ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയായ പെണ്‍കുട്ടി സുപ്രീം കോടതിയില്‍. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണം എന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.
വിവാഹത്തിന് വേണ്ടി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ഇരയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാനുളള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണ് എന്നാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരിക്കുന്നത്.
പെണ്‍കുട്ടിക്ക് ഒരു കുട്ടിയുമുണ്ട്. പെണ്‍കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതി ഈ വരുന്ന തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇരയുടെ ഹര്‍ജി പരിഗണിക്കുക.
അഭിഭാഷകനായ അലക്‌സ് ജോസഫ് ആണ് പെണ്‍കുട്ടിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതിയുമായുളള ലൈംഗിക ബന്ധം തന്റെ സമ്മത പ്രകാരമായിരുന്നു എന്നാണ് പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും കുട്ടിയെ സംരക്ഷിക്കാമെന്നും പ്രതി റോബിന്‍ വടക്കുംചേരിയും കോടതിയെ അറിയിച്ചു. എന്നാലിത് ഹൈക്കോടതി തളളി. ലൈംഗിക പീഡനക്കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഹൈക്കോടതി ഹര്‍ജി തള്ളിയതോടെയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2016ലാണ് കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടിക്ക് അന്ന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വിചാരണക്കോടതി കണ്ടെത്തി. കേസില്‍ അറുപത് വര്‍ഷത്തെ കഠിന തടവിന് ആണ് റോബിന്‍ കടക്കുംചേരിയെ തലശ്ശേരി പോക്‌സോ കോടതി ശിക്ഷിച്ചത്.