മുംബൈ: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. മുംബൈ ചെമ്പൂരില്‍ താമസിക്കുന്ന സുനില്‍ ജാംബുല്‍ക്കറി(33)നെ കൊലപ്പെടുത്തിയ കേസിലാണ് ഉഷ മാനെ(22) കരുണ മാനെ(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞദിവസം വാക്കുതര്‍ക്കമുണ്ടായി.
സുനില്‍ യുവതികളെ ചീത്തവിളിച്ചു. ഇതോടെ യുവതികള്‍ വടി കൊണ്ട് യുവാവിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവാവ് ബോധരഹിതനായതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവാവിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍നിന്നാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി മുംബൈ ആര്‍.സി.എഫ്. പോലീസ് അറിയിച്ചു.