ചെന്നൈ: ദലിതുകള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ നടിയും മോഡലും യൂട്യൂബറുമായ മീരമിഥുനെ ആഗസ്റ്റ് 27 വരെ കോടതി റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ചയാണ് ആലപ്പുഴയിലെ സ്വകാര്യ നക്ഷത്ര റിസോര്‍ട്ടില്‍ സുഹൃത്ത് അഭിഷേകിനൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന മീരമിഥുനെ ചെന്നൈ സിറ്റി പൊലീസ് പിടികൂടിയത്. ഈ സമയത്ത് മീരമിഥുന്‍ പൊലീസുകാരുമായി കടുത്ത വാഗ്വാദത്തിലേര്‍പ്പെട്ടു.
മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ച് കരഞ്ഞ് നിലവിളിച്ച് വിഡിയോ അപ്‌ലോഡ് ചെയ്തു. ഇതു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് പൊലീസ് നിര്‍ബന്ധപൂര്‍വം മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയായിരുന്നു. ബലംപ്രയോഗിച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.
ഞായറാഴ്ച രാവിലെ ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലെത്തിച്ചു. ഈ സമയത്ത് പൊലീസുകാര്‍ തന്‍െറ കൈ ഒടിക്കാന്‍ ശ്രമിച്ചതായും ഭക്ഷണം നല്‍കിയില്ലെന്നും മറ്റും വിളിച്ചു പറഞ്ഞു.
ചോദ്യംചെയ്യലുമായി സഹകരിക്കാതിരുന്ന മീരമിഥുന്‍ തന്‍െറ അഭിഭാഷകനെത്തിയാല്‍ മാത്രമെ സംസാരിക്കൂവെന്ന് ശാഠ്യംപിടിച്ചു.
ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരായിരിക്കും പ്രതികളെന്നും തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെ ബഹിഷ്ക്കരിക്കണമെന്നും ആഗസ്റ്റ് ഏഴിന് അപ്‌ലോഡ് ചെയ്ത വിഡിയോയില്‍ മീര മിഥുന്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ് വണ്ണിയരസു നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മീരമിഥുനെതിരെ മറ്റു കേസുകളുമുണ്ട്.