മലേഷ്യയില്‍ ജനിച്ച് 1970കളിലും 80കളിലും മലയാള സിനിമയില്‍ സജീവമായി മാറിയ ജലജ വീണ്ടും സജീവമാകുന്നു. “യവനിക’, “ഉള്‍ക്കടല്‍’, “പടയോട്ടം’, “ശാലിനി എന്റെ കൂട്ടുകാരി’ തുടങ്ങി ഉള്‍ക്കനമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ 15 വര്‍ഷം തിരക്കാഴ്ചയില്‍ നിറഞ്ഞുനിന്നു. വിവാഹത്തോടെ പെട്ടെന്ന് സ്ക്രീനില്‍നിന്ന് അപ്രത്യക്ഷയായി തുടര്‍ന്ന് ഗള്‍ഫില്‍ പ്രവാസജീവിതം.
26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മണ്ണിലേക്കും സ്ക്രീനിലേക്കും ജലജ മടങ്ങിയെത്തിയിരിക്കുന്നു; “മാലിക്’ എന്ന ചിത്രത്തിലൂടെ.. ജലജയുടെ മകള്‍ ദേവിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അമ്മയുടെ യൗവനകാലം അവതരിപ്പിച്ചുകൊണ്ട് അമ്മയ്‌ക്കൊപ്പം തന്നെ ആദ്യ സിനിമ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദേവി.
ഇടവേളയ്ക്കു ശേഷമുള്ള ആദ്യചിത്രം റിലീസായപ്പോള്‍ കേരളത്തിലേക്കു ജീവിതവും ജലജ പറിച്ചുനട്ടു. തിരുവനന്തപുരത്താണ് പുതിയ താമസം.
എം.പി. സുകുമാരന്‍ നായരുടെ “അപരാഹ്നം’ ആണ് ഞാന്‍ അവസാനം ചെയ്ത ചിത്രം. വിവാഹം കഴിഞ്ഞ് ബഹ്റൈനിലേക്കു പോയി. അവിടെവച്ചാണ് മകള്‍ ജനിക്കുന്നത്. വീട്ടുജോലികളും ഉത്തരവാദിത്തങ്ങളുമൊക്കെയായി തിരക്കിലായി ഞാന്‍.
സ്ത്രീകളുടെ ഒരു രാജ്യാന്തര കൂട്ടായ്മയുടെ ഭാഗമായിരുന്നു ഞാന്‍. ഡച്ച്, ഫ്രഞ്ച് തുടങ്ങി പല രാജ്യക്കാരായ സ്ത്രീകളുടെ പാചകം, ജീവിതരീതി എന്നിവയൊക്കെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
മകള്‍ ബഹ്‌റൈനില്‍ ബ്രിട്ടിഷ് സ്കൂളിലാണ് പഠിച്ചത്. പിന്നീട് ബിരുദപഠനത്തിനായി യുഎസിലേക്കു പോയി. അതുകഴിഞ്ഞു മടങ്ങിവന്നപ്പോഴാണ് സിനിമയാണ് തന്റെ പാഷന്‍ എന്ന് അവള്‍ പറഞ്ഞത്. ഞാനും അവളുടെ അച്ഛനും അതിന് എതിരുനിന്നില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്കു സിനിമയില്‍ അഭിനയിക്കണം എന്ന് അച്ഛനോട് ഉറപ്പിച്ചുപറഞ്ഞ എന്നെത്തന്നെയാണ് ഞാന്‍ അവളില്‍ കണ്ടത്. അവള്‍ക്കുവേണ്ടി ഞങ്ങള്‍ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു തിരിച്ചെത്തി, തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്യുകയായിരുന്നു.