കോവിഡ് അതിന്റെ എല്ലാ ലക്ഷണങ്ങളോടും കൂടിയാണ് നര്‍ത്തകി മേതില്‍ ദേവികയെ പിടികൂടിയത്. പക്ഷേ ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം കോവിഡിന്റെ യാതനാപൂര്‍ണമായ ഭാവം ഏകാന്തതയാണെന്നു ദേവിക പറയും. മനസ്സില്‍ ഒരു നൃത്ത ശില്‍പത്തിന്റെ വിത്തു പാകുന്നതായിരുന്നു ആ അനുഭവം. യുഗങ്ങള്‍ ഏകാന്തതയുടെ ശാപം പേറിയ രാമായണത്തിലെ അഹല്യയെ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ച ദേവിക വാത്മീകിയുടെ ആദികാവ്യം തേടിപ്പിടിച്ച് വായിച്ചപ്പോള്‍ തെളിഞ്ഞത് പറഞ്ഞു കേട്ട ആഖ്യാനമായിരുന്നില്ല.
30 മിനിട്ടുള്ള നൃത്തശില്‍പം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഫ്‌ാേറില്‍ ഷൂട്ട് ചെയ്തത് പ്രമുഖ ഛായഗ്രഹകനായ മധു അമ്പാട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
യഥാര്‍ഥ അഹല്യ ചരിതത്തിന്റെ പുനര്‍വായനയായി ദേവിക ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം അഹല്യ ഇന്ന് പുലര്‍ച്ചെ 5ന് ഓണ്‍ലൈനായി ലോകത്തിനു മുന്നില്‍ അവതരിക്കപ്പെടും. കാനഡയിലെ വിഖ്യാതമായ സമ്പദ്രായ ഡാന്‍സ് ക്രിയേഷന്‍സ് ആദ്യമായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഫെസ്റ്റിലാണു പ്രശസ്തരായ മറ്റു മൂന്ന് ഇന്ത്യന്‍ നര്‍ത്തകരുടെ സൃഷ്ടിക്കൊപ്പം ദേവികയുടെ അഹല്യയും റീലീസ് ചെയ്യുന്നത്. കലാപ്രകടനങ്ങള്‍ക്കായുള്ള രാജ്യാന്തര വെബ്‌സൈറ്റായ വെമമഹല.രീാല്‍ രണ്ടു ദിവസം മാത്രമാണ് കാണാന്‍ അവസരം. രമ വൈദ്യനാഥന്‍(ഭരതനാട്യം), അതിഥി മംഗള്‍ദാസ്(കഥക്), ബിജയിനി സത്പതി(ഒഡീസി) എന്നിവരാണ് ഫെസ്റ്റിവലിലെ മറ്റു മൂന്നു പേര്‍. സമ്പ്രദായയുടെ രാജ്യാന്തര ഫെസ്റ്റില്‍ ആദ്യമായാണ് മോഹിനിയാട്ടത്തിന് ഇടം ലഭിക്കുന്നത്.
‘അഹല്യ’ എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുക മാത്രമല്ല, അതിനായി സംഗീതം ഒരുക്കുകയും ഒരു ഭാഗം പാടുകയും ചെയ്തു ദേവിക. ”ആധ്യാത്മ രാമായണത്തിലുള്‍പ്പടെ അഹല്യയുടെ ജീവിതം ഒരു പുരുഷ കോണിലൂടെയാണ് വ്യഖ്യാനിച്ചിട്ടുള്ളത്. അഹല്യയെ ഇന്ദ്രന്‍ ആള്‍മാറാട്ടത്തിലൂടെ പ്രാപിച്ചെന്നും ഇതറിഞ്ഞ ഭര്‍ത്താവ് ഗൗതമ മുനിയുടെ ശാപം മൂലം ശിലയായ് തീര്‍ന്ന അഹല്യക്ക് യുഗങ്ങള്‍ക്കു ശേഷം ശ്രീരാമന്‍ പാദസ്പര്‍ശത്തിലൂടെ മോക്ഷം നല്‍കിയെന്നുമാണ് ഇതിലെല്ലാം പറയുന്നത്. എന്നാല്‍ വാത്മീകിയുടെ ആദികാവ്യത്തില്‍ ശാപംമൂലം ശിലയായി എന്നു പറയുന്നില്ല; പത്മലീനം എന്നാണ് പ്രയോഗം. വികാരങ്ങളെല്ലാം മരവിച്ച് കല്ലുപോലെയായി എന്നാവാം ശരിക്കുള്ള അര്‍ഥവ്യാഖ്യാനം.
ആ തിരിച്ചറിവില്‍ നിന്നുള്ള പുനരാഖ്യാനമാണ് നൃത്തത്തില്‍. അവിടെ ഇന്ദ്രനെ ആളറിയാതെയല്ല, അറിഞ്ഞ് പ്രണയിക്കുകയാണ് അഹല്യ. ഇത് എഴുതിത്തുടങ്ങിയ ശേഷമാണ് സമ്പ്രദായയില്‍ നിന്ന് ഫെസ്റ്റിവലിനായി ബന്ധപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏകാന്തതയെ അടിസ്ഥാനപ്പെടുത്തിയ സൃഷ്ടികളാണ് അവരും ആവശ്യപ്പെട്ടത്. യാദൃച്ഛികമായിരുന്നു അത്. അതോടെ നിര്‍മാണം അവര്‍ക്ക് വേണ്ടിയായി. ഇതിനിടെ ജനുവരിയില്‍ എനിക്കും കോവിഡ് പിടിപെട്ടു. എന്നാല്‍ മാര്‍ച്ചില്‍ വിഡിയോ തയാറാക്കി കൊടുക്കേണ്ടതിനാല്‍ കോവിഡിന്റെ ക്വാറന്റീന്‍ സമയത്തും പാട്ട് ചിട്ടപ്പെടുത്തലടക്കം ചെയ്തു.
വാത്മീകി രാമായണത്തിലെ വരികള്‍ തന്നെയാണ് ഏറെ. ഒരു ഭാഗം സംസ്‌കൃതത്തില്‍ ഞാന്‍ തന്നെ എഴുതി. അവസാനത്തെ അഹല്യ സ്തുതി അധ്യാത്മ രാമായത്തില്‍ നിന്നാണ്. നൃത്തത്തിനായി പാട്ട് മുന്‍പും ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും പാടുന്നത് ആദ്യമായാണ്. വാദ്യോപകരണമായ മിഴാവ് മോഹിനിയാട്ടത്തില്‍ ആദ്യമായി ഉപയോഗിച്ചു എന്ന പ്രത്യേകതയും ഉണ്ട്” ദേവിക വ്യക്തമാക്കുന്നു.