Friday, April 26, 2024

HomeAmericaസനാതന ധർമ്മ പാതയിൽ കെ. എച്ച്‌. എൻ. എ

സനാതന ധർമ്മ പാതയിൽ കെ. എച്ച്‌. എൻ. എ

spot_img
spot_img

സുരേന്ദ്രൻ നായർ

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്. എൻ. എ) എന്ന സാംസ്‌കാരിക സംഘടന 2020, 21 വർഷങ്ങളിലെ സംഭവബഹുലമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കലാശകൊട്ടായ ഗ്ലോബൽ ഹിന്ദു കൺവന്ഷനായി അരിസോണയിൽ അരങ്ങുണരുകയാണ്. സംഘടനാ ചരിത്രത്തിലെ ഏറ്റവും ദുർഘടമായ ഒരു കാലഘട്ടത്തിലാണ് ഡോ: സതീഷ് അമ്പാടിയെന്ന താരതമ്യേന പുതുമുഖമായ ഒരാൾ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കോവിഡ് മഹാമാരിയുടെ കെടുതികളിൽ ലോകം വിറങ്ങലിച്ചു നിന്ന നാളുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സാന്നിധ്യം ഉറപ്പിക്കുന്നത്.


സമാന സംഘടനകളിൽ നിന്നും വിഭിന്നമായി അമേരിക്കൻ കോർപറേറ്റുകളിൽ നിന്നോ ബഹുരാഷ്ട്ര കുത്തകകളിൽ നിന്നോ യാതൊരുവിധ സ്പൊൻസർഷിപ്പുകളും ലഭിക്കാൻ സാധ്യതയില്ലാത്ത, ഇന്ത്യൻ വ്യാപാരി സമൂഹത്തിൽ നിന്നുപോലും സംഭാവനകൾ സ്വീകരിക്കാൻ നിയമപരമായി കടമ്പകളേറെയുള്ള ഈ സംഘടന, പരസ്പരം പോരടിച്ചും പുലഭ്യം പറഞ്ഞും സ്വന്തം സംസ്കാരം അപകർഷതയായി കരുതുന്ന ഭൂരിപക്ഷം വരുന്ന സ്വന്തം അനുയായികളുടെ അവഗണനയെപ്പോലും അതിജീവിച്ചാണ് മുന്നോട്ടുപോയത്.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും ആധ്യാത്മിക പരിപാടികളും പ്രമുഖ പണ്ഡിതരും വിഷയ വിദഗ്ധരും പങ്കെടുത്ത സെമിനാറുകളും വിവിധ കലാസാംസ്കാരിക ഓൺലൈൻ മേളകളും ഉദാര മനസ്കരുടെ സഹായത്താൽ സംഘടിപ്പിക്കുവാൻ കഴിഞ്ഞുവെന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെയും സാഹിത്യ തട്ടകമായ കോഴിക്കോടിന്റെയും ശീലുകൾ സ്വായത്തമാക്കിയിട്ടുള്ള പ്രസിഡന്റ് എല്ലാ പരിമിതികൾക്കുള്ളിലും നാലുദിവസം നീണ്ടുനിൽക്കുന്ന ഒരു മഹോത്സവത്തിന്റെ മായാജാലം കൺവൻഷനിൽ സ്വപ്നം കാണുന്നു. അതിന്റെ സാക്ഷാത്കാരത്തിനായി അർപ്പണബോധമുള്ള ഒരു സംഘം പ്രവർത്തകർ അദ്ദേഹത്തോടൊപ്പം അഹോരാത്രം പ്രയത്‌നിച്ചു വരുന്നു. കോവിഡിന്റെ രൂക്ഷത വർധിക്കുന്ന പുതിയ തരംഗങ്ങളിൽ പൂട്ടിക്കിടക്കുന്ന അമേരിക്കൻ എംബസ്സിയുടെ വാതിൽ തുറക്കുന്നതും കാത്തുനിൽക്കുന്ന കലാകാരന്മാരുടെയും അതിഥികളുടെയും യാത്രാനുമതി സുഗമമാകുകയാണെങ്കിൽ ഏറ്റവും മികച്ച ഒരു കൺവൻഷൻ തന്നെയാകും അവിടെയെത്തുന്ന നാനൂറോളം കുടുംബങ്ങളെ കാത്തിരിക്കുന്നത്.


ആധുനിക മത സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായി അകലങ്ങളിൽ ഇരിക്കുന്ന ഒരു അദൃശ്യ ദേവതയോ മാലോകരിൽ വിശ്വാസി അവിശ്വാസി മതിലുകൾ തീർക്കുന്ന അന്ത്യ ശാസനങ്ങളോ ഇല്ലാത്ത ഓരോ ആളിനും അവനവന്റെ വഴിയിൽ ആത്മാന്വേഷണത്തിനു വഴികാട്ടുന്ന വേദസഞ്ചയങ്ങളാണ് ഹിന്ദു ധർമ്മത്തിന്റെ അടിസ്ഥാനം. വിശ്വാസത്തിന്റെ കർക്കശ്യങ്ങളോ പൗരോഹിത്യത്തിന്റെ പിടിവാശികളോ തീരെയില്ലാത്ത വിശ്വ മാനവികതയും തെളിഞ്ഞ ചിന്താ സ്വാതന്ത്ര്യവും അനുവദിച്ചിരുന്ന ഹൈന്ദവ ചിന്താധാരയിലും നാസ്തിക മതങ്ങളുടെ വരവോടെ വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. അത്തരം അപഭ്രംശങ്ങളെ അതിജീവിക്കുന്നതിനുള്ള ഒരു നവീന മുന്നേറ്റമായി അമേരിക്കയിൽ ആരംഭിക്കുക എന്നതായിരുന്നു കെ.എച്. എൻ. എ.ജന്മ ദൗത്യം. സ്വന്തം സംസ്കാരത്തിലുള്ള സ്വാഭിമാനവും പൂർവ്വികരോടുള്ള ആദരവും അനുബന്ധ ലക്ഷ്യങ്ങളായി കൂടെകൂട്ടിയ ഈ സംഘടന ഡാളസ്സിൽ ജന്മം കൊള്ളുമ്പോൾ ഉണ്ടായ വെല്ലുവിളികൾ വിവരണാതീതമാണ്.


അമേരിക്കയിലെ ഏക മലയാളി ദേശിയ ഫെഡറേഷന്റെ അമരക്കാരനായിരുന്ന സംഘടനാ പാടവും,പൊതുസ്വീകാര്യതയും കൈമുതലായിരുന്ന ശ്രീ . മന്മഥൻ നായർ സംഘടനയുടെ ആദ്യ അധ്യക്ഷനാകുമ്പോൾ പൂജനീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹ വർഷവും ദീർഘ വീക്ഷണമുള്ള ഒരു പിടി നേതാക്കളുടെ സാദാ സാന്നിധ്യവും ഉണ്ടായിരുന്നുവെങ്കിലും ഒരു ദേശിയ കൺവൻഷൻ നടത്താനുള്ള ആളും അർത്ഥവും വലിയ പ്രതിബന്ധം തന്നെയായിരുന്നു. മലയാളികളിൽ ബഹുഭൂരിപക്ഷം ഉൾക്കൊള്ളുന്ന ഹൈന്ദവേതരർ അല്പം സന്ദേഹത്തോടെയും ഈർഷ്യയോടുമാണ് പുതിയ സംഘടനയെ വരവേറ്റത്. എന്നാൽ വ്യാഖ്യാന വൈകല്യത്തിലൂടെയും നിറംപിടിപ്പിച്ച നുണകളിലൂടെയും യഥാർത്ഥ ധർമ്മ സങ്കൽപ്പങ്ങളെ അകലെ നിന്നുമാത്രം അറിഞ്ഞിട്ടുള്ള വ്യാജ പുരോഗമന വാദികളും സെക്കുലറിസ്റ്റു സാമ്പിളുകളുമായ ഹിന്ദു നാമധാരികൾ നടത്തിയ എതിർപ്രചാരണങ്ങൾ നിരവധിയായിരുന്നു. ( ചിലരൊക്കെ അതിപ്പോലും തുടരുന്നുണ്ട്).


ആദ്യ കണ്വൻഷനിലും തുടർന്നുണ്ടായ രണ്ടു കണ്വന്ഷനുകളിലും സ്വാമി സത്യാനന്ദ സരസ്വതിയുടെ അറിവിന്റെയും ആവേശത്തിന്റെയും കൊടുങ്കാറ്റഴിച്ചുവിട്ട വാക്ധോരണികൾ മുഴങ്ങിയിരുന്നു. അനന്യമായ ആ ആത്മ ചൈതന്യം ഡാളസ്സിൽ നിന്നും നിന്നും ഹ്യൂസ്റ്റണിലേക്കും ചിക്കാഗോയിലേക്കും പിന്നെ ന്യൂയോർക്കിലേക്കും രണ്ടു വർഷത്തെ ഇടവേളകളിൽ സംഗമങ്ങൾ രൂപപ്പെടുവാൻ കാരണമായി. യാതൊരു ഭൗതിക നേട്ടവുമില്ലാതെ സ്വന്തം പണവും സമയവും നഷ്ട്ടപ്പെടുത്തിയുള്ള രണ്ടു വർഷത്തെ പ്രവർത്തനവും അവസാനം കൺവൻഷനിൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും എല്ലാ പ്രസിഡന്റുമാരെയും അലട്ടിയിരുന്നു.


ചരിത്രത്തിൽ ഉണ്ടായിട്ടുള്ള മറ്റേതൊരു പ്രസ്ഥാനത്തേക്കാളും മനുഷ്യ മനസ്സുകളെ ആഴത്തിൽ സ്വാധീനിച്ച മതവിശ്വാസങ്ങൾക്കു, ഇതര മത അനുയായികൾ വരുമാനത്തിന്റെ നിശ്ചിത വിഹിതം നൽകി പോഷിപ്പിക്കുമ്പോൾ ഹിന്ദുക്കളിൽ വലിയൊരു വിഭാഗം ആ മതം നൽകുന്ന സ്വാതന്ത്ര്യം മറയാക്കി സഹകരിക്കില്ലയെന്നു മാത്രമല്ല കിട്ടുന്ന വേദികളിലെല്ലാം വികലമായ വിമർശനങ്ങൾ ഉയർത്താനും മടിക്കാറില്ല. സാർവത്രിക വിമർശനം അപകർഷതാ ബോധത്തിന്റെ ആത്മപ്രകാശമാണെന്നു ആപ്ത വാക്യം.


വിവരസാങ്കേതിക വിദ്യയുടെ വളർച്ച അമേരിക്കൻ ഹിന്ദുക്കളിലും വലിയ തോതിലുള്ള അവബോധം വളർത്തിയതിനാൽ സാമ്പത്തിക പരാധിനതകൾക്കിടയിലും സംഘടന കൂടുതൽ ജന പങ്കാളിത്വത്തോടെയും യുവജന സാന്നിധ്യത്തോടെയും ന്യൂയോർക്കിൽ നിന്നും കാലിഫോര്ണിയയിലേക്കും വാഷിംഗ്‌ടൺ ഡി സി യിലേക്കും ഫ്ളോറിഡയിലേക്കും വീണ്ടും ഡാലസ്സിലേക്കും അവിടുന്ന് ഡെട്രോയിറ്റിലേക്കും ന്യൂജേഴ്സിയിലെക്കും കണ്വന്ഷനുകളിലൂടെ സാന്നിധ്യം ഉറപ്പിച്ചു. അവിടെയെല്ലാം നിസ്വാർത്ഥമായി പ്രസ്ഥാനത്തെ നയിച്ച പ്രസിഡന്റുമാരും സംഘങ്ങളും ഉണ്ടായിരുന്നു.
സംഘടനാ ചരിത്രത്തിൽ അവരുടെ പേരുകൾ എന്നും നന്ദിയോടെ സ്മരിക്കപ്പെടേണ്ടതുമുണ്ട്.


പ്രവർത്തനവഴിയിൽ രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ സംഘടന കൈവരിച്ച നേട്ടങ്ങൾ ആശാവഹമാണെങ്കിലും സംതൃപ്തി ദായകമാണെന്ന് പറയാൻ കഴിയില്ല. ബുദ്ധിപരമായും പ്രൊഫഷണലായും ഉയർന്ന പടവുകൾ പിന്നിടുമ്പോളും ഏറ്റവും കൂടുതൽ വൈകാരിക സംഘര്ഷങ്ങളും ആത്മഹത്യകളും വിവാഹ മോചനങ്ങളും കുടുംബ വഴക്കുകളും അനുഭവിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ സമൂഹം എന്നനിലയിൽ ആധ്യാത്മികതയുടെ കരുത്തും കൂട്ടായ്മകളുടെ സുരക്ഷിതത്വവും സൗഹൃദങ്ങളുടെ സാന്ത്വന സ്പർശവും ഹിന്ദു സമൂഹം ഇന്ന് ആവശ്യപ്പെടുന്നു. അവിവാഹിതരായ അനേകർ അലക്ഷ്യമായ ജീവിത വഴിയിലേക്ക് നീങ്ങുമ്പോൾ മുറിപ്പെടുന്നത് കുടുംബത്തിന്റെ വേരുകളാണ്. ആധുനിക വൈദ്യശാസ്ത്രം രോഗത്തിന്റെ വേരുകൾ പൂർവ്വികരിൽ തെരയുന്ന ഒരു കാലത്താണ് നമ്മൾ നമ്മളുടെ താഴ്വേരുകളെത്തന്നെ കത്തി വെക്കുന്നത്. അമേരിക്കൻ വിദ്യാലയ പരിസരത്തു വളരുന്ന കുട്ടികൾക്ക് ക്ഷേത്ര പൂജാരിമാരുടെ പൂജാ മന്ത്രങ്ങൾ മാത്രം മതിയാകില്ല. ഹിന്ദു യൂണിവേഴ്‌സിറ്റിയിലും ആംഗലേയ വേദിക് സെന്ററുകളിലും അമേരിക്കൻ യുവാക്കൾ ആകൃഷ്ടരാകുമ്പോളും മലയാളി ഹിന്ദു അകലം പാലിക്കുന്നു. ഇത് അപകടമാണെന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു.


പ്രശ്നങ്ങളുടെ പട്ടികകൾ പെരുപ്പിക്കുകയല്ല ഇവിടത്തെ ഉദ്ദേശം. അരിസോണ കൺവൻഷന്റെ കൊടിയിറക്കം നടക്കുമ്പോൾ അടുത്ത സ്ഥലത്തേക്ക് ആ പതാക ഏറ്റുവാങ്ങാൻ പുതിയ പ്രസിഡന്റുണ്ടാകും. പുതിയ പ്രശ്നങ്ങൾ കണ്ടെത്തുകയല്ല പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. അതിനാകട്ടെ കൃത്യമായ കാഴ്ചപ്പാടും ഊർജ്ജസ്വലതയോടെയുള്ള കാൽവെപ്പുകളുമാണ് ആവശ്യം. മുന്നിൽ നയിക്കുന്ന കാലുകൾക്കു അകമ്പടിയായി മുഴുവൻ സമൂഹത്തിന്റെയും നിരുപാധിക പിന്തുണയും ഉണ്ടാകണം. കെ. എച്. എൻ. എ. പ്രസിഡന്റ് ഒരു ആലങ്കാരിക സ്ഥാനം എന്നതിനേക്കാളേറെ ഹിന്ദു സമൂഹത്തെ നിസ്വാർത്ഥമായി സേവിക്കാനുള്ള രണ്ടു വർഷത്തെ വൃതാനുഷ്ടാനമാണ്‌. അതിനുള്ള തെളിഞ്ഞ മനസ്സും വിശുദ്ധിയുമുള്ള ഒരാളാകട്ടെ അടുത്ത പ്രസിഡന്റ് എന്ന് നമുക്ക് പ്രത്യാശിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments