Saturday, July 27, 2024

HomeAmericaസോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപ്തി

സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപ്തി

spot_img
spot_img

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂലൈ 2 – മുതല്‍ ജൂലൈ 11 വരെ ഭക്ത്യാദരപൂര്‍വം കൊണ്ടാടി.

ജൂലൈ രണ്ടിന് വെള്ളിയാഴ്ച വൈകീട്ട് 7:30ന് ഇടവക വികാരി ഫാ. ആന്റണി സേവ്യര്‍ പുല്ലുകാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ ദിവ്യബലിയും, തുടര്‍ന്ന് നടന്ന കൊടികയറ്റത്തോടും കൂടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു.

എല്ലാ ദിവസവും വിശുദ്ധ ദിവ്യബലിയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും, പ്രത്യേക നിയോഗങ്ങളോടെ പ്രാര്‍ത്ഥനകളും, സ്‌നേഹവിരുന്നും വിവിധ കുടുംബ വാര്‍ഡുകളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

സി.ഡി.സി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിന്നു ഈ വര്‍ഷത്തെയും തിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. ഒമ്പതു ദിവസങ്ങളില്‍ നടന്ന നൊവേനയിലും പ്രാര്‍ത്ഥനാ ചടങ്ങുകളും നൂറുകണക്കിന് ഇടവകാംഗങ്ങള്‍ പങ്കെടുത്തു.

കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുമൂലം വിശുദ്ധന്റെ പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 12ന് ഞായറാഴ്ച മൂന്ന് ദിവ്യ ബലികളിലായി മുന്നൂറു ഇടവകാംഗങ്ങള്‍ക്കായി ചടങ്ങുകള്‍ നിയന്ത്രിച്ചു.

ജൂലൈ പതിനൊന്നിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് 2 മണിക്ക് രൂപ പ്രതിഷ്ഠയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ആഘോഷപൂര്‍ണ്ണമായ പാട്ടുകുര്‍ബാന ചിക്കാഗോ രൂപതയുടെ അഭിവന്ദിയ പിതാവ് മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.

ചിക്കാഗോ രൂപത പ്രൊക്യൂറേറ്റര്‍ വെരി റവ ഫാ.കുരിയന്‍ നേടുംവേലിചാലുങ്കല്‍, റവ ഫാ. ഫിലിപ്പ് വടക്കേക്കര, ഇടവക വികാരി വെരി.റവ.ഫാ. ആന്റണി സേവ്യര്‍ പുല്ലുകാട്ട് എന്നിവര്‍ സഹകാര്‍മികരായി.

ദിവ്യബലി മദ്ധ്യേ അഭിവന്ദിയ പിതാവ് മാര്‍. ജേക്കബ് അങ്ങാടിയത്ത് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 20:1929 തിരുവചനങ്ങള്‍ ഇടവകാംഗങ്ങളുമായി പങ്കുവെച്ചു. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ശബ്ദമായി മാറിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ചിക്കാഗോ രൂപതയിലെ വിശ്വാസി സമൂഹത്തിന്റെ പേരിലുള്ള ദുഃഖവും, അനുശോചനവും അറിയിച്ചു.

“കിളിയെ കൂട്ടിലടച്ചാലും അത് പാടും” എന്ന സ്റ്റാന്‍ സ്വാമി അച്ചന്റെ മഹത്തായ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടുള്ള സന്ദേശവും നല്‍കി. ജീവിതം മുഴുവന്‍ പാവപ്പെട്ടവരുടേയും, സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉന്നമനത്തിനു വേണ്ടി പടപൊരുതി രക്തസാക്ഷിയായി മാറിയ ഫാ. സ്റ്റാന്‍ സ്വാമിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും, അദ്ദേഹം തുടങ്ങിവെച്ച പ്രേക്ഷിതപ്രവര്‍ത്തനങ്ങള്‍ നമ്മുടെ ജീവിതത്തിലും തുടര്‍ന്ന് കൊണ്ടുപോകുവാനും വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും തിരുനാളിലൂടെ നമ്മെയും ക്ഷണിക്കുകയാണ് എന്ന് തന്റെ തിരുനാള്‍ സന്ദേശത്തിലൂടെ ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും, അടിമ സമര്‍പ്പണവും നടന്നു. തുടര്‍ന്ന് ഇടവകയില്‍ വിശ്വാസ പരിശീലനത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയ കുട്ടികളെ അനുമോദിക്കുകയും അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

ഇടവകയിലെ ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ തിരുനാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് വിന്‍സന്‍റ് തോമസ് ആന്‍ഡ് സിസിലി, ജെയ്‌സണ്‍ അലക്‌സ് ആന്‍ഡ് ബീന, ജോണ്‍ ജോര്‍ജ് നടയില്‍ ആന്‍ഡ് സ്‌നേഹ സേവ്യര്‍, കുരിയന്‍ കല്ലുവാരപ്പറമ്പില്‍ ആന്‍ഡ് മേരിക്കുട്ടി എന്നീ കുടുംബാംഗങ്ങള്‍ ആയിരുന്നു.

അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരായി ജിജീഷ് ആന്‍ഡ് ഹെല്‍ഗ തോട്ടത്തില്‍, സ്റ്റീഫന്‍ ഈനാശു ആന്‍ഡ് ഷൈന്‍, ജോസഫ് പൗലോസ് ആന്‍ഡ് വിന്‍സി, ബെന്നി പുന്നക്കോട്ടില്‍ ആന്‍ഡ് അല്ലി എന്നിവരെയും വാഴിച്ചു.

തിരുനാളിനോടനുബന്ധിച്ച് കേരളീയ തനിമയിലും, പരമ്പരാഗത രീതിയിലും വിവിധ ഭക്തസംഘടനകള്‍ സംഘടിപ്പിച്ച സ്റ്റാളുകളും, പ്രദക്ഷിണത്തോടൊപ്പം നടന്ന ചെണ്ട മേളവും, പടക്കം പൊട്ടിക്കലും ഒക്കെ ഇടവകാംഗങ്ങളെ അവരുടെ ഓര്‍മ്മകളെ പഴയ കാല തിരുനാള്‍ ആഘോഷങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോയി.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മുഖ്യ സംഘടാകരായ ലാസര്‍ ജോയ് വെള്ളാറ, അനീഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ ആഘോഷങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി തിരുനാള്‍ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ക്രമീകരിച്ചിരുന്നു.

അഭിവന്ദിയ പിതാവ് മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 50ാം വര്‍ഷവും, എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനേഷന്റെ 20ാം വര്‍ഷവും കൂടാതെ ചിക്കാഗോ രൂപതയുടെ ഇരുപതാം വാര്‍ഷികവും ഇടവക സമൂഹം പ്രത്യക ചടങ്ങുകളോടെ തിരുനാളാഘോഷത്തോടൊപ്പം സമുചിതമായി ആചരിച്ചു.

വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിയാദരപൂര്‍വ്വം നടത്താന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ ഭക്ത സംഘടനകള്‍ക്കും, കുടുംബാംഗംങ്ങള്‍ക്കും, ഇടവക സമൂഹത്തിനും, തിരുനാളിനു നേതൃത്വം വഹിച്ചവര്‍ക്കും, വികാരിയച്ചനും, ട്രസ്റ്റിമാരും നന്ദി അറിയിച്ചു.

തിരുനാളിനു സമാപനം കുറിച്ച് തിങ്കളാഴ്ച വൈകീട്ട് ദിവ്യബലിയും, മരിച്ച ആല്മാക്കള്‍ക്കായുള്ള പ്രത്യക പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഇടവക വികാരി വെരി.റവ.ഫാ. ആന്റണി സേവ്യര്‍ പുല്ലുകാട്ട് കൊടിയിറയിറക്കിയതോടെ തിരുനാളാഘോഷങ്ങള്‍ക്ക് തിരശീലവീണു.

ജസ്റ്റിന്‍ ജോസഫ് (കൈക്കാരന്‍) (732) 7626744, സെബാസ്റ്റ്യന്‍ ആന്റണി (കൈക്കാരന്‍) (73) 6903934, ടോണി മാംങ്ങന്‍ (കൈക്കാരന്‍) (347) 721 8076, മനോജ് പാട്ടത്തില്‍ (കൈക്കാരന്‍) (908) 4002492.

വെബ്: www.stthomassyronj.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments