തെക്കന്‍ യുഎസ് മേഖലയിലെ പ്രദേശങ്ങളില്‍ റെസ്പിറേറ്ററി സിന്‍സിഷല്‍ വൈറസ് (ആര്‍.എസ്.വി) മുന്‍പില്ലാത്തവിധം കരുത്താര്‍ജിക്കുന്നെന്ന് യുഎസ് സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോളിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളും നടപടികളും കുറച്ചതിനു ശേഷമാണു പൊടുന്നനെയുണ്ടായ ഈ കുതിച്ചുചാട്ടം.
സാധാരണ ഗതിയില്‍ ആളുകളില്‍ പനിയും ജലദോഷവുമുണ്ടാക്കി പോകുന്ന വൈറസ് രോഗങ്ങളുള്ള വയോധികരിലും, കുട്ടികളിലും ശിശുക്കളിലും കടുക്കാന്‍ സാധ്യതയുണ്ട്. ശ്വാസകോശ ഇന്‍ഫെക്ഷനായ ബ്രോങ്കിയോലൈറ്റിസ്, ന്യുമോണിയ എന്നിവ ഇവരില്‍ വൈറസ് ഉണ്ടാക്കാറുണ്ട്. യുഎസില്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളിലെ ന്യുമോണിയയ്ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് ഈ വൈറസാണെന്നാണു മെഡിക്കല്‍ ഗവേഷകര്‍ പറയുന്നത്.
പ്രതിവര്‍ഷം ശരാശരി 500 കുട്ടികളുടെയും 14000 വയോധികരുടെയും മരണത്തിന് ആര്‍എസ്വി കാരണമാകാറുണ്ട്. ആര്‍എസ്വി യുഎസില്‍ മുന്‍പേ തന്നെയുള്ള വൈറസാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്തു നടപ്പില്‍ വരുത്തിയതോടെ ഇതിന്റെ തോത് വന്‍രീതിയില്‍ കുറഞ്ഞതു ശ്രദ്ധേയമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ യുഎസിലെ കാരലീന, ഫ്ളോറിഡ, ടെക്സസ് മേഖലകളില്‍ വൈറസ് കരുത്താര്‍ജിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. മുന്‍പുള്ള തോതുകളെ അപേക്ഷിച്ച് അധികമാണ് ഇത്തവണത്തെ കേസുകള്‍.
എന്നാല്‍ യുഎസില്‍ മാത്രമല്ല, ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ഈ വൈറസ് ബാധ ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ കലശലാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഈ വൈറസ് ബാധ 85 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യ രണ്ടു മാസങ്ങളില്‍ തന്നെ 6000 കേസുകള്‍ ഇരുരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് കാലത്തു കുറഞ്ഞിരുന്ന മറ്റ് വൈറസുകളുടെ ആക്രമണങ്ങള്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ ശേഷം പെരുകുന്നതിന്റെ ഉദാഹരണമായിട്ടാണ് നിരീക്ഷകരും വിദഗ്ധരും ഇതിനെ വിലയിരുത്തുന്നത്.
ചുമയിലും തുമ്മലിലും കൂടി തെറിക്കുന്ന ദ്രാവകത്തുള്ളികള്‍, ഇവ വീണ പ്രതലങ്ങളുമായുള്ള സ്പര്‍ശം എന്നിവ വഴിയാണ് ആര്‍എസ്വി പ്രധാനമായും പകരുന്നത്. ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, തലവേദന, ക്ഷീണം, കടുത്ത പനി എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇന്ത്യയിലും ആര്‍എസ്വി വൈറസ് ബാധ ഉടലെടുക്കാറുണ്ട്. വടക്കേഇന്ത്യയില്‍ ശരത്കാലത്താണ് ഇതു കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.