ഫ്രാന്‍സീസ് തടത്തില്‍
ന്യൂയോര്‍ക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രഫ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ പ്രവത്തനങ്ങള്‍ക്കു കരുത്തേകാന്‍ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 10ന് (നാളെ) അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10ന് മൗണ്ട് ഒളിമ്പോസ് ഡൈനറില്‍ നടത്തുന്ന അത്താഴ വിരുന്നില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും.
സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മാജിക്ക് ഉള്‍പ്പെടെയുള്ള വിവിധ കലാരൂപങ്ങള്‍ പരിശീലനം നല്‍കി അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചു വളര്‍ത്തുവാനാണു ലോകം ഏറെ ആദരവോടെ കാണുന്ന കാരുണ്യപ്രവര്‍ത്തകനായ പ്രഫ. ഗോപിനാഥ് മുതുകാട് ഇപ്പോള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനായി അദ്ദേഹം അടുത്തിടെ പ്രഫഷണല്‍ മാജിക് ഷോകളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
സമൂഹത്തില്‍ ഏറ്റവും പാര്‍ശ്യവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ 100 കുട്ടികളാണു പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പരിശീലനം നേടിവരുന്നത്. ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭിക്കുന്ന ഈ കുട്ടികളുടെ കലാ പ്രകടങ്ങള്‍ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള കൂടുതല്‍ കുട്ടികളുമായി തന്നെ സമീപിച്ചു വരുന്ന മാതാപിതാക്കളുടെ കണ്ണീരു തുടക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണു കുട്ടികളുടെ എണ്ണം 100 ല്‍ നിന്ന് ഇരട്ടിയായി 200 ആക്കി വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൗകര്യവും വര്‍ധിപ്പിക്കേണ്ടതിനാല്‍ പണച്ചെലവും വര്‍ധിക്കുന്നു. അതിനുള്ള ധനം കണ്ടെത്തുന്നതിനുള്ള പ്രയാണത്തിലാണ് അദ്ദേഹം ഇപ്പോള്‍.
മുതുകാടിനേയും ആദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളെയും എന്നും ഏറ്റെടുത്തിട്ടുള്ള അമേരിക്കന്‍ മലയാളികള്‍ അദ്ദേഹത്തെ ഇക്കുറിയും കൈവെടിയുകയില്ല. ഏറെ പ്രചോദനകള്‍ നല്‍കുന്ന മുതുകാടിന്റെ വാക്കുകള്‍ ശ്രവിക്കാനും അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് കരുത്തേകാനും എല്ലാ മലയാളി സുഹൃത്തുക്കളും പങ്കു ചേരണമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് തിമോത്തി ഹോഡ്ജെസ്, മുന്‍ പ്രസിഡന്റ് സ്റ്റീവ് സിംപ്സണ്‍, പ്രസിഡന്റ് ഇലക്ട് ജോര്‍ജ് ജോണ്‍ കല്ലൂര്‍, സെക്രട്ടറി ഗ്രിഗറി ആര്‍ക്കേഡ്, പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഒളിമ്പോസ് ഡൈനറില്‍ വൈകിട്ട് 6.15നാണ് ഡിന്നര്‍ മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. മീറ്റിംഗില്‍ ക്ലബ്ബ് അംഗങ്ങളുമായി ലോകോത്തര മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഗോപിനാഥ് മുതുകാട് മാജിക്ക് പ്ലാനറ്റിലെ പ്രവര്‍ത്തനങ്ങളെക്കുറിറിച്ച് മൗണ്ട് വിശദീകരിക്കുകയും സംവദിക്കുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: തിമോത്തി ഹോഡ്ജെസ്: 914 760 4148, സ്റ്റീവ് സിംപ്സണ്‍: 914 774 2729, ജോര്‍ജ് ജോണ്‍ കല്ലൂര്‍: 914 804 8693, ഗ്രിഗറി ആര്‍ക്കേഡ്: 914 589 2090, പോള്‍ കറുകപ്പിള്ളില്‍: 845 553 5671