കോവിഡ് പ്രതിസന്ധി മൂലം സിനിമാ ചിത്രീകരണങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലെ ഐടി പാര്‍ക്കില്‍ തുടങ്ങി. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, കല്യാണി പ്രിയദര്‍ശന്‍, സുപ്രിയ മേനോന്‍ അടക്കമുള്ളവര്‍ ചിത്രീകരണ സ്ഥലത്ത് ഉണ്ട്. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണിത്.
രാവിലെ ഏഴരയ്ക്ക് ചിത്രീകരണം ആരംഭിച്ചു. ജൂലൈ 20ന് മോഹന്‍ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. നിലവില്‍ 52 ദിവസത്തെ ഷൂട്ടിങ് ആണ് തെലങ്കാനയില്‍ നടക്കുക. കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ തെലങ്കാനയിലേക്ക് മാറ്റിയത്.
അതേസമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ട്വെല്‍ത്ത് മാന്‍ സിനിമയുടെ ചിത്രീകരണവും അന്യസംസ്ഥാനത്തേയ്ക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും എടുക്കാത്ത സാഹചര്യത്തിലാണ് ഏഴോളം സിനിമകളുടെ ചിത്രീകരണം അന്യ സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
കനത്ത നഷ്ടം സഹിച്ചാണ് ലൊക്കേഷന്‍ അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. മാത്രമല്ല സിനിമയുടെ അടിസ്ഥാന വര്‍ഗ തൊഴിലാളികള്‍ക്കും ഇത് മൂലം തൊഴില്‍ നഷ്ടമാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു.