Saturday, September 7, 2024

HomeAmericaമോഹ സുന്ദരിയായ എസ്തറും ഗ്രാന്റ് കാന്യനിലെ കല്ലുകൾ പറഞ്ഞ കഥയും

മോഹ സുന്ദരിയായ എസ്തറും ഗ്രാന്റ് കാന്യനിലെ കല്ലുകൾ പറഞ്ഞ കഥയും

spot_img
spot_img

ചെറിയാൻ മഠത്തിലേത്ത്

ഹൂസ്റ്റൺ: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം കഴിഞ്ഞ ഏതാനും മാസത്തെ പരീക്ഷണാത്മകമായ ഓപ്പൺ ഫോറത്തിന് ശേഷം ഇക്കുറി ഒരു കഥയും ശാസ്ത്രീയ ലേഖനവുമാണ് ചർച്ചയ്ക്ക് വിധേയമാക്കിയത്. അതുകൊണ്ടുതന്നെ മീറ്റിങ്ങിന് ഏറെ പുതുമയുണ്ടായിരുന്നു.

ഈ കൂട്ടായ്മയിലെ അംഗങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി രേഖപ്പെടുത്താനും അത് നമ്മുടെ സമൂഹത്തിലേക്ക് പകർന്നു കൊടുക്കാനും കൂടിയുള്ള വേദിയാണ് കേരളാ റൈറ്റേഴ്‌സ് ഫോറം. ലോകത്തെയും അമേരിക്കൻ മലയാളി സമൂഹത്തെയും ഒക്കെ ബാധിക്കുന്ന വിഷയങ്ങൾ അനവധിയുള്ളപ്പോൾ അവയെല്ലാം ഒരു ദിവസം ചർച്ചയ്ക്ക് വയ്ക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതിനാൽ അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങളാണ് സംവാദത്തിനായി തിരഞ്ഞെടുക്കുന്നത്.

ഇത്തവണത്തെ പ്രതിമാസ യോഗത്തിൽ അധ്യക്ഷത വഹിച്ച കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമൺ, സെക്രട്ടറിയുടെ അഭാവത്തിൽ ഏവർക്കും ഹൃദ്യമായ സ്വാഗതമരുളി. മാനേജ്‌നെന്റ് മേഖലയിൽ ‘സൈബർ ആക്‌സിഡന്റ്‌സ്…’ എന്ന ആനുകാലിക പ്രസക്തമായ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ജോസഫ് പൊന്നോലിയെ റൈറ്റേഴ്‌സ് ഫോറത്തിന്റെ പേരിൽ പ്രസിഡന്റ് അനുമോദിച്ചു.

തുടർന്ന് ജോസഫ് തച്ചാറ രചിച്ച ‘എസ്തർ’ എന്ന ഹൃദയസ്പർശിയായ കഥ ചർച്ചയ്‌ക്കെടുത്തു. യുവ സുന്ദരിയായ എസ്തർ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെടുകയാണ്. കഥാകൃത്ത് അവളെ നേരിൽ കണ്ടിട്ടില്ലെങ്കിലും എസ്തറിനെ എന്നും സ്വപ്നം കാണാറുണ്ടായിരുന്നു. തന്റെ കൗമാരകാലത്ത് തന്നെ അവളുടെ സൗന്ദര്യം താൻ മറ്റ് പെൺകുട്ടികളിൽ കണ്ടു. അതേ, അതെല്ലാം സുന്ദരമായ കിനാവുകൾ തന്നെ.

അൻപത് വർഷങ്ങൾ കടന്നുപോയി. അന്നൊരു ദിവസത്തെ പത്രത്തിൽ ഒരു ചരമ പരസ്യം കണ്ടു. ഒപ്പം അതിമനോഹരമായ എസ്തറിന്റെ ഫോട്ടോയും. താൻ സ്പനം കണ്ടതിനേക്കാൾ എത്രയോ സുന്ദരിയാണവളെന്ന യാഥാർത്ഥ്യം കഥാകൃത്തിന് അപ്പോൾ ബോധ്യമായി. ഇതാണ് കഥയുടെ രത്‌നച്ചുരുക്കം.

ചർച്ചയിൽ പല അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞു. പതിവ് കഥപറച്ചിൽ രീതികളിൽ നിന്ന് ഈ കഥ വഴിമാറിപ്പോയത്രേ. കഥയിലെ അവ്യക്തതയെ വിമർശിച്ച ചെയ്ത എ.സി ജോർജ് എന്തുകൊണ്ട് എസ്തർ എന്ന ബൈബിൾ പേര് തിരഞ്ഞെടുത്തുവെന്ന് ചോദിച്ചു. എന്നാൽ കഥാകൃത്തിന് ഏത് പേരും ഇടാനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

അതേസമയം കഥയുടെ കാവ്യാത്മക ശൈലിയെയാണ് മാത്യു നെല്ലിക്കുന്ന് വിലയിരുത്തിയത്. അബ്ദുൾ പുന്നയൂർക്കുളം എസ്തറിന്റെ രചനാ സങ്കേതത്തെ പ്രശംസിച്ചു. ഈ കഥയ്ക്ക് മതിയായ വ്യക്തതയില്ലെന്നായിരുന്നു ഡോ. സണ്ണി എഴുമറ്റൂരിന്റെയും ജോൺ കുന്തറയുടെയും നിലപാട്. എന്നാൽ അംഗങ്ങളുടെ ക്രിയാത്മക വിമർശനങ്ങൾക്കും പിന്തുണയ്ക്കും ജോസഫ് തച്ചാറ നന്ദി പറഞ്ഞു.

‘ഗ്രാന്റ് കാന്യനിലെ കല്ലുകൾ പറഞ്ഞ കഥ’ എന്ന ഡോ. ജോസഫ് പൊന്നോലിയുടെ ശാസ്ത്ര ലേഖനമാണ് അടുത്തതായി ചർച്ചയ്ക്ക് വിഷയീഭവിച്ചത്. കൊളറാഡോ നദിയുടെ ഭൗമപ്രക്രിയകളുടെ ഫലമായി രൂപംകൊണ്ട അഗാധമായ മലയിടുക്കായ ഗ്രാന്റ് കാന്യൻ ലോകാത്ഭുതമാണ്.

ഭൂമിയിൽ പ്രകൃതി സൃഷ്ടിച്ച ഒരു മഹാ വിള്ളലാണ് അരിസോണയിലുള്ള പ്രകൃതിയുടെ ഈ വിസ്മയം. അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ് വെൽറ്റ് , ഗ്രാൻഡ് കാന്യൻ പ്രദേശത്തിന്റെ സംരക്ഷണകാര്യങ്ങളിൽ ഉത്സുകനായിരുന്നു. അദ്ദേഹം നിരവധി തവണ ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.

446 കിലോമീറ്റർ നീളമുള്ള ഈ മലയിടുക്കിന് 29 കിലോമീറ്ററോളം വീതിയുണ്ട്. ഒരു കിലോമീറ്ററിലധികം ആഴമുള്ള ഗർത്തങ്ങളാണ് ഇതിന്റെ അഗാധത വർദ്ധിപ്പിക്കുന്നത്. ഗർത്തങ്ങളും, മലയിടുക്കുകളും, കുത്തനെയുള്ള താഴ്‌വരകളുമെല്ലാം കൂടിച്ചേർന്ന ഗ്രാന്റ് കാന്യൻ നിരവധി പേരുടെ മരണത്തിനും കാരണമായിട്ടുണ്ട്. 1870 മുതൽ ഇവിടെവെച്ച് 600 ലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അശ്രദ്ധയും, അധികമായ സാഹസികതയും മൂലമാണ് ഇവയിൽ പലമരണങ്ങളും സംഭവിച്ചിരിക്കുന്നത്.

ലേഖന കർത്താവായ ജോ. ജോസഫ് പൊന്നോലി ഗ്രാന്റ് കാന്യനിലെ കുത്തനെയുള്ള കയറ്റിറക്കങ്ങളിലൂടെ 13.5 മൈൽ നടന്നിട്ടുണ്ട്. ഗ്രാന്റ് കാന്യന്റെ അടിത്തട്ടിലെ ‘റോക്ക് ഫോർമേഷന്റെ’ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ അദ്ദേഹം ഗവേഷണ ബുദ്ധിയോടെ നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ പണ്ഡിചോചിതമായ അവതരണത്തിലൂടെ ഭൂമിയുടെ പ്രായം 400 കോടി വർഷമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇന്നു നിലവിലുള്ള ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ‘പാൻജിയ’ എന്ന ബൃഹത് ഭൂഖണ്ഡം നിലവിലുണ്ടായിരുന്നു. ഗ്രാൻഡ് കാന്യന് 17 ദശലക്ഷം വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. അതേസമയം നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന് പതിനായിരത്തിൽ താഴെ വർഷങ്ങളുടെ ചരിത്രം മാത്രമേയുള്ളൂ.

ഗ്രാന്റ് കാന്യനിലെ പാറക്കല്ലുകൾ ഭൂമിയുടെ ഉദ്ഭവ കഥ പറയുന്നു. ഒരു കാലഘട്ടത്തിൽ ആറ് മൈലോളം ഉയരമുള്ള ഒരു പർവതം ഈ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന അറിവ് നമ്മെ അത്ഭുതപരതന്ത്രരാക്കും. ഈ പ്രദേശം 270 മില്ല്യൺ വർഷത്തെ ഭൗമചരിത്രത്തിന്റെ ചൂണ്ടു പലക കൂടിയാണ്. ഗ്രാൻ കാന്യനിൽ 50,000 വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യവാസം ഉണ്ടായിരുന്നു. ഏഷ്യയിൽ നിന്ന് യാത്ര തുടങ്ങി നോർത്ത് അമേരിക്കൻ ഭൂഖണ്ഡം മറകടന്നാണ് അവരിവിടെ എത്തിയത്.

ഗ്രാന്റ് കാന്യനിൽ ഒരു വിഷ്ണു ക്ഷേത്രം ഉണ്ടെന്നുള്ളതും അത്യന്തം കൗതുകകരമാണ്. ഗ്രീക്ക് ദേവീദേവന്മാർ ഉൾപ്പെടെ പുരാണ ദൈവങ്ങൾ ഇവിടെ സമൃദ്ധമായി ആരാധിക്കപ്പെട്ടിരുന്നു. ജോസഫ് ജേക്കബ്ബ്, മാത്യു മത്തായി, ജോസഫ് മണ്ഡപം, മോട്ടി മാത്യു, എ.സി ജോർജ് തുടങ്ങിയവർ ജോസഫ് പൊന്നോലിയുടെ ഗവേഷണ പഠനത്തെ അഭിനന്ദിച്ചു. മറ്റുള്ള വ്യക്തികളും ഗ്രാന്റ് കാന്യനിൽ സന്ദർശനം നടത്തിയതിന്റെ അനുഭവങ്ങൾ പങ്കുവച്ചു. ജോസഫ് പൊന്നോലി ഏവർക്കും നന്ദി പറഞ്ഞു.

തുടർന്ന് നടന്ന ബിസിനസ് മീറ്റിംഗിൽ സബ്കമ്മറ്റികളുടെ അധ്യക്ഷന്മാർ തങ്ങളുടെ റിപ്പോർട്ടുകൾ സമർപ്പിച്ചു. കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 20-ാമത്തെ പുസ്തകത്തിന്റെ ജോലികൾ പുരോഗമിക്കുന്നതായും ഉടൻ തന്നെ പ്രിന്റിംഗിന് സജ്ജമാകുമെന്നും പബ്ലിഷിങ്ങ് കോ-ഓർഡിനേറ്റർ മാത്യു നെല്ലിക്കുന്ന് അറിയിച്ചു.

റൈറ്റേഴ്‌സ് ഫോറത്തിന്റെ അടുത്ത മീറ്റിംഗ് ഈ മാസം 30-ാം തീയതി നടക്കുമെന്നും ഓണാഘോഷങ്ങൾ സെപ്റ്റംബർ 16-ാം തീയതി ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചുവെന്നും പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺ മാത്യു അറിയിച്ചു. പ്രസിഡന്റ് ഡോ. മാത്യു വൈരമൺ കൃതജ്ഞത പ്രകാശിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments