തിരുവനന്തപുരം: കെ സുധാകരനെ സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ അദ്ദേഹം ചാടിക്കയറി പ്രസ്താവന നടത്തിയതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെ സുധാകരനെ വിളിച്ച് തീരുമാനം അറിയിക്കുക മാത്രമാണ് ചെയ്തത്. പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് കെ സുധാകരന്‍ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിയതാണ് പ്രശ്‌നമായത്.
ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളെയെല്ലാം മറികടന്നായിരുന്നു സുധാകരന്‍ തന്നെ വരട്ടെയെന്ന ഹൈക്കമാന്‍ഡ് തീരുമാനം. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുമ്പോള്‍ സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായത് അച്ചടക്ക ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. താരീഖ് അന്‍വര്‍ തന്നെ സുധാകരനെ ഫോണില്‍ വിളിച്ച് ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചു.
സംസ്ഥാനത്തെ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു കെ സുധാകരന്റെ ആദ്യ പ്രതികരണം. അര്‍ഹതയും കഴിവുമുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരും. ഗ്രൂപ്പിന് മുകളിലാണ് പാര്‍ട്ടിയെന്ന് വിശ്വിസിക്കുന്നെന്നും കോണ്‍ഗ്രസിന്റെ അണികള്‍ തീരുമാനം സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കും. എന്നില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും എല്ലാ നേതാക്കളെയും ഒന്നിച്ചുകൊണ്ടു പോകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തിലയും ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്റെ കാര്യത്തില്‍ അഭിപ്രായം പറയില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ നേതൃത്വം നല്‍കുന്ന എ, ഐ ഗ്രൂപ്പുകള്‍ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതില്‍ താല്‍പര്യമില്ലാത്തവരുമായിരുന്നു. മുല്ലപ്പള്ളിയും അധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തില്‍ നിശബ്ദത തുടരുന്നതിനിടെയാണ് ഹൈക്കമാന്‍ഡ് നിര്‍ണായ തീരുമാനം കൈകൊണ്ടത്.
ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ മുതിര്‍ന്ന നേതാക്കളെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതാകുമോ സുധാകരന്റെ നടപടിയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ഇതിനിടയില്‍ സുരേന്ദ്രന്റേത് സ്വയം പ്രഖ്യാപിത സ്ഥാനാരോഹണം പോലെയായി എന്ന വിമര്‍ശനവുമുണ്ട്. സുധാകരന് പരസ്യ പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലു ഈ സാഹചര്യത്തില്‍ ഇരുവിഭാഗങ്ങളും എത്രത്തോളം സുധാകരനുമായി സഹകരിക്കുമെന്ന ആശങ്കയും ഹൈക്കമാന്റിനുണ്ട്.