എ.എസ് ശ്രീകുമാര്‍
ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളെ ഒരു കൂടക്കീഴില്‍ അണിനിരത്തുന്ന ഫോമായുടെ ഏഴാമത് ചരിത്ര കണ്‍വന്‍ഷന് മെക്‌സിക്കോയിലെ വിനോദ സഞ്ചാര നഗരമായ കാന്‍കൂണില്‍ ഭദ്രദീപം തെളിയാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ചാം തീയതി വരെ ആര്‍ഭാഡത്തിന്റെ അവസാന വാക്കായ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഈ മലയാളി മാമാങ്കം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.
കാന്‍കൂണ്‍ കണ്‍വന്‍ഷനിലെ ഏറെ പ്രത്യേകതയുള്ള അതിഥിയാണ് ദലീമ ജോജോ. ഒരിക്കല്‍ പാട്ടുപാടി ജനങ്ങളുടെ മനസിലേക്ക് കയറിയ ദലീമ എന്ന ദലീമ ജോജോ ഇന്ന് അരൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പ്രിയപ്പെട്ട എം.എല്‍.എയാണ്. നിഷ്‌കളങ്കമായി എല്ലാവരെയും സ്നേഹിക്കുന്ന കലാകാരിയും ഒപ്പം എല്ലാവര്‍ക്കും വേണ്ടി ജീവിക്കുന്ന ജനപ്രതിനിധിയുമാണ് ദലീമ. ഗായിക എന്ന നിലയിലുള്ള പ്രശസ്തിയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായുള്ള നിസ്തുലമായ പ്രവര്‍ത്തനവും വ്യക്തി ബന്ധങ്ങളും കൈമുതലാക്കിയാണ് ദലീമ നിയമസഭയിലേയ്ക്കുള്ള കന്നി വിജയം കൊയ്തെടുത്തത്.
ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയയായ ദലീമ അയ്യായിരത്തിലധികം ക്രിസ്ത്യന്‍ ഡിവോഷണല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. 1997 ല്‍ കല്യാണപ്പിറ്റേന്ന് എന്ന സിനിമയിലെ ‘തെച്ചി മലര്‍ കാടുകളില്‍…’ എന്ന ടൈറ്റില്‍ സോങ്ങിലൂടെ മലയാള സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ധാരാളം ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ജനഹൃദയങ്ങളില്‍ ഇടംനേടി.
ജോണ്‍ ആറാട്ടുകുളത്തിന്റെയും അമ്മിണി ജോണിന്റെയും ഇളയ മകളായ ദലീമ വളരെ ചെറുപ്പം മുതല്‍ എഴുപുന്ന ഗ്രാമത്തിലെ പള്ളി ഗായക സംഘത്തിലെ അംഗമായിരുന്നു. പ്രീ-ഡിഗ്രിക്ക് ശേഷം സംഗീതം തന്റെ സപര്യയാക്കി. രാമന്‍കുട്ടി മാസ്റ്ററുടെ മാര്‍ഗനിര്‍ദേശ പ്രകാരം കര്‍ണാടക സംഗീതത്തില്‍ എട്ട് വര്‍ഷം പരിശീലനം നേടി.
സ്റ്റേജ് ഷോകളില്‍ പാടിയാണ് ദലീമ തന്റെ കരിയര്‍ ആരംഭിച്ചത്. കോള്‍പ്പിംഗ് സൊസൈറ്റിയിലൂടെ ജര്‍മ്മനി, ഇറ്റലി, റോം എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര പരിപാടികളിലും ഷോകളിലും പാടാന്‍ ദലീമയ്ക്ക് അവസരം ലഭിച്ചു. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലെ സ്റ്റേജ് ഷോകളിലും ദലീമ പാടി. മികച്ച ഗായികയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി സംസ്ഥാന അവാര്‍ഡ് മൂന്ന് വട്ടം കരസ്ഥമാക്കിയ ദലീമ രണ്ട് ദൃശ്യ അവാര്‍ഡുകളും നേടി. കന്നഡ, തെലുങ്ക് എന്നിവിടങ്ങളില്‍ നിരവധി ഗാനങ്ങള്‍ ഡബ്ബ് ചെയ്തു.
കേരള നിയമസഭയെ സംഗീത സാന്ദ്രമാക്കുന്ന അനുഗ്രഹീത ഗായിക ദലീമയുടെ സാന്നിധ്യം ഫോമായുടെ മഹനീയ വേദികളെയും രാഗമുഖരിതമാക്കും.
അമേരിക്കന്‍ മലയാളികളുടെ ആശ്രയവും, പ്രതീക്ഷയുമായ ഫോമായുടെ കണ്‍വന്‍ഷന്‍ ജനപങ്കാളിത്തത്തിലും പരിപാടികളുടെ മികവിലും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവര്‍ പറഞ്ഞു.