Wednesday, July 17, 2024

HomeCinemaപകരം വയ്ക്കാനില്ലാത്ത മലയാള സിനിമയുടെ നടന സൗഭാഗ്യത്തിന് എഴുപതഴക്‌

പകരം വയ്ക്കാനില്ലാത്ത മലയാള സിനിമയുടെ നടന സൗഭാഗ്യത്തിന് എഴുപതഴക്‌

spot_img
spot_img

സിനിമ തന്നെ ജീവിതമാകുമ്പോള്‍ പ്രായത്തിന് പോലും പ്രായമാകുന്നില്ല. എന്നും യൗവ്വനമാണ്, മലയാള സിനിമയുടെ രാജകുമാരന്…മുഹമ്മദ് കുട്ടിയായി വന്ന് മമ്മൂട്ടിയായി മാറി, മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 7) എഴുപത് വയസ്.

സിനിമയില്‍ ശരിക്കുമൊരു ഇതിഹാസ ജീവിതം. പറഞ്ഞാല്‍ തീരാത്ത കഥകള്‍, അഭിനയിക്കാനായി ജനിച്ച മനുഷ്യന്‍… മമ്മൂക്ക അഭ്രപാളിയില്‍ നിറയുമ്പോള്‍ സിനിമയും ജീവിതവും അതിര്‍വരമ്പ് നഷ്ടമായ കഥകള്‍ മാത്രമാണ്. ജീവിതത്തില്‍ എഴുപത് വര്‍ഷം പിന്നിടുമ്പോള്‍ അതില്‍ അന്‍പത് വര്‍ഷവും കാമറയ്ക്ക് മുന്നില്‍.

സിനിമയിലെ വെള്ളിവെളിച്ചം സ്വപ്‌നം കണ്ട് മഹാരാജാസ് കോളജില്‍ നിന്നും കാമറക്കണ്ണുകള്‍ തേടിയിറങ്ങിയ യാത്ര… അനുഭവങ്ങളും അതിലെ പാളിച്ചകളും വിജയത്തിനുള്ള മറുമരുന്നാക്കി ആവനാഴിയില്‍ നിന്നും ഭാവാനിഭയത്തിന്റെ അമ്പുകള്‍ തൊടുത്തുവിട്ട ഇതിഹാസപുരുഷന്‍.

മെഗാസ്റ്റാറെന്നും അഭിനയകുലപതിയെന്നും സിനിമയുടെ സുല്‍ത്താനെന്നും വിശേഷണങ്ങള്‍ നിരവധി ചാര്‍ത്തുമ്പോഴും 400ലധികം ചിത്രങ്ങള്‍ കടന്നും സഞ്ചരിക്കുകയാണ് ഇനിയും അഭിനയിച്ചു തീരാത്ത കഥാപാത്രങ്ങള്‍ക്കായി. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒരു തുടക്കക്കാരന്റെ കൗതുകത്തോടെ ഓരോ കഥാപാത്രത്തെയും സ്വീകരിക്കുന്ന മമ്മൂട്ടിയെന്ന അഭിനേതാവ് ശരിക്കും ഒരു പാഠപുസ്തകമാണ്.

ശരീരഭാഷയില്‍, ഇമയനക്കങ്ങളില്‍, ഇരുത്തത്തിലും നടത്തത്തിലും, സംഭാഷണത്തിന്റെ വേഗത്തിലും ഊര്‍ജ്ജ്വത്തിലും… അങ്ങനെയങ്ങനെ വൈവിധ്യങ്ങളുടെ പകര്‍ന്നാട്ടമാണ് മമ്മൂട്ടിയെന്ന വിശ്വപുരുഷന്‍. അഭിനയത്തില്‍ തനിയാവര്‍ത്തനമില്ലാതെ അത്ഭുതം സൃഷ്ടിക്കുന്ന കുലപതി.

മഹാനടന്‍ സത്യന്റെ കാല്‍ തൊട്ട് വന്ദിച്ച് അദ്ദേഹത്തിന്റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. പേരോ സംഭാഷണമോ ഇല്ലാത്ത വെറും രണ്ട് ഷോട്ടുകളില്‍ മുഖം കാണിച്ച് കടന്നുപോയ ആ പൊടിമീശക്കാരന്‍, പിന്നീട് സിനിമ ചരിത്രത്തിന്റെ സുപ്രധാന ഏടായി മാറുമെന്ന് അന്ന് കാലം രഹസ്യമായി കുറിച്ചിട്ടു.

കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനയമോഹത്തെ പടുത്തുയര്‍ത്തി, യാഥാര്‍ഥ്യത്തിന്റെ പടവുകളേറുമ്പോള്‍ മമ്മൂട്ടി എന്ന പേര് ദേശവും ഭാഷയും കടന്ന് ഇന്ത്യന്‍ സിനിമയിലേക്ക് പടര്‍ന്നുകയറി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിന് ശേഷം കാലചക്രത്തിലും ദേവലോകത്തിലും മുഖം കാണിച്ച് നടനാവാനുള്ള തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പാഞ്ഞു.

മരണക്കിണറിലെ ബൈക്ക് അഭ്യാസിയായി മേളയിലേക്കെത്തുമ്പോള്‍ അത് നിസ്സാരമായ ഒരു വരവല്ലെന്ന് സംവിധായകന്‍ കെ.ജി ജോര്‍ജ് അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നു. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, യവനിക, തൃഷ്ണ, കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ പുതിയ മുഖമായി താരം വളര്‍ന്നപ്പോള്‍, അത് അക്ഷരാര്‍ഥത്തില്‍ ശരിയായി.

നായകനായി ചുവടുറപ്പിക്കുമ്പോഴും വിധേയനിലെ പ്രതിനായകനായും അനന്തരത്തിലെ സഹതാരമായും അയാള്‍ സിനിമയോടുള്ള അടങ്ങാത്ത പ്രണയം വെളിപ്പെടുത്തുകയായിരുന്നു. മമ്മൂട്ടിയെ താരമൂല്യത്തിലേക്ക് എത്തിച്ച ആദ്യ ചിത്രം യവനികയാണ്. പിന്നാലെ, ഭാഷാന്തരമില്ലാതെ പ്രേക്ഷകര്‍ ഏറ്റെടുത്ത ന്യൂഡല്‍ഹി പിറന്നു.

മമ്മൂട്ടിയുടെ കരിയര്‍ അവസാനിച്ചുവെന്ന് വിധിയെഴുതിയവരെ തിരുത്തിക്കുറിച്ച ജോഷിയുടെ ന്യൂഡല്‍ഹി ബോക്‌സ് ഓഫീസില്‍ വമ്പന്‍ ചരിത്രം പടുത്തുയര്‍ത്തി. റഫ് ആന്‍ഡ് ടഫ് നായകനായും ആക്ഷന്‍ ഹീറോയായും നിഷ്‌കളങ്കനായ നാട്ടിന്‍പുറത്തുകാരനായും പ്രാരാബ്ധങ്ങളുടെ ഗൃഹനാഥനായും അയല്‍വീട്ടിലെ കുസൃതി നിറഞ്ഞ യുവാവായും മലയാളസിനിമയുടെ വളര്‍ച്ചയുടെ ആക്കം കൂട്ടി എഴുപതുകളില്‍ നിന്നും രണ്ടായിരത്തിലേക്ക് മമ്മൂട്ടി യാത്ര തുടര്‍ന്നു.

ഇന്‍സ്‌പെക്ടര്‍ ബല്‍റാം മുതല്‍ മണികണ്ഠന്‍ സി.പി വരെയുള്ള പൊലീസ് വേഷങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിലെ കാക്കിവേഷങ്ങളുടെ അവസാനവാക്കായി മാറി. തനിയാവര്‍ത്തനവും പാഥേയവും ഒരു വടക്കന്‍ വീരഗാഥയുമെല്ലാം അമരവും ജനകീയ ക്ലാസിക് കള്‍ട്ടായി. കേസിന് തുമ്പുണ്ടാവണമെങ്കില്‍ സി.ബി.ഐ വരണമെന്ന് മലയാളി പറഞ്ഞുതുടങ്ങിയത് മമ്മൂട്ടിയുടെ സി.ബി.ഐ സിനിമകളിലൂടെയാണ്.

ഇനി വീണ്ടും സി.ബി.ഐക്ക് ഒരു അഞ്ചാം പതിപ്പൊരുങ്ങുമ്പോഴും റിട്ടേര്‍ഡ് ഉദ്യോഗസ്ഥനായല്ല, നായകനായുള്ള പരിവേഷത്തില്‍ നിത്യയൗവ്വനത്തോടെ മമ്മൂട്ടി കടന്നുവരുന്നതിനായി കാത്തിരിക്കുകയാണ് ഓരോ സിനിമാപ്രേമിയും. പുത്തൂരം തറവാട്ടിലെ ആരോമല്‍ ചേകവര്‍ വരെ വടക്കന്‍പാട്ടുകളിലെ നായകനായി കണ്ട മലയാളം, മമ്മൂട്ടിയുടെ ചന്തുവിനെ ഉള്ളറിഞ്ഞ് മനസിലാക്കി നായകനായി പുനഃപ്രതിഷ്ഠ നടത്തി.

കോട്ടയം കുഞ്ഞച്ചന്‍, നായര്‍സാബ്, ഉത്തരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കാതോട് കാതോരം, വല്യേട്ടന്‍, ക്രോണിക് ബാച്ച്‌ലര്‍, വാത്സല്യം, ദുബായ്, കാഴ്ച, രാജമാണിക്യം, കറുത്ത പക്ഷികള്‍, തുറുപ്പു ഗുലാന്‍, മായാവി, ബിഗ് ബി, ഒരേ കടല്‍, അണ്ണന്‍ തമ്പി സൂര്യമാനസം, സാഗരം സാക്ഷി, മഴയെത്തും മുമ്പേ, സാമ്രാജ്യം, പാലേരി മാണിക്യം, കുട്ടി സ്രാങ്ക്, പോക്കിരി രാജാ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പഴശ്ശിരാജ, ബെസ്റ്റ് ആക്ടര്‍, ബിഗ് ബി തുടങ്ങി അഭിനയത്തിന്റെ മഹാപ്രഭാവം കേരളത്തില്‍ നിറഞ്ഞൊഴുകിയ നാല് ദശകങ്ങള്‍.

ദളപതി, ബാബാ അംബേദ്കര്‍, പേരന്‍പ്, യാത്ര സിനിമകളിലൂടെ ഇന്ത്യന്‍ സിനിമ അനുഭവിച്ചറിഞ്ഞ നടനവിസ്മയം. തീക്ഷ്ണമായ നോട്ടം, ഗര്‍ജനം പോലെ മൂര്‍ച്ചയുള്ള ശബ്ദം, സ്വരത്തില്‍ ആരോഹണ അവരോഹണക്രമീകരണത്തിലൂടെ മാസും റൊമാന്‍സും പകര്‍ന്നാടുന്ന നാട്യം. നടനാവുക എന്നത് അയാളുടെ ദൃഢനിശ്ചയമായിരുന്നു.

എഴുപതിന്റെ നിറവിലും പതിനേഴുകാരന്റെ ചുറുചുറുക്കാണ് മമ്മൂട്ടിക്ക്. വര്‍ക്ക് ഔട്ടിലൂടെയും ചിട്ടയായ ജീവിതശൈലിയിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മുഹമ്മദ് കുട്ടി ഇസ്മായില്‍ പനിപ്പറമ്പില്‍ എന്ന മമ്മൂട്ടി.

വീണിടത്ത് നിന്ന് കുതിച്ചുപാഞ്ഞ ചരിത്രമാണ് അദ്ദേഹത്തിന്റേത്. അതിനാലാണ് അയാളെ തിരിച്ചുവരവുകളുടെ തമ്പുരാന്‍ എന്ന് വിശേഷിപ്പിക്കുന്നതും. ”മമ്മൂട്ടി ഇന്നും മത്സരിക്കുന്നത് പുതുമുഖങ്ങളോടാണ്. മലയാളസിനിമയില്‍ സര്‍വകാല പുതുമുഖമെന്ന് പറയാവുന്ന ഒരു മുഖമേ ഞാനിതുവരെ കണ്ടിട്ടുള്ളൂ. അത് മമ്മൂട്ടിയുടേതാണ്. ഇന്നും ശരീരം കൊണ്ടും മനസ് കൊണ്ടും മമ്മൂട്ടി പുതുമുഖമാണ്…” സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകള്‍.

അഞ്ച് ദശകങ്ങള്‍ കഴിഞ്ഞു… ജി.കെയെ കണ്ട് കൈയടിച്ചവരുടെ തൊട്ടുപിന്നാലെ വന്ന തലമുറ വല്യേട്ടനെ കണ്ട് ആര്‍പ്പ് വിളിച്ചതും, ബിലാലിന്റെ മാസ് സീനുകള്‍ ഇരുപതിലെ ചെറുപ്പത്തെ കോരിത്തരിപ്പിച്ചതും ഒരൊറ്റ മനുഷ്യനായാണ്… എന്നാല്‍, തിരശ്ശീലയ്ക്ക് മുന്നില്‍ അയാള്‍ പകര്‍ന്നാട്ടത്തിനപ്പുറം അവാച്യമായ ഒരു മാന്ത്രികനും. കാത്തിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക ഇനിയും അഭിനയിച്ചു തീരാത്ത കഥാപാത്രങ്ങള്‍ക്കായി.

അഭിനയിക്കാന്‍ ആഗ്രഹമല്ല, ആര്‍ത്തിയാണെന്ന് പറഞ്ഞതും അതേ മമ്മൂക്ക തന്നെ…

പ്രിയ താരത്തിന് നേര്‍കാഴ്ചയുടെ സപ്തതി ആശംസകള്‍…

ദീര്‍ഘായുഷ്മാന്‍ ഭവ…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments