തിയ ഭാരതീയന്റെ സ്വാഭിമാനം വീണ്ടെടുക്കുവാനുമുള്ള പ്രവർത്തനത്തിനായി തന്റെ ജീവിതം സമർപ്പിച്ച മുഴുവൻസമയ സമാജ സേവകനാണ്‌ ശ്രീ നന്ദകുമാർ. അദ്ദേഹത്തിന്റെ സാന്നിധ്യം അമേരിക്കൻ ഹൈന്ദവ സമൂഹത്തിനു പ്രചോദനവും വിജ്ഞാനദായകവുമായിരിക്കുമെന്നു കൺവൻഷൻ ചെയർമാൻ ഡോ:രഞ്ജിത്ത് പിള്ള അഭിപ്രായപ്പെട്ടു.

ഭാരതത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ ഈ ഹൈന്ദവ സംഗമത്തിൽ ഭാരതത്തിന്റെ മൂല്യ ബോധവും കുടുംബ സങ്കല്പങ്ങളും അമേരിക്കൻ ജീവിതത്തിൽ പകർത്താനുതകുന്ന അനേകം കാര്യപരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ എല്ലാ മലയാളി ഹിന്ദുക്കളുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ജി. കെ.പിള്ളയും സെക്രട്ടറി സുരേഷ് നായരും അറിയിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments