മൊയ്തീന്‍ പുത്തന്‍ചിറ
മിഷിഗണ്‍: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല ഇടവകകളില്‍ ഒന്നായ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകയുടെ പുതിയ മദ്ബഹയുടെ കൂദാശയും നവീകരിച്ച ദേവാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷയും ഓഗസ്റ്റ് 29 ഞായറാഴ്ച വൈകിട്ട് 4:30ന് നടത്തപ്പെടും.
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും പുതിയ മദ്ബഹയില്‍ ആദ്യ വിശുദ്ധ കുര്‍ബ്ബാന അനുഷ്ഠിക്കുകയും ചെയ്യും.
1975ല്‍ തുടക്കം കുറിച്ച് നാലര പതിറ്റാണ്ടിന്റെ ചരിത്രവുമായി ആത്മീയ പന്ഥാവില്‍ യാത്ര തുടരുന്ന ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകജനങ്ങളുടെ ഐക്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സാക്ഷ്യത്തിന്റെയും അടയാളപ്പെടുത്തലാണ് പുതിയ മദ്ബഹയും ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച ദേവാലയവും.
കൂദാശയോട് ചേര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് ഇടവക പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പ്രകാശനം ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും. അതോടൊപ്പം കൂദാശയോടനുബന്ധിച്ചു ഇടവക നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ 2020 മാര്‍ച്ചില്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ദേവാലയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഈ മഹാമാരിയുടെ കാലത്തും പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് പ്രതിസന്ധികളിലും വിഘടന ചിന്തകളിലും തളര്‍ന്നുപോകാതെ ഇടവക ജനങ്ങള്‍ ഒറ്റകെട്ടായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ സാക്ഷ്യപത്രമാണ്.
വിനോദ് തോമസ് കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ച പ്രൊജക്ട് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്റഗ്രിറ്റി ബില്‍ഡിംഗ് ഗ്രൂപ്പ് കമ്പനിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇടവക വികാരി റവ. വര്‍ഗീസ് തോമസ്, വൈസ് പ്രസിഡന്റ് തോംസണ്‍ ഡേവിഡ്, സെക്രട്ടറി അലന്‍ ജി. ജോണ്‍, ട്രസ്റ്റി ജോര്‍ജ് കോശി, അക്കൗണ്ടന്റ് സ്റ്റീവ് വര്‍ഗീസ് എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രൊജക്റ്റ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കൂദാശയുടെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.
ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക ചുമതലക്കാര്‍ അറിയിച്ചു.