ഓട്ടവ (കാനഡ) : ഓണ്ടേരിയോ പ്രവിശ്യയിലെ ലണ്ടനില്‍ 4 അംഗ മുസ്‌ലിം കുടുംബത്തെ വാഹനം കയറ്റി കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 8.40ന് ആയിരുന്നു സംഭവം. പിക്കപ് ട്രക്ക് റോഡില്‍ നിന്നു വെട്ടിച്ചു നടപ്പാതയില്‍ കടന്ന് ഇവരുടെ ദേഹത്തു കയറ്റിയിറക്കി അതിവേഗം ഓടിച്ചുപോവുകയായിരുന്നു. കൂട്ടക്കൊല നടത്തിയ നതാനിയേല്‍ വെല്‍റ്റ്മാന്‍ (20) എന്ന യുവാവിനെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തു.
സയിദ് അഫ്‌സല്‍ (46), ഭാര്യ മഡിഹ സല്‍മാന്‍ (44), മകള്‍ യുമ്‌ന അഫസല്‍ (15), സയിദിന്റെ 74 വയസ്സുള്ള മാതാവ് എന്നിവരാണ് മരിച്ചത്. സയിദിന്റെ മകന്‍ ഫയിസ് അഫ്‌സല്‍ (9) ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്.
പതിവായി നടക്കാന്‍ പോവുമായിരുന്ന ഇവര്‍ നടപ്പാതയിലൂടെ, റോഡ് മുറിച്ചുകടക്കുന്ന സ്ഥലത്ത് എത്തി കാത്തുനില്‍ക്കുമ്പോഴാണ് കറുത്ത നിറമുള്ള പിക്കപ്പ് ട്രക്ക് ഇടിച്ചിട്ടത്. തുടര്‍ന്ന് ഇവരുടെ മുകളിലൂടെ വാഹനം കയറ്റി ഓടിച്ചുപോയ അക്രമിയെ 7 കിലോമീറ്റര്‍ അകലെ നിന്ന് പൊലീസ് പിടികൂടി.സുരക്ഷാകവചം പോലെ എന്തോ ഇയാള്‍ ധരിച്ചിരുന്നു.
ഭീകരപ്രവര്‍ത്തനമെന്ന കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിച്ചുവരുകയാണ്. കോടതി ഇയാളെ വ്യാഴാഴ്ച വരെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മുന്‍പ് കുറ്റകൃത്യങ്ങള്‍ നടത്തിയതായി രേഖയില്ല. ഇയാള്‍ക്കു സഹായികളുമുണ്ടായിരുന്നില്ല. വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളില്‍ അംഗമാണോ എന്നു വ്യക്തമല്ല.
മതവിദ്വേഷം മൂലമാണു കൂട്ടക്കൊല നടത്തിയതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നതിനു തെളിവുണ്ടെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കി. മുസ്!ലിം ആണെന്ന കാരണത്താല്‍ മാത്രമാണ് ഇവരെ ലക്ഷ്യമിട്ടതെന്നും പൊലീസ് പറഞ്ഞു.
കൂട്ടക്കൊലയെ അപലപിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇസ്‌ലാമോഫോബിയയ്ക്കു കാനഡയില്‍ സ്ഥാനമില്ലെന്നു വ്യക്തമാക്കി. അസാമാന്യമായ മുസ്‌ലിം വിദ്വേഷത്താല്‍ നടത്തിയ ആസൂത്രിത കൂട്ടക്കൊലയാണിതെന്ന് ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡര്‍ പറഞ്ഞു.