Wednesday, February 8, 2023

HomeArt and Cultureഫാ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ ഷഷ്ടിപൂര്‍ത്തി നിറവില്‍, ആഘോഷത്തില്‍ കാരുണ്യ പദ്ധതിയും

ഫാ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ ഷഷ്ടിപൂര്‍ത്തി നിറവില്‍, ആഘോഷത്തില്‍ കാരുണ്യ പദ്ധതിയും

spot_img
spot_img

തൃശൂര്‍: ‘പാടും പാതിരി…’ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സംഗിതജ്ഞന്‍ ഫാ. പോള്‍ പൂവത്തിങ്കലിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷം, അദ്ദഹത്തിന്റെ ജന്‍മദിനമായ മെയ് 27 ന് ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. പരിപാടിക്ക് ‘ദേവനാദം@60’ എന്നാണ് പേരിട്ടിരിക്കുന്നത്.

അച്ചന്റെ സംഗീത ഗുരുവായ ഗാനഗന്ധര്‍വന്‍ കെ. ജെ യേശുദാസ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സി.എം.ഐ പ്രതിനിധികള്‍, കലാ സാഹിത്യ പ്രതിഭകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, അച്ചന് പ്രിയപ്പെട്ട മറ്റുള്ളവര്‍, ചേതനയിലെ ശിഷ്യര്‍/അദ്ധ്യാപകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ആഘോഷം. ക്ഷണിക്കപ്പെട്ടവരെ സൂം മീറ്റിങ് ലിങ്ക് പിന്നാലെ അറിയിക്കുന്നതാണ്.

ഷഷ്ടിപൂര്‍ത്തി ആഘോഷത്തോടൊപ്പം ജീവകാരുണ്യ പദ്ധതി കൂടി നടപ്പാക്കും. വീടില്ലാതെ ബുദ്ധിമുട്ടുന്ന ഒരു കലാകാരന് വീട് നിര്‍മ്മിച്ച് നല്‍കും. അച്ചന്‍ ആ വീടിന്റെ പണി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്, ഏകദേശം 6 ലക്ഷം രൂപയാണ് അതിന് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കഷ്ടപ്പെടുന്ന, തെരഞ്ഞെടുക്കപ്പെട്ട 60 കലാകാരന്മാര്‍ക്ക് Kerala Artistes’ Fraterntiy (KAF) സംഘടനയുടെ സഹകരണത്തോടെ 5000 രൂപ വീതം നല്‍കുന്നതുമാണ്.

സംഗീത നൃത്ത രംഗത്ത് 6 കുട്ടികള്‍ക്ക് സൗജന്യ പഠനം സാദ്ധ്യമാക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലോ ജില്ല ആശുപത്രിയിലോ ഒരു ദിവസത്തെ ഭക്ഷണ വിതരണ പദ്ധതി നടപ്പാക്കുന്നുമുണ്ട്. കോവിഡ് സാഹചര്യത്തില്‍ ഓക്‌സിജന്‍ ബെഡ്, മറ്റു അവശ്യ മെഡിക്കല്‍ വസ്തുക്കള്‍ മുതലായവയുടെ സൗജന്യ വിതരണവും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഉണ്ടാവും. മൊത്തം കാരുണ്യ പദ്ധതിയുടെ ഫണ്ട് ശേഖരണത്തിന് 10 ലക്ഷം രൂപ പ്രത്യേകം ബാങ്ക് അക്കൗണ്ടിലൂടെ ശേഖരിക്കും.

നാട്ടിലും വിദേശത്തും സംഗീതക്കച്ചേരികള്‍ നടത്തുന്ന ഫാദര്‍ പൂവത്തിങ്കല്‍ ദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നും കര്‍ണ്ണാടക സംഗീതത്തില്‍ ഡോക്ടര്‍ ബിരുദവുംം, ശബ്ദക്രമീകരണ ശാസ്ത്രത്തില്‍ (Vocology) അമേരിക്കയില്‍നിന്ന് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തില്‍ തുഞ്ചന്‍പറമ്പ് മലയാളം സര്‍വ്വകലാശാലയുടെ സുകുമാരകല വൈജ്ഞാനിക വിഭാഗത്തിലെ (Facutly of Fine Arts) അംഗവുമാണ്.

സംഗീതം ആത്മീയതയുമായി ഇഴ ചേരമ്പോള്‍ ആലാപനം മാത്രമല്ല ആരോഗ്യ പരിപാലനവും കൂടെ സാധ്യമാകുമെന്ന് ഫാ. പോള്‍ പുവത്തിങ്കല്‍ കര്‍മ്മത്തിലൂടെ തെളിയിക്കുന്നു. പല കാരണങ്ങളാല്‍ ശബ്ദം നഷ്ടപ്പെട്ട ആളുകള്‍ക്ക് ശബ്ദ തെറാപ്പിയിലൂടെ ശബ്ദം വീണ്ടെടുത്ത് നല്കുന്ന സുന്ദര കര്‍മ്മത്തില്‍ വ്യാപൃതനാണ് സമര്‍പ്പിത ജീവിതം സ്വീകരിച്ച ഈ വൈദികന്‍. സീറോ മലബാര്‍ സഭയിലെ സി.എം.ഐ സന്യാസ സഭയിലെ അംഗം ആണ് ഫാ. പോള്‍ പുവത്തിങ്കല്‍.

യാദൃശ്ചികമായി സംഗീത രംഗത്തേക്ക് കടന്നുവരുന്ന പോളച്ചന്‍ സന്യാസിക്കുവേണ്ട ആത്മീയത ഏറ്റവും കൂടുതലുള്ളത് സംഗീതത്തിലാണെന്ന് അഭിപ്രായപെടുന്നു. ഈ തിരിച്ചറിവാണ് വൈദികനായശേഷം ഉപരിപഠനത്തിന് കര്‍ണ്ണാടക സംഗീതം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

അമേരിക്കന്‍ പഠനമാണ് അച്ചനെ ശബ്ദമില്ലാത്തവരുടെ ആശ്രയമാക്കി മാറ്റിയത്. പഠനത്തിനു ശേഷം നാട്ടിലെത്തിയ ഇദ്ദേഹം 2006ല്‍ ചേതന നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് വോക്കോളജി സ്ഥാപിച്ചു. 2004ല്‍ സ്ഥാപിച്ച ചേതന സംഗീത നാട്യ അക്കാദമിയുടെ ഭാഗമായിരുന്നു ഇത്. സംഗീതം പഠിക്കാനെത്തുന്നവരുടെ ശബ്ദം നന്നാക്കിയെടുത്തു നടത്തിയ പരീക്ഷണമാണ് ഈ അക്കാദമിയിലേക്കു വഴിതുറന്നത്.

അമേരിക്കയില്‍നിന്നും പഠിച്ചതിനു പുറമെ ഇപ്പോള്‍ ഇന്ത്യന്‍ രീതികള്‍ കൂടി ചേര്‍ക്കുകയും ചെയ്തു. പാശ്ചാത്യ വോക്കല്‍ സയന്‍സിന്റെ കൂടെ ഇന്ത്യന്‍ പ്രാണായാമം പോലുള്ളവകൂടി ചേര്‍ത്ത് ശബ്ദ ചികിത്സക്ക് ഒരു ഇന്ത്യന്‍ പാഠം തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം. എല്ലാ ബുധനാഴ്ച്ചയും അക്കാദമിയില്‍ ശബ്ദചികിത്സ നടത്തുന്നുണ്ട്.

കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലമായി ശബ്ദം നഷ്ടപ്പെട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടിയ യൂവാവ് നിമിഷങ്ങള്‍ മാത്രമെ ഫാ. പോള്‍ പുവ്വത്തിങ്കലിന്റെ മുന്നിലിരുന്നുള്ളു. തൊണ്ടയിലെ പേശികളെ ഉദ്ദീപിപ്പിച്ച് പ്രശ്‌നം തീര്‍ത്തു. ശബ്ദം തിരിച്ചുവന്നപ്പോള്‍ ആ മുഖത്തു തെളിഞ്ഞ സന്തോഷം വിവരിക്കാനാവാത്തതാണ്. പെണ്‍ ശബ്ദം മൂലം വിവാഹങ്ങള്‍ മുടങ്ങുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്ത യുവാവിന്റെ കഥയും ഇതുതന്നെ. ശബ്ദമില്ലാത്തതോ വികലമായതോ ആയ രണ്ടായിരത്തോളം പേര്‍ക്കാണ് ഫാ. പോള്‍ പൂവ്വത്തിങ്കല്‍ ശബ്ദം തിരിച്ചുകൊടുത്തത്.

ആണുങ്ങളുടെ പെണ്‍ ശബ്ദം മാറ്റാന്‍ കേവലം മൂന്നു മിനിറ്റു മതിയെന്നു പൂവത്തിങ്കലച്ചന്‍ തറപ്പിച്ചു പറയുന്നു. സ്വനപേടകത്തിലെ സ്ഥാനം മാറിക്കിടക്കുന്ന പേശികള്‍ യഥാര്‍ത്ഥ സ്ഥാനത്തേക്കു കൊണ്ടുവരികയും ഇവയെ ഉത്തേജിപ്പിക്കുകയും വായുബലം വര്‍ദ്ധിപ്പിക്കുകയും ചെയ്താണ് ശബ്ദം വീണ്ടെടുക്കുന്നത്. ശബ്ദം നഷ്ടപ്പെട്ട് 10 വര്‍ഷത്തോളം കഷ്ടപ്പെടുകയും അധ്യാപക ജോലി രാജിവെക്കുകയും ചെയ്ത സ്ത്രീ അമച്ചന് മുന്നിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ശബ്ദം വീണ്ടെടുത്തു.

ഒരാളിന്റെ ശബ്ദം ശരിപ്പെടുത്താന്‍ പരമാവധി ഒന്നരമണിക്കൂര്‍ മതിയെന്നാണ് ഫാ. പോള്‍ പുവ്വത്തിങ്കല്‍ പറയുന്നത്. സംഗീത നിപുണനായ ഫാ. പോള്‍പുവ്വത്തിങ്കല്‍ ഇതിനകം മുന്നൂറിലധികം കച്ചേരികള്‍ നടത്തി. കഴിഞ്ഞ വര്‍ഷം ലഭിച്ച സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ആറ് അവാര്‍ഡുകള്‍ നേടുകയും ചെയ്തു. തൃശൂര്‍ പുവത്തിങ്കല്‍ പരേതനായ പൈലോതിന്റെയും മേരിയുടെയും മകനാണ് സര്‍ഗ്ഗധനനായ ഈ ‘പാടുംപാതിരി’.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments