എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: പ്രശസ്ത മോഹിനിയാട്ടം പ്രതിഭയും ഹൂസ്റ്റണ്‍ മലയാളിയുമായ കലാശ്രീ ഡോ. സുനന്ദ നായര്‍, തന്റെ ഗുരു ഡോ. കനക് റെലെയ്ക്ക് അപൂര്‍വ ഗുരുദക്ഷിണയുമായി മുംബൈയില്‍. ഡോ. സുനന്ദാ നായരും ശിഷ്യരും ഒരുക്കുന്ന നൃത്ത സന്ധ്യയാണ് 85-ാം ജന്‍മദിന സമ്മാനവും ഗുരുദക്ഷിണയുമായി ഡോ. കനക് റെലെയ്ക്ക് സമര്‍പ്പിക്കുന്നത്. മുംബൈ, അന്ധേരി വെസ്റ്റിലുള്ള മുക്തി കള്‍ച്ചറല്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 31-ാം തീയതി വൈകുന്നേരം അഞ്ച് മണിക്കാണ് സ്തുത്യുപഹാരമായിട്ടുള്ള നൃത്ത പരിപാടി അരങ്ങേറുന്നത്.

ഗുജറാത്തില്‍ നിന്നുള്ള ശാസ്ത്രീയനൃത്ത ഇതിഹാസമായ ഡോ. കനക് റെലെയുടെ കീഴില്‍ 1985 മുതല്‍ സുനന്ദാ നായര്‍ മോഹിനിയാട്ടം അഭ്യസിച്ചു. നാടകാചാര്യന്‍, കവി, ഗാനരചയിതാവ്, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കരുടെ രചനകളും പത്മഭൂഷണ്‍ ഡോ. കനക് റെലെയുടെ കൊറിയോഗ്രാഫിയുമാണ് തന്റെ മോഹിനിയാട്ട ജീവിതത്തിന്റെ ആകെത്തുകയെന്ന് സുനന്ദ നായര്‍ പറയുന്നു.
സുനന്ദ നായര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുള്ള മുന്ന് ശിഷ്യകളും ഗള്‍ഫില്‍ നിന്നുള്ളവരും ഡല്‍ഹി, പൂനെ, ഭോപ്പാല്‍, ബെംഗളുരു, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്ത പരിപാടിയില്‍ പങ്കെടുക്കുന്നു. മര്‍മശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നാട്ടക്കുറിഞ്ഞി ഗണപതി, കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ കൃഷ്ണകാവ്യം, ഈശ്വരകൃഷ്ണകരുണാമൃത സാഹിത്യസംബന്ധിയായ നൃത്തരൂപം, ശ്രീകൃഷ്ണ ഭക്തിയിലുള്ള സംസ്‌കൃത രചനയായ മധുരാഷ്ട്രകം, ആത്മാവും പരമാത്മാവും തമ്മില്‍ ചേരുന്ന ജീവ തുടങ്ങിയ ഇനങ്ങളാണ് നൃത്ത സന്ധ്യയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

”എന്റെ ഗുരു എനിക്ക് പഠിപ്പിച്ച് തന്നത് പരമാവധി എന്റെ ശിഷ്യര്‍ക്ക് പകര്‍ന്ന് കൊടുക്കുകയും അത് അവര്‍ എന്റെ ഗുരുവിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് എന്റെ ഗുരുദക്ഷിണ…” സുനന്ദ നായര്‍ പറഞ്ഞു. മോഹിനിയാട്ടത്തിലുള്ള തന്റെ കഴിവ് കാട്ടിത്തന്നത് ഗുരു കനക് റെലെയാണ്. അത് തന്നാലാവും വിധം ശിഷ്യരെ പഠിപ്പിക്കു ന്നുവെന്ന് സുനന്ദ നായര്‍ വ്യക്തമാക്കി.
മോഹിനിയാട്ടത്തിലെ തപസ്വിനിയായാണ് കനക് റെലെയെ വിശേഷിപ്പിക്കുന്നത്. മോഹിനിയാട്ടം അടക്കമുള്ള വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങളെ പരിപോഷിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളെ മാനിച്ച് ഭാരത സര്‍ക്കാര്‍ അവരെ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. മോഹിനിയാട്ടത്തിനെക്കുറിച്ച് ഗവേഷണം നടത്തിയ റെലെ പിന്നീട് കാവാലം നാരായണപ്പണിക്കരുമായി ചേര്‍ന്ന് മോഹിനിയാട്ടത്തിലെ തനതു ശൈലിയെക്കുറിച്ചുള്ള വിദഗ്ദ്ധ പഠനത്തില്‍ ഏര്‍പ്പെട്ടു. ഒരു നൃത്തരൂപമെന്നതിലുപരി ശാസ്ത്രീയമായും, വൈജ്ഞാനികമായും മോഹിനിയാട്ടത്തെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ കനക് വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഏഴാമത്തെ വയസ്സു മുതല്‍ ഗുരു കരുണാകര പണിക്കരുടെ കീഴില്‍ കഥകളി അഭ്യസിച്ചു.
ഇന്ത്യയിലും വിദേശത്തും ഒട്ടേറെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള കനക് റെലെ നൃത്തരൂപങ്ങളെക്കുറിച്ച് രചിച്ചിട്ടുള്ള പുസ്തകങ്ങള്‍ കലാമണ്ഡലം ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠനത്തിനായി ഉപയോഗിക്കുന്നു. മുംബൈയിലെ ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ ഗവേഷണം നടത്തിയ കനക് റെലെ മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ഗവേഷണം നടത്തി പി.എച്ച്.ഡി നേടി. 1967ല്‍ നൃത്ത കലകളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കേരളത്തിലെ ചെറുതുരുത്തിയിലുമെത്തി.
ജൂലൈ 31-ാം തീയതി മുംബൈ നഗരത്തില്‍ നൃത്ത സന്ധ്യയ്ക്ക് അരങ്ങുണരുമ്പോള്‍ അത് ഡോ. സുനന്ദാ നായരിലൂടെ തുടര്‍ച്ച നേടുന്ന കനക് റെലൈ ബാണിയുടെ നാട്യ വിളംബരമാവും.