ജയ്പുര്‍: രാജസ്ഥാനിലെ ഭരത്പുരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡോക്ടര്‍ ദമ്പതികളെ പട്ടാപ്പകല്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം വെടിവെച്ചുകൊന്നു. ഡോ. സുദീപ് ഗുപ്ത, ഭാര്യ ഡോ. സീമ ഗുപ്ത എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവരുടെ കാര്‍ തടഞ്ഞുനിര്‍ത്തുന്നതും പിന്നില്‍ ഇരുന്നയാള്‍ ഇറങ്ങി ഇരുവരെയും വെടിവെച്ചു കൊല്ലുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
ഭരത്പുര്‍ സര്‍ക്കുലര്‍ റോഡിലെ നീം ദര്‍വാസക്ക് അടുത്ത് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഡോ. സുദീപ് ആണ് കാര്‍ ഓടിച്ചിരുന്നത്. ബൈക്കിന് പിന്നില്‍ പിങ്ക് തുണി കൊണ്ട് മുഖം മറച്ചിരുന്നയാള്‍ കാറിനരികിലെത്തി ഉള്ളിലേക്ക് നോക്കി ഇരകളാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വെടിവെക്കുന്നത്. ആദ്യം ഡോ. സുദീപിന്‍റെ തലയ്ക്ക് വെടിവെച്ച ശേഷം മുന്‍സീറ്റില്‍ തന്നെയുണ്ടായിരുന്ന ഡോ. സീമയുടെ നേര്‍ക്ക് ഒന്നിലേറെ തവണ നിറയൊഴിക്കുകയായിരുന്നു. എന്നിട്ട് സംഭവസ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ അവിടെയുള്ളവരെ തോക്കുചൂണ്ടിയും വെടിവെച്ചും ഇവര്‍ ഭയപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. സുദീപിനെയും സീമയെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊലപാതക കാരണം വ്യക്തമല്ലെങ്കിലും രണ്ടുവര്‍ഷം മുമ്പ് ഡോ. സീമ ഉള്‍പ്പെട്ട ക്രൂരമായ കൊലപാതക കേസിന്‍റെ പ്രതികാരമാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭര്‍ത്താവ് ഡോ. സുദീപുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഒരു സ്ത്രീയേയും അവരുടെ ആറ് വയസ്സുള്ള മകനെയും തീവെച്ചുകൊന്ന കേസില്‍ പ്രതിയാണ് ഡോ. സീമ. സുദീപിന്‍റെ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റ് ആയിരുന്ന 25കാരിയായ ദീപ ഗുര്‍ജാറും അവരുടെ ആറുവയസ്സുള്ള മകന്‍ സൂര്യയുമാണ് 2019ല്‍ കൊല്ലപ്പെട്ടത്. സുദീപും വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്ന ദീപയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സീമ അവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് സുദീപ് ഒരു ബ്യൂട്ടിപാര്‍ലര്‍സ്പാ തുടങ്ങാനുള്ള സഹായങ്ങള്‍ ദീപക്ക് ചെയ്തുകൊടുത്തു. സീമ അറിയാതെ അവരുടെ ഉടമസ്ഥതയിലുള്ള ഒരു വീട്ടില്‍ ദീപയെയും മകനെയും താമസിപ്പിക്കുകയും ചെയ്തു.
ബ്യൂട്ടി പാര്‍ലറിന്‍റെ ഉദ്ഘാടന ക്ഷണക്കത്തില്‍ സുദീപിന്‍റെ പേരും കൂടി ദീപ ഉള്‍പ്പെടുത്തിയതോടെ ഇരുവരും ബന്ധം തുടരുകയാണെന്ന് അറിഞ്ഞ സീമ ഭര്‍തൃമാതാവുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.