പാലക്കാട്: വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതി എന്ന യുവതിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതായി പൊലീസ്. ശ്രുതിയെ ഭര്‍ത്താവ് ശ്രീജിത്ത് തീകൊളുത്തി കൊന്നതാണെന്നു പൊലീസ് പറയുന്നു. അവിഹിതബന്ധം ചോദ്യം ചെയ്തതിനാണു ശ്രുതിയെ തീ കൊളുത്തിയതെന്നു ശ്രീജിത്ത് മൊഴി നല്‍കി. ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് ശ്രുതിയെ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ശ്രുതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്നു വ്യക്തമായത്.
മക്കളുടെ മുന്നില്‍വച്ചാണു ശ്രുതിയെ ശ്രീജിത്ത് തീ കൊളുത്തിയതെന്നു പറഞ്ഞ പൊലീസ്, കുട്ടികളുടെ മൊഴി കേസില്‍ നിര്‍ണായകമായെന്നും വ്യക്തമാക്കി. 12 വര്‍ഷം മുന്‍പാണു ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്.
പൊള്ളലേറ്റു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ജൂണ്‍ 21നാണ് ശ്രുതി മരിച്ചത്. മകളുടെ മരണത്തില്‍ സംശയം ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തി.
ശ്രുതിക്കു പൊള്ളലേറ്റ വിവരം കുട്ടികളാണ് അയല്‍വീട്ടില്‍ അറിയിച്ചത്. ചോദ്യം ചെയ്യലില്‍ എല്ലാകാര്യവും ശ്രീജിത്ത് സമ്മതിച്ചതായും പൊലീസ് പറഞ്ഞു.