കോര.കെ.കോര (മുന്‍ സഭാമാനേജിംഗ് കമ്മിറ്റിയംഗം)
ഇരുപത് നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഭാരതത്തിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വാതന്ത്ര്യവും സ്വത്വവും സംരക്ഷിക്കുവാന്‍ സന്ധിയില്ലാതെ അക്ഷീണം പ്രയത്നിച്ച മഹാപുരോഹിത ശ്രേഷ്ഠനായിരുന്നു കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ ബാവ. പ
തിനൊന്നുവര്‍ഷം നീണ്ട ശ്രേഷ്ഠ മഹാപുരോഹിത ശുശ്രൂഷകളില്‍ സ്വന്തം ആരോഗ്യവും ജീവനും തൃണവല്‍ഗണിച്ച് തന്റെ സഭയുടെ സത്യവും അഭിമാനവും കാത്തുസൂക്ഷിക്കുകയെന്ന ദൗത്യം പൂര്‍ത്തീകരിച്ച് കര്‍തൃസന്നിധിയിലേക്ക് വാങ്ങിപ്പോയ പരിശുദ്ധ പിതാവിന്റെ ദീപ്തസ്മരണകള്‍ എന്നും ലോകക്രൈസ്തവ സമൂഹത്തിന് മാതൃകയായിരിക്കും.
നിഷ്ക്കളങ്കതയുടെ ആള്‍രൂപമായിരുന്ന ബാവ തിരുമേനി വാക്കുകളിലെ സൗന്ദര്യത്തേക്കാളേറെ പ്രാര്‍ത്ഥനയുടെ ശക്തിയിലും, സത്യം തുറന്നു പറയുന്നതിലും ജാഗരൂകനായിരുന്നു. വാക്കുപാലിക്കുന്നതിലും നീതിപൂര്‍വ്വമായി ഇടയത്വ ശുശ്രൂഷ നിര്‍വ്വഹിക്കുന്നതിലും ബാവക്കുണ്ടായിരുന്ന അതിതര സാധാരണമായ സ്വഭാവ വൈശിഷ്ട്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സഭാതര്‍ക്ക വിഷയങ്ങളിലുള്ള ദൃഢനിശ്ചയങ്ങളും നിലപാടുകളും തട്ടിക്കൂട്ടു സമവാക്യങ്ങളോടുള്ള എതിര്‍പ്പും വിഭാഗീയതയുടെ ചുഴലിയില്‍പ്പെട്ടുഴലുന്ന സഭയുടെ ശാശ്യത സമാധാനത്തിനുള്ള അഭിവാഞ്ഛയുമായിരുന്നു. രാജ്യനിയമങ്ങള്‍ക്ക് കീഴ്പ്പെട്ട്, സത്യത്തിന്റെ മാര്‍ഗേ ചരിച്ച് ഒരേ വിശ്വാസവും ആരാധനയും നടത്തുന്നവര്‍ സമാധാനത്തോടെ ഒരേ ശരീരമായി ദൈവത്തെ ആരാധിക്കുന്നവരാകണം എന്നതായിരുന്നു സഭാസമാധാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ദേവലോകം കാതോലിക്കേറ്റ് അരമനക്കടുത്തു താമസിക്കുന്ന കുടുംബാംഗം എന്ന നിലയില്‍ മലങ്കര സഭാഅദ്ധ്യക്ഷന്‍മാരുമായി ഏറെ അടുത്തു ബന്ധം പുലര്‍ത്തുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ പ്രതിനിധി എന്ന നിലയില്‍ നിരവധി തവണ മാനേജിംഗ് കമ്മറ്റിയംഗമായി പ്രവര്‍ത്തിക്കുവാനുള്ള അസുലഭഭാഗ്യമുണ്ടായി.
കാലം ചെയ്ത പൗലൂസ് ദ്വിതീയന്‍ ബാവയുടെ ഭരണകാലം ഏറെ കലുഷിതമായിരുന്നുവെങ്കിലും സഭക്ക് ദിശാബോധം നല്‍കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലെ കൃത്യതയും പ്രാര്‍ത്ഥനാനുഗ്രഹങ്ങളും അനുഭവിക്കുവാന്‍ സാധിച്ചത് നന്ദിയോടെ സ്മരിക്കുന്നു.
പുത്രന്റെ വിവാഹ ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുവാനുള്ള ക്രമീകരണം ബാവയുടെ അഭീഷ്ട പ്രകാരം ഞങ്ങള്‍ കാലേകൂട്ടി ചെയ്തുവെങ്കിലും പെട്ടെന്നുണ്ടായ സഭാപരമായ ഒരത്യാവശ്യം മൂലം യാത്ര റദ്ദാക്കേണ്ടിവന്നുവെങ്കിലും ആ ശുശ്രൂഷ ഏറ്റവും ഭംഗിയായി നിര്‍വഹിക്കുവാന്‍ തക്കവണ്ണം മറ്റൊരു മെത്രാപ്പോലീത്തയെ കല്‍പ്പിച്ചയച്ച ആ വലിയ മനസ്സിന്റെ കാരുണ്യ-സ്നേഹ വായ്പ്പുകള്‍ ഒരിക്കലും മറക്കുവാന്‍ കഴിയില്ല. സഭയുടെ മഹാപ്രധാനാചാര്യന്‍ എന്നതിലുപരി കറയില്ലാതെ സ്നേഹിച്ച പിതാവായിരുന്നു എനിക്കദ്ദേഹം.
സര്‍വ്വശക്തനായ ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് വാങ്ങിപ്പോയ ബാവ നിത്യതയുടെ വിശ്രമത്തിലായിരിപ്പാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ശ്രേഷ്ഠാചാര്യന്റെ സ്മരണയ്ക്കു മുമ്പില്‍ സ്നേഹത്തിന്റെ അശ്രുപൂജകള്‍ സമര്‍പ്പിക്കുന്നു.
കോര.കെ.കോര (മുന്‍ മാനേജിംഗ് കമ്മിറ്റിയംഗം മലങ്കര ഓര്‍ത്തഡോക്സ് സഭ അമേരിക്കന്‍ ഭദ്രാസനം)