നടി രമ്യ സുരേഷിന്റെ പേരില്‍ നഗ്ന വീഡീയോ പ്രചരിക്കുന്നു. സംഭവത്തില്‍ ആലപ്പുഴ സൈബര്‍ സെല്ലിന് നടി പരാതി നല്‍കി. നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയുടെ നഗ്‌ന വിഡിയോ ആണ് രമ്യ സുരേഷിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍, നിഴല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രമ്യ.
രമ്യ സുരേഷിന്റെ വാക്കുകള്‍:
ഞാന്‍ രമ്യ സുരേഷ്. അത്യാവശ്യം കുറച്ച് സിനിമകള്‍ ചെയ്തു വരുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ഇടാന്‍ കാരണം ഞാന്‍ എന്നെപറ്റി തന്നെ കണ്ടൊരു വിഡിയോയുടെ അടിസ്ഥാനത്തിലാണ്. എന്നെ പരിചയമുള്ള ഒരാള്‍ ആണ് രാവിലെ ഈ വിഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വിഡിയോയും അയച്ചു തന്നു. എന്റെ ഫെയ്‌സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വിഡിയോസുമാണ് അതില്‍ ഉണ്ടായിരുന്നത്.
ആ കുട്ടിയുടെ ഫോട്ടോ കണ്ടാല്‍ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ആ വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. എന്തു ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല. കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടില്‍ തന്നെയുള്ള പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം തിരക്കി. ആലപ്പുഴ എസ്പി ഓഫിസില്‍ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാന്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒരു വകപോലും കഴിക്കാതെ അപ്പോള്‍ തന്നെ എസ്പി ഓഫിസില്‍ പോയി പരാതി കൊടുത്തു.
ഇതുപോലുള്ള അമ്പത്തിയാറാമത്തെ േകസ് ആയിരുന്നു അന്ന് എന്റേത്. േകസ് ഉടന്‍ ഫയല്‍ ചെയ്തു. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങള്‍ എടുത്തു. വേണ്ട നടപടികള്‍ ഉടനടി ചെയ്യുമെന്നും അവര്‍ അറിയിച്ചു. നമുക്ക് ധൈര്യവും സമാധാനവും നല്‍കുന്ന വാക്കുകളാണ് സൈബര്‍സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്.
പക്ഷേ, ഈ വിഡിയോ എത്രത്തോളം പേര്‍ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാര്‍ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവര്‍ക്കും ഇല്ലെ കുടുംബം. നമ്മുടേതല്ലാത്തൊരു വിഡിയോ എടുത്ത് സാമ്യം തോന്നിയതിന്റെ പേരില്‍ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം കൊണ്ടാണ്.
സത്യത്തില്‍ ഞാനിപ്പോള്‍ തകര്‍ന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂര്‍ണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നത്. അല്ലെങ്കില്‍ ഒരു ചെറിയ കാര്യത്തില്‍ വിഷമം വരുന്ന ആളാണ് ഞാന്‍. സിനിമയില്‍ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന എന്റെ വിഡിയോ വൈറലായപ്പോള്‍ തകര്‍ന്നുപോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച് ധൈര്യം തന്ന ഒരുപാട് പേരുണ്ട്. എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്.
ഈ വിഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകള്‍ വന്നു തുടങ്ങി. നിങ്ങളൊരു കാര്യം മനസിലാക്കണം, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല ഞാന്‍. എന്റെ ജീവിതാവസാനം വരെ സിനിമയില്‍ നിന്നോളാമെന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.
സിനിമ ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ എനിക്കില്ല. സിനിമയില്‍ നിന്നും കിട്ടുന്നതുകൊണ്ടല്ല ഞാന്‍ ജീവിക്കുന്നതും. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ള വ്യക്തി അല്ല ഞാന്‍. അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയയ്ക്കും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവര്‍ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേകണ്ണിലൂടെ കാണാന്‍ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.
കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല. ആ വിഡിയോ കണ്ടാല്‍ അത് ഞാനല്ലെന്ന് ആരും പറയില്ല. ആ ഫോട്ടോയില്‍ കാണുന്നത് ഞാനാണ്. പക്ഷേ ആ വിഡിയോയിലെ കുട്ടിയുമായുള്ള സാമ്യമാണ് വിനയായത്. പൊലീസുകാര്‍ പോലും അത് തന്നെയാണ് പറഞ്ഞത്. ഇത് ചെയ്ത വ്യക്തിക്ക് അറിയാം അത് ഞാനല്ലെന്ന്. പക്ഷേ കണ്ടു കഴിഞ്ഞാല്‍ ആരും ഒന്ന് മറിച്ച് ചിന്തിക്കില്ല. ഞാന്‍ എന്റെ അമ്മയെ കാണിച്ചപ്പോള്‍ അമ്മ തന്നെ ഞെട്ടിപ്പോയി.
എന്നെ വിശ്വസിക്കുന്ന എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ അറിയാന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയും പറഞ്ഞത്. അന്വേഷണം നടക്കുന്നുണ്ട്. കേസ് തെളിയും എന്നു തന്നെയാണ് വിശ്വാസം. ദയവായി ഇനിയും എന്റെ പേരില്‍ ഇത് പ്രചരിക്കരുത്. അത്രയും തകര്‍ന്നൊരു മനസുമായാണ് ഞാന്‍ നില്‍ക്കുന്നത്.’രമ്യ സുരേഷ് പറഞ്ഞു.