ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു വീരന്‍ സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളിയും മലയാളിയുമായ നടി ലീന മരിയ പോളിനെ (33) ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപ തട്ടിച്ചുവെന്നു ചൂണ്ടിക്കാട്ടി ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങിന്റെ ഭാര്യ അദിതി സിങ് നല്‍കിയ പരാതിയിലാണു ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗം ലീനയെ അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ നേരത്തേ അറസ്റ്റിലായ സുകാഷിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി 16 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. 2 ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 7 പേരും അറസ്റ്റിലായിട്ടുണ്ട്. സുകാഷിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിച്ചെടുത്ത പണം ലീനയാണു കൈകാര്യം ചെയ്തിരുന്നതെന്നാണു സൂചന. മക്കോക്ക നിയമപ്രകാരമാണ് ലീനയുടെ അറസ്റ്റ്. ലീനയുടെ ചെന്നൈയിലെ വീട്ടില്‍ ഏതാനും ദിവസം മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
സാമ്പത്തിക തട്ടിപ്പുകേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ശിവിന്ദര്‍ സിങ്, സഹോദരന്‍ മല്‍വിന്ദര്‍ സിങ് എന്നിവരുടെ ഭാര്യമാര്‍ ഓഗസ്റ്റ് 30നാണു തട്ടിപ്പു സംബന്ധിച്ച പരാതി ഡല്‍ഹി പൊലീസിനു നല്‍കിയത്. നിയമ സെക്രട്ടറിയെന്ന വ്യാജേനയെത്തിയയാള്‍ ഭര്‍ത്താക്കന്‍മാരെ രക്ഷപെടുത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിച്ചുവെന്നാണ് അദിതി സിങിന്റെയും മല്‍വീന്ദറിന്റെ ഭാര്യ ജപ്ന സിങിന്റെയും പരാതി.
മൊബൈല്‍ ഫോണ്‍ വഴി സുകാഷാണു തട്ടിപ്പു സംഘത്തെ നയിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തി. പിന്നീട് സുകാഷിനെ രോഹിണി ജയിലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൂട്ടാളി പ്രദീപ്, ദീപക്, ഡപ്യൂട്ടി ജയില്‍ സൂപ്രണ്ട് സുഭാഷ് ബത്ര, അസി. ജയില്‍ സൂപ്രണ്ട് ധരംസിങ് മീണ, കൊണാട്ട് പ്ലേസിലെ ആര്‍ബിഎല്‍ ഓഫിസ് മാനേജര്‍ കോമള്‍ പൊഡാര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖര്‍ ഇത്ര വലിയ തട്ടിപ്പ് എങ്ങനെ നടത്തിയെന്നാണു ഡല്‍ഹി പൊലീസ് പരിശോധിക്കുന്നത്. ജൂണ്‍ 15നാണു നിയമ സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയയാളുടെ ഫോണ്‍ സന്ദേശം തനിക്കു ലഭിച്ചതെന്നു അദിതി സിങ് പറയുന്നു. ലാന്‍ഡ് ഫോണില്‍ നിന്നാണ് ലോ സെക്രട്ടറി എന്നു പരിചയപ്പെടുത്തിയയാള്‍ വിളിച്ചത്.
മല്‍വിന്ദറിന്റെ ഭാര്യ ജപ്ന സിങ് 3.5 കോടി രൂപയാണു ജൂലൈ 28, 29, 30, ഓഗസ്റ്റ് 6 തീയതികളിലായി ഇവര്‍ക്കു കൈമാറിയത്. സുകാഷിന്റെ പങ്കാളിയായ ലീനയുടെ ചെന്നൈയിലെ വീട്ടില്‍ ഏതാനും ദിവസം മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് 200 കോടി തട്ടിപ്പിലും ലീനയ്ക്കു പങ്കുണ്ടെന്നു കണ്ടെത്തിയത്.