നടി മിയ ജോര്‍ജിന് ആണ്‍കുഞ്ഞ് പിറന്നു. അമ്മയായ സന്തോഷം മിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. മകന്റെ ചിത്രവും പേരും പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ലൂക്ക ജോസഫ് ഫിലിപ് എന്നാണ് മകന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരും എത്തി.
2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മിയ. തുടര്‍ന്നും അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്നങ്ങളില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. 2020ലെ ലോക്ക്ഡൗണിനിടെയായിരുന്നു മിയയുടെ വിവാഹം.
കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം 2020ലെ ലോക്ക്ഡൌണിനിടെ ജൂണ്‍ മാസത്തിലായിരുന്നു. വിവാഹം സെപ്റ്റംബറിലായിരുന്നു. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിന്‍. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.
കണ്‍സ്ട്രഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസന്‍സ് ആണ് മിയയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ. 2015ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മിയ മാറി.
റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, അല്‍മല്ലു, തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.