Wednesday, October 16, 2024

HomeLiteratureഓര്‍ത്തുവയ്ക്കാന്‍ ഒരു കോവിഡ്കാല മധുരംവയ്പ് (പുസ്തക പരിചയം)

ഓര്‍ത്തുവയ്ക്കാന്‍ ഒരു കോവിഡ്കാല മധുരംവയ്പ് (പുസ്തക പരിചയം)

spot_img
spot_img

എം.കെ ഹരികുമാര്‍

കൊറോണയെ ആസ്പദമാക്കി താന്‍ നോവലെഴുതാന്‍ പോകുന്നില്ലെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലൈഫ് ഓഫ് പി (ഘശളല ീള ജശ) എന്ന നോവലിലൂടെ പ്രശസ്തനായ കനേഡിയന്‍ നോവലിസ്റ്റ് യാന്‍ മാര്‍ട്ടല്‍ (ഥമി ങമൃലേഹ) ഒരു ഫെയ്‌സ്ബുക്ക് ലൈവ് പരിപാടിയില്‍ പ്രഖ്യാപിച്ചതോര്‍ക്കുന്നു. അദ്ദേഹം പറഞ്ഞ ന്യായം, കൊറോണ എല്ലാവരും അനുഭവിക്കുന്നതാകയാല്‍, വ്യത്യസ്തമായ എന്തെങ്കിലും നോവലില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നാണ്.

എല്ലാവര്‍ക്കും അറിയാവുന്നത് എഴുതുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് യാന്‍ മാര്‍ട്ടല്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇവിടെ ഇതാ സാബു ശങ്കര്‍ ‘ഷെവലിയര്‍ ഹൗസിലെ കൊറോണാരാത്രി’ എന്ന നോവല്‍ എഴുതി മലയാള സാഹിത്യത്തിനു ഒരു കോവിഡ് രോഗകാല ധ്യാനനിമിഷങ്ങള്‍ സമ്മാനിച്ചിരിക്കുന്നു.

രോഗമുള്ളവരും രോഗം പിടിപെടുമെന്ന് ഭയമുള്ളവരും രോഗം ഭേദമായവരുമൊക്കെ ഈ നോവല്‍ അടുത്ത നാളുകളില്‍ വായിക്കും. എനിക്കു തോന്നുന്നത്, അവരുടെ വ്യക്തിപരമായ ഉത്ക്കണ്ഠകളോടൊപ്പം കൊച്ചിയിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ കല്യാണത്തലേന്ന് നടന്ന ഈ ‘മധുരംവയ്പ്’ ഓര്‍ത്തുവയ്ക്കുമെന്നാണ്. പാപ്പു വക്കീലിന്റെയും അന്നാമ്മയുടെയും ഒന്‍പതാമത്തെ സന്തതിയായ കത്രീനയുടെ കല്യാണത്തെ ഒരു കൊറോണ ജീവിതകാല ചര്‍ച്ചയ്ക്കുള്ള അവസരമാക്കി നോവലിസ്റ്റ് പുനരാഖ്യാനം ചെയ്യുകയാണ്.

കാലം ആ ഷെവലിയര്‍ ഹൗസിലേക്ക് ഒഴുകി വന്ന് ഉറയുന്നു. മൂന്നു മണിക്കൂര്‍ നേരത്തെ സംഭവങ്ങളാണ് നോവലില്‍ പറയുന്നതെങ്കിലും അത് ഇരുനൂറ്റി അറുപത്തിയാറ് പേജ് ദൈര്‍ഘ്യമുള്ള ഒരു വലിയ വിവരണമാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായി തോന്നി. കഥ പറയലിന്റെ സങ്കേതങ്ങള്‍ സമര്‍ത്ഥമായി ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് മനുഷ്യര്‍ ഒത്തുകൂടുന്നതിന്റെ സന്തോഷത്തെ സാബു ഭീതി നിറഞ്ഞ കാലത്തിന്റെ നിത്യസ്മാരകമാക്കിയിരിക്കുന്നു.

ഓര്‍മ്മകള്‍ ഉന്മാദ വിവശരായി ഭൂതകാലത്തിന്റെ കുഴിമാടങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ചരിത്രം മനുഷ്യനെ ആവേശിക്കുകയാണ്. കുതറി മാറാന്‍ ശ്രമിച്ചാലും ചരിത്രം പല രൂപത്തില്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കും. ചിലപ്പോള്‍ സാബു അത് ഗുഹാതുരത്വത്തോടെയാണ് പകര്‍ത്തുന്നത്: ”മഞ്ഞ നിറത്തിലുള്ള ഗന്ധകം നിറച്ച വലിയ കേവ് വള്ളങ്ങള്‍ വരിവരിയായി കടലില്‍ നിന്നും കപ്പല്‍ച്ചാലിലൂടെ കെട്ടി വലിച്ചു കായലിലേക്ക് കൊണ്ടുവരുന്ന ബോട്ട് തെളിഞ്ഞുവന്നു. മൈവര്‍ണചെപ്പില്‍ മോതിരവിരല്‍ മുക്കി മിഴിയെഴുതുന്ന പകലുകള്‍ വന്നു…”

ഈ നോവല്‍ സാമൂഹ്യജീവിതത്തിന്റെ വാതായനം എന്ന നിലയില്‍ തത്ത്വചിന്തയെയും അഭിമുഖീകരിക്കുന്നു. ”മഹാമാരിയുടെ ആക്രമണത്തെ നേരിടാനാകാതെ ലോകത്തിന്റെ ആത്മാവ് പഴയ കൂട്ടില്‍ നിന്ന് ചാടുവാന്‍ വെമ്പല്‍കൊള്ളുന്നു…” എന്ന് എഴുതുന്നത് ഇതിനു തെളിവാണ്. അത് ഇങ്ങനെ വികസിക്കുന്നു: ”ലോകത്തിന്റെ ആത്മാവ് കൂടുമാറുകയാണ്. കൂടു ചാടുക എന്നത് ഓരോ മനുഷ്യന്റെയും ആവശ്യമാണ്. പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും നിയമവ്യവസ്ഥയില്‍ നിന്നും ആധിപത്യത്തില്‍ നിന്നും മുന്നോട്ടു കുതിക്കുക. ഈ കുതിപ്പില്‍ പഴയ കോശങ്ങള്‍ നശിക്കും. പുതിയ സ്വഭാവങ്ങള്‍ ഉള്ള കോശങ്ങള്‍ പരിണമിക്കും…”

കൊറോണയുടെ രൂക്ഷതയില്‍ ചിലര്‍ മൃഗങ്ങളായി മാറുമെന്ന് നോവലിസ്റ്റ് ദീര്‍ഘദര്‍ശനം ചെയ്തത് ശരിയാകാതെ തരമില്ല. അതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ പത്രവാര്‍ത്തകളിലൂടെ വരുന്നുണ്ട്. ”കൈവിരലുകളിലെ ശംഖുപിരി പോലുള്ള രേഖകളുടെ ആകൃതിയില്‍ പ്രപഞ്ചം പ്രതിഫലിക്കും…” ഈ നിരീക്ഷണം അതീതത്തെക്കുറിച്ചുള്ള സൂചനയാണ്. നോവലില്‍ ഒരിടത്ത് ”ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തില്‍ ലോകത്ത് ഭരണകൂടങ്ങള്‍ക്ക് അതീതമായി പുതിയ മനുഷ്യക്കൂട്ടായ്മ ഉണ്ടാകു”മെന്ന് പറയുന്നുണ്ട്. അങ്ങനെ സംഭവിക്കട്ടെ എന്ന് ആശിക്കാം. പക്ഷേ ഇന്നത്തെ മനുഷ്യരെ കാണുമ്പോള്‍, കൊറോണ മാറാന്‍ കാത്തിരിക്കുകയാണെന്ന് തോന്നും; കൂടുതല്‍ ശക്തിയായി, ഇരട്ടി പ്രതികാരത്തോടെ, പകയോടെ പ്രകൃതിയെയും ഇതര ജീവജാലങ്ങളെയും ആക്രമിക്കാന്‍!

എന്നിരുന്നാലും ഈ നോവല്‍ മാനവരാശിയുടെ മുമ്പില്‍ വന്യമായ തെങ്കിലും, സംശുദ്ധമായ ഒരു ദീപനാളം കൊളുത്തിവയ്ക്കുകയാണ്. അപരനെ കാണാനുള്ള വെളിച്ചമാണത്. ഇനിയും അന്ധതയില്‍ രമിക്കരുതെന്ന ശാന്തമായ ആഹ്വാനം ഈ നോവലിലൂടെ കടന്നുപോയപ്പോള്‍ ആരോ എന്നോടു പറയുന്ന പോലെ തോന്നി. മഹത്തായ ഒരു ഏകാത്മകതയിലേക്ക് സാബു ശങ്കര്‍ നമ്മെ ക്ഷണിക്കുന്നു.

കറയറ്റ ഒരു സാഹോദര്യത്തിന്റെ പ്രഭയാണത്. സകല മതങ്ങളുടെയും ഉള്ളിലെ നിത്യതയുടെ പ്രസാദത്തെ അത് ആവാഹിക്കുന്നു. ഇത് അനുഭവിക്കാന്‍ ഒരു ഭാഗം കൂടി ഉദ്ധരിക്കാം: ”ഞാന്‍ വിശ്വസിക്കുന്ന ഈശ്വരന് ദേശമില്ല. ഭാഷയില്ല. മതമില്ല. ജാതിയില്ല. പകലും രാത്രിയുമില്ല. രാഷ്ട്രീയവുമില്ല. ഞാന്‍ സമന്വയത്തിന്റെ പാതയിലാണ്…”

ഷെവലിയര്‍ ഹൗസിലെ കൊറോണ രാത്രി (നോവല്‍).
രചയിതാവ്: സാബു ശങ്കര്‍.  
പ്രസാധകര്‍:മനോരമ ബുക്‌സ് കോട്ടയം.
പേജുകള്‍:  264
ഓണ്‍ലൈന്‍  ഇബുക്ക് വില: 150 രൂപ.

manoramabooks.com / digital / books

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments