Friday, July 26, 2024

HomeNewsKeralaകോവിഡ് സഹായവുമായി സര്‍ക്കാര്‍; പ്രഖ്യാപിച്ചത് 5650 കോടിയുടെ പാക്കേജ്‌

കോവിഡ് സഹായവുമായി സര്‍ക്കാര്‍; പ്രഖ്യാപിച്ചത് 5650 കോടിയുടെ പാക്കേജ്‌

spot_img
spot_img

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍, എന്നിവരുള്‍പ്പെടെയുള്ളര്‍ക്ക് സഹായമാകാന്‍ സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. 5650 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്.

കേന്ദ്ര സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറുമാസത്തേക്ക് വഹിക്കും.

ആകെ 2,000 കോടി രൂപ വലിപ്പമുള്ള വായ്പാ പദ്ധതിക്കുള്ള പലിശയിളവാണിത്. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യാകും. ആഗസ്റ്റ് ഒന്നു മുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് ഈ പലിശയിളവ് ബാധകമാക്കാവുന്നതാണ്. അതിനോടൊപ്പം സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കും.

കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് അനിവാര്യമായി കൈക്കൊള്ളേണ്ടിവന്ന ലോക്ക്ഡൗണും മറ്റു നടപടികളും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍ തുടങ്ങിയവര്‍ പ്രത്യേകിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ധനമന്ത്രി പറഞ്ഞു.

വായ്പ പദ്ധതി പലിശയിളവ് 2000 കോടി, സ്‌പെഷ്യല്‍ കിറ്റ് 526 കോടി, വാടക ഒഴിവാക്കല്‍, കെട്ടിട നികുതി ഒഴിവാക്കല്‍, ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കല്‍ 274കോടി, കെ എഫ് സി 850 കോടി, കെഎസ് എഫ് ഇ300കോടി, പെന്‍ഷന്‍ 1700കോടി എന്നിങ്ങനെയാണ് ആകെ 5650 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്.

ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപന നിരക്ക് വിലയിരുത്തി ലഘൂകരിക്കുന്നുണ്ടെങ്കിലും ചെറുകിടക്കാര്‍ക്ക് സാമ്പത്തികാശ്വാസ നടപടികള്‍ എത്തിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടു ഘട്ടങ്ങളിലും സമാശ്വാസ പാക്കേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു.

ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യുകയും വായ്പകള്‍ക്ക് പലിശയിളവ് നല്‍കുകയും ചെയ്യുന്ന നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിച്ചിരുന്നു.

ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് (എം.എസ്.എം.ഇ) കെട്ടിടനികുതി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കുകയാണ്. ഈ സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ്ജും സര്‍ക്കാര്‍ വാടകയും ഒഴിവാക്കുന്നതാണ്.

കെ എസ് എഫ് ഇ

20.1.2021 മുതല്‍ മുടങ്ങിയ കെ എസ് എഫ് ഇ നല്‍കിയ എല്ലാ ലോണുകളുടെയും പിഴപലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കി നല്‍കും. ചിട്ടിയുടെ കുടിശ്ശികക്കാര്‍ക്ക് കാലാവധി അനുസരിച്ച് സെപ്തംബര്‍ 30 വരെയുള്ള അമ്പതു മുതല്‍ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കും. 20.1.2021 മുതല്‍ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാര്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കും.30.9.2021 വരെ ചിട്ടിപിടിച്ച ചിറ്റാളന്മാര്‍ക്ക് ഡിവിഡന്റ് നഷ്ടപ്പെടില്ല കൊവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന അഞ്ചു ശതമാനം നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന ലോണിന്റെ കാലാവധിയും 30.9.2021 വരെ നീട്ടി

കെ എഫ് സി

കൊവിഡ് പശ്ചാത്തലത്തില്‍ വ്യവസായ പുനരുജ്ജീവനതിനായി കെ എഫ് സി വഴി മൂന്നു പദ്ധതികള്‍ പ്രഖ്യാപിച്ചു. ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെയാണിത് .

1.ഒരു കോടി രൂപ വരെ കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന ‘സ്റ്റാര്‍ട്ടപ്പ് കേരള’ വായ്പാപദ്ധതി .ഇതിനായി കെഎഫ്‌സി 50 കോടി രൂപ മാറ്റി വയ്ക്കും.

  1. സംസ്ഥാനത്തെ വിവിധ വ്യവസായ എസ്‌റ്റേറ്റുകളിലെ സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയില്‍, 500 കോടി രൂപ മാറ്റി വയ്ക്കും.
  2. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയെ പുനരാവിഷ്‌കരിക്കും. ഒരു കോടി വരെ 5% പലിശയില്‍ വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷം 500 സംരംഭം എന്ന കണക്കില്‍, അടുത്ത അഞ്ച് വര്‍ഷം ഉണ്ട് 2500 പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് വായ്പ അനുവദിക്കും. 50 വയസ്സില്‍ താഴെയുള്ള യുവസംരംഭകര്‍ക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വര്‍ഷംതോറും 2000 പുതു സംരംഭകരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പരിശീലനം നല്‍കി അതില്‍ പ്രാപ്തരായ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക.

നിലവില്‍ ചെറുകിട വ്യവസായങ്ങള്‍, ആരോഗ്യപരിപാലനം, ടൂറിസം എന്നി മേഖലകളിലുള്ള യൂണിറ്റുകളെ സഹായിക്കുന്നതിനായി വിവിധ നടപടികള്‍ കെ എഫ് സി സ്വീകരിക്കുന്നുണ്ട്.

ഒരു വര്‍ഷത്തെ മൊറട്ടോറിയം , വായ്പകളുടെ പുനഃക്രമീകരണം , കെ എഫ് സി സംരംഭങ്ങള്‍ക്ക് 20% അധിക വായ്പ, കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യവസായങ്ങള്‍ക്കുള്ള സഹായം,പലിശയിളവ് എന്നിവയാണവ. കുറഞ്ഞ പലിശയുടെ ആനുകൂല്യം 2021 ജൂലൈ 1 മുതല്‍ എല്ലാ ഇടപാടുകാര്‍ക്കും ലഭ്യ മാക്കിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ വര്‍ഷം പോളിസി മാറ്റങ്ങളെ തുടര്‍ന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാര്‍ക്ക് തിരികെ നല്‍കും.

ഇതിനെല്ലാം പുറമെ രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ആഗസ്റ്റില്‍ ഒരുമിച്ച് നല്‍കുന്നത്. ഇതുവഴി 1700 കോടി രൂപ ജനങ്ങളുടെ കൈയില്‍ നേരിട്ട് എത്തുമെന്നും മന്ത്രിപറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments