ബെയ്ജിങ്: ബലാത്സംഗ പരാതിയില്‍ ചൈനീസ്-കനേഡിയന്‍ പോപ് താരം ക്രിസ് വു അറസ്റ്റിലായതായി ബെയ്ജിങ് പൊലീസ് പറഞ്ഞു. 19 വയസുകാരിയായ വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ആഴ്ച തന്‍റെ 17ാം വയസില്‍ ക്രിസ് വു ബലാത്സംഗം ചെയ്തതായി ആരോപിച്ചത്.
ഇതോടെ ഗായകനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. താരം അംബാസിഡറായ ആഡംബര ബ്രാന്‍ഡുകളും വിഷയത്തില്‍ താരത്തിനെതിരെ തിരിഞ്ഞിരുന്നു.
2018ല്‍ ആരംഭിച്ച ചൈനയിലെ ‘മീടു’ മൂവ്‌മെന്‍റിന്‍റെ ഭാഗമായിട്ടാണ് ക്രിസ് വുവിന്‍റെ ഭാഗത്ത് നിന്നുണ്ടായ ലൈംഗിക പീഡനത്തെ കുറിച്ച് പെണ്‍കുട്ടി തുറന്നുപറച്ചില്‍ നടത്തിയത്.
കെ-പോപ് ബാന്‍ഡായ എക്‌സോയിലൂടെ പ്രശസ്തനായ ക്രിസ് പിന്നീട് സ്വതന്ത്ര ഗായകനായി മാറുകയായിരുന്നു. അഭിനയം, മോഡലിങ്, വിവിധ ഷോകളിലെ ജഡ്ജ് എന്നീ നിലകളിലും പില്‍ക്കാലത്ത് തിളങ്ങി.
പെണ്‍കുട്ടി ക്രിസിനെതിരെ ആരോപണം ഉന്നയിച്ചതോടെ നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളും തുറന്നു പറഞ്ഞിരുന്നു. ഇതോടെ ലോറിയല്‍ മെന്‍, പോര്‍ഷെ, ലൂയിസ് വ്യൂട്ടന്‍, ബുള്‍ഗരി തുടങ്ങിയ ബ്രാന്‍ഡുകള്‍ ക്രിസുമായുണ്ടായിരുന്ന കരാറുകള്‍ റദ്ദാക്കി.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച താരം പരാതിപ്പെട്ട പെണ്‍കുട്ടിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തതിരിക്കുകയാണ്.